'യുവത്വം നമ്മുടെ നാടിന്റെ കാവലാളായി മാറിയ സന്ദർഭങ്ങൾ, നവകേരളത്തിനായി ഒരിക്കൽകൂടി നിങ്ങൾ അണിചേരണം': പിണറായി വിജയൻ
'യുവത്വം നമ്മുടെ നാടിന്റെ കാവലാളായി മാറിയ സന്ദർഭങ്ങൾ, നവകേരളത്തിനായി ഒരിക്കൽകൂടി നിങ്ങൾ അണിചേരണം': പിണറായി വിജയൻ
Publish Date: Tue, 11 Sep 2018 (12:40 IST)
Updated Date: Tue, 11 Sep 2018 (12:41 IST)
അതിജീവനത്തിന്റെ ദുരിതാശ്വാസഫണ്ട് ശേഖരണത്തിനായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫണ്ട് ശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക പേജിലൂടെയാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ക്യാംപസുകളിലെ യുവത്വം ഒരിക്കൽ കൂടി കൈകോർക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
'നമ്മൾ അതിജീവിക്കും'. പ്രളയകാലത്ത് കേരളം ഒന്നടങ്കം ഏറ്റുപറഞ്ഞ വാചകമാണിത്. അതിജീവനത്തിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ യുവത്വം ഈ വാചകം ഉയർത്തിക്കൊണ്ടിരുന്നു. ക്യാമ്പസുകളിലെ യുവത്വം ഒരിക്കൽക്കൂടി കൈകോർക്കുകയാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും സർവകലാശാലകളുടെയും കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും.
പ്രളയത്തെ നേരിടാൻ നമ്മുടെ യുവത്വം വഹിച്ച പങ്ക് വലുതാണ്. രക്ഷാപ്രവർത്തനത്തിന് സ്വമേധയാ ഇറങ്ങിവന്നവർ, റിലീഫ് കേന്ദ്രങ്ങളിലെത്തി വിശ്രമം പോലുമില്ലാതെ സഹായിച്ചവർ, സാധനങ്ങൾ ശേഖരിക്കാൻ അവ ക്യാമ്പുകളിൽ എത്തിക്കാൻ പരിശ്രമിച്ചവർ, അവരിൽ ഏറിയ പങ്കും ക്യാമ്പസുകളിൽ നിന്നെത്തിയവരായിരുന്നു. നമ്മുടെ യുവത്വം നാടിന്റെ കാവലാളായി മാറിയ സന്ദർഭങ്ങൾ. അവരെ ഓർത്ത് അഭിമാനിക്കുന്നു. നവകേരളത്തിനായി ഒരിക്കൽകൂടി നിങ്ങൾ അണിചേരണം. ക്യാമ്പസുകളിലെ ദുരിതാശ്വാസഫണ്ട് ശേഖരണം വിജയിപ്പിക്കണം.