കുരുന്നിനോടുള്ള ക്രൂരതയ്‌ക്ക് തൂക്കുകയര്‍; ഓര്‍ഡിനന്‍സിന് അംഗീകാരം
കുരുന്നിനോടുള്ള ക്രൂരതയ്‌ക്ക് തൂക്കുകയര്‍; ഓര്‍ഡിനന്‍സിന് അംഗീകാരം
12 വയസില്‍ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അനുമതി.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമ ഭേതഗതിക്ക് ശനിയാഴ്‌ച കേന്ദ്ര മന്ത്രിസഭ അംഗീകാരംനൽകിയിരുന്നു. ഇതോടെ 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വിധിക്കാൻ കോടതിക്ക് അധികാരമായി.
പോക്‍സോ നിയമത്തിൽ ഭേതഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നത്. നേരത്തെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് നെരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് കുറ്റകൃത്യത്തിന്റെ പ്രാധാന്യം അനുസരിച്ച് മൂന്നു മുതൽ പത്തു വർഷം വരെയായിരുന്നു ശിക്ഷ. ഇതിനാണ് ഓർഡിനൻസിലൂടെ ഭേതഗതി വരുത്തിയിരിക്കുന്നത്.
ഓർഡിനൻസിന് രാഷ്ട്രപതി അനുമതി നല്‍കിയതോടെ പ്രതികള്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരും. ഇത്തരം കേസുകൾ കേൾക്കാൻ പ്രത്യേക ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാനും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ദീർഘകാല അടിസ്ഥാനത്തിൽ മാനഭംഗക്കേസുകൾക്കായി പ്രത്യേക ഫൊറൻസിക് കിറ്റുകൾ ഏർപ്പെടുത്താനും ക്രിമിനൽ ലോ (അമൻഡ്മെൻഡ്) ഓർഡിനൻസ് 2018ൽ തീരുമാനമുണ്ട്.