സന്ദർശിച്ച റെസ്റ്റോറെന്റുകൾക്കും, ഹോട്ടലുകൾക്കും തുണിക്കടകൾക്കുമെല്ലാം നമ്മൾ ഗൂഗിളിൽ റേറ്റിംഗ് നൽകാറുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ റേറ്റിംഗ് നൽകി സോഷ്യൽ മീഡിയയെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ് ലോഗേശ്വർ എസ് എന്ന യുവാവ്. പൊലീസ് സ്റ്റേഷന് റിവ്യു നൽകിയ സംഭവം തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ.
ചെന്നൈയിലെ തിരുമുല്ലൈവോയൽ T10 പൊലീസ് സ്റ്റേഷനാണ് യുവാവ് 4 സ്റ്റാർ റേറ്റിംഗ് നൽകിയത്. ഇവിടെയുള്ള താമസം ഏറെ സുഖകരമായിരുന്നു എന്നും യുവാവ് റിവ്യുവിൽ പറയുന്നു. 'കൃത്യമായ രേഖകൾ ഇല്ലാതെ ബൈക്ക് ഓടിച്ചതിനാണ് അർധരാത്രി പൊലീസ് എന്നെ സ്റ്റേഷനിൽ എത്തിച്ചത്.
മെയിൻ റോഡിലാണ് സ്റ്റേഷൻ ഉള്ളത്. സ്റ്റേഷൻ പരിസരമെല്ലാം വളരെ വൃത്തിയുള്ളതാണ്. മാന്യമായ പെരുമാറ്റത്തോടെയാണ് ഉദ്യോഗസ്ഥർ എന്നെ സ്വീകരിച്ചത്. ഒരു തരത്തിലും അവർ എന്നെ ഉപദ്രവിച്ചില്ല. കൈക്കൂലി ഒന്നും വാങ്ങാതെയാണ് ഉദ്യോഗസ്ഥർ എന്നെ വിട്ടയച്ചത് യുവാവ് റിവ്യൂവിൽ കുറിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഈ സ്റ്റേഷൻ സഞ്ചരുക്കണം എന്ന യുവാവിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയത്.
റിവ്യൂ തരംഗമായി മാറിയതും മറ്റുള്ളവരും പൊലീസ് സ്റ്റേഷനുകൾക്ക് റേറ്റിംഗ് നൽകാൻ ആരംഭിച്ചു. 24 മണിക്കൂറിനുള്ളിൽ സമാനമായ നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ പൊലീസ് സ്റ്റേഷന്റെ റേറ്റിംഗ് 4.2 ലേക്ക് ഉയരുകയും ചെയ്തു.