‘ബ്ലോഗേട്ടന്‍റെ അഭിനയം കണ്ട് ആന സ്വയം കൊമ്പൂരി നൽകി’; മോഹന്‍ലാലിന്‍റെ ബ്ലോഗെഴുത്തിനെ തേച്ചൊട്ടിച്ച് ട്രോളുകള്‍

വെള്ളി, 23 ഓഗസ്റ്റ് 2019 (10:35 IST)
പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരളം. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് സർക്കാരും. ഇതിനിടയിൽ സംസ്ഥാനത്തിന് ചില ഓര്‍മ്മപ്പെടുത്തലുകളുമായി നടൻ മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു. എന്നാൽ, താരത്തെ തേച്ചൊട്ടിച്ചിരിക്കുകയാണ് ട്രോളന്മാര്‍. 
 
സംസ്ഥാന സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായിട്ടായിരുന്നു മോഹന്‍ലാലിന്‍റെ കുറിപ്പ്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്ന സംശയം അദ്ദേഹം പങ്കുവെച്ചു. ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. 
 
ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതിയെന്നും വെയിൽ പരന്നതോടെ എല്ലാം മറന്ന് ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നുവെന്നും അദ്ദേഹം ബ്ലോഗിലെഴുതി. എന്നാൽ, ഇതിനെ വാരി വലിച്ചിട്ടലക്കിയിരിക്കുകയാണ് ട്രോളർമാർ. 
 
കേരളം ഉൾപ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിരവധി വീടുകളുള്ള, മുറ്റം മുഴുവന്‍ കരിങ്കല്ല് പാകിയ മോഹന്‍ലാല്‍ തന്നെ ഇതൊക്കെ പറയണമെന്നായിരുന്നു ട്രോളന്മാരുടെ പരാതി. ആനക്കൊമ്പ് കേസും ചിലർ ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏതായാലും ട്രോളർമാർക്ക് ചാകരയായിരിക്കുകയാണ്. വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'കശ്‌മീരിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട'; ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസ്