'വാതിൽ തുറന്നതും അയാൾ കടന്നുപിടിച്ചു, ക്രൂരമായി പീഡിപ്പിച്ചു': നവാസുദ്ദീനെതിരെ മീടൂ ആരോപണവുമായി നിഹാരിക
'വാതിൽ തുറന്നതും അയാൾ കടന്നുപിടിച്ചു, ക്രൂരമായി പീഡിപ്പിച്ചു': നവാസുദ്ദീനെതിരെ മീടൂ ആരോപണവുമായി നിഹാരിക
Publish Date: Mon, 12 Nov 2018 (11:05 IST)
Updated Date: Mon, 12 Nov 2018 (13:21 IST)
ബോളിവുഡിലെ പ്രഗത്ഭനായ താരം നവാസുദ്ദീൻ സിദ്ദീഖിയ്‌ക്കെതിരെ വീണ്ടും മീടൂ. മാധ്യമപ്രവർത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ് പരമ്പരയിലൂടെ നടി നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തലുകളും പുറംലോകത്ത് എത്തിച്ചത്. നവാസുദ്ദീൻ സിദ്ദിഖി, സാജിദ് ഖാൻ, ടി സീരിസ് മേധാവി ഭൂഷൻ കുമാർ തുടങ്ങിയവരിൽ നിന്നുളള മോശപ്പെട്ട അനുഭവങ്ങളാണ് നിഹാരിക തുറന്നു പറഞ്ഞത്.
നിഹാരിക സിങ്ങുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചു സിദ്ദീഖിയുടെ തുറന്നു പറച്ചിൽ വൻ വിവാദമാണ് ഉണ്ടാക്കിയിരുന്നു. ആ വാദങ്ങളെല്ലാം നിഹാരിക തള്ളുകയും ചെയ്‌തിരുന്നു. 'നവാസുദ്ദിൻ സിദ്ദിഖിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ താരം അവകാശപ്പെടുന്നതു പോലെ അതൊന്നും കിടപ്പറയിൽ എത്തുന്ന ബന്ധമായിരുന്നില്ല. സിദ്ദിഖി ബലപ്രയോഗത്തിലൂടെയാണ് എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്.
2009 ൽ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നൊവാസ് എന്ന് വിളിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാൾ സന്ദേശമയച്ചിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാൻ വാതിൽ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാൾ ശ്രമിച്ചത്.
ഞാൻ നിസഹായയായിരുന്നു. അയാൾക്ക് കീഴടങ്ങാതെ എനിക്കു വഴികൾ ഇല്ലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അയാൾ എന്നെ കീഴ്പ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകളുമായി ഒരേ കാലയളവിൽ ലൈംഗിക ബന്ധം പുലർത്തുന്നയാളായിരുന്നു നവാസുദ്ദീൻ. ഓരോ സ്ത്രീകളെ വശീകരിക്കാൻ അയാൾ ഓരോ കഥകളുണ്ടാക്കി. ലൈംഗികമായി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം.
ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാൻ കൊതിക്കുന്നുവെന്ന് അയാൾ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാൾ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു. ഞാൻ ചിരിക്കുകയായിരുന്നു'- നിഹാരിക പറഞ്ഞു.