വെയിൽ എന്ന സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജ് തന്നെ വധഭീഷണി മുഴക്കിയെന്ന ഷെയിൻ നിഗത്തിന്റെ ആരോപണത്തിൽ നിലപാട് അറിയിച്ച് സംവിധായകൻ മേജർ രവി. ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ സത്യം നിർമാതാവിനൊപ്പമാണെന്ന് മനസിലായെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
‘ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഷെയ്നെ ഞാൻ പിന്തുണയ്ക്കുന്നു. ജോബിയുടെ പത്രസമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, ജോബിയുടെ ഭാഗത്താണ് സത്യവും ന്യായവും. ഷെയിനു കുറച്ച് കൂടെ അച്ചടക്കം ഉണ്ടാകേണ്ടതുണ്ട്. കുറച്ച് കൂടെ ഉത്തരവാദിത്വത്തോടെ ചുമതലകള്‍ നിര്‍വഹിക്കുകയും വേണം, അത് കൊണ്ട് നല്ല കുട്ടിയായി വന്ന് ഉറപ്പു നല്‍കിയ പോലെ ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കുക’.
‘പറഞ്ഞ വാക്കിനനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ ഇതുപോലത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം, ഉത്തരവാദിത്വങ്ങളില്‍ ഉറച്ചു നില്‍ക്കുക. നല്‍കിയ വാക്കിനോട് നീതി പുലര്‍ത്തുന്നടുത്തോളം കാലം നിന്നെ ഞാന്‍ പിന്തുണയ്ക്കും‘ എന്ന് ഷെയ്നിനോട് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.