Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയിലെ മറ്റ് സ്ത്രീകൾ അടിമകൾ, റിമയുടെ ഞാൻ എന്ന തന്റേടത്തിന് അർഥമില്ലാതാകുന്നു? - ശാരദക്കുട്ടിക്ക് പറയാനുണ്ട് ചിലതെല്ലാം

റിമ, നിങ്ങൾക്ക് ഇനിയും പലതും ചെയ്യാൻ കഴിയും!

അമ്മയിലെ മറ്റ് സ്ത്രീകൾ അടിമകൾ, റിമയുടെ ഞാൻ എന്ന തന്റേടത്തിന് അർഥമില്ലാതാകുന്നു? - ശാരദക്കുട്ടിക്ക് പറയാനുണ്ട് ചിലതെല്ലാം
, ബുധന്‍, 27 ജൂണ്‍ 2018 (08:34 IST)
നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സംഭവത്തിൽ ദിലീപിനെതിരേയും അമ്മയ്ക്കെതിരേയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ആ‍ളാണ് റിമ കല്ലിങ്കൽ.
 
റിമയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു എന്നതു കൊണ്ടാണ് റിമ കല്ലിങ്കലിനോടു പറയുന്നത് എന്ന് പറഞ്ഞാണ് ശാരദക്കുട്ടി തന്റെ പോസ്റ്റ് തുടങ്ങുന്നത്.
 
ശാരദക്കുട്ടിയുടെ പോസ്റ്റ്:
 
വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു എന്നതു കൊണ്ടാണ് റിമ കല്ലിങ്കലിനോടു തന്നെ പറയുന്നത്... നിങ്ങൾക്കു ഇനിയും പലതും കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണീ കുറിപ്പ്.
 
സിനിമയില്ലെങ്കിലും തന്റേടത്തോടെ ജീവിക്കാൻ ആവശ്യമായ വിദ്യാഭ്യാസവും പൊതുബോധവും ജീവിത സാഹചര്യങ്ങളും ഉള്ള താരങ്ങൾക്ക് അമ്മ പോലൊരു പ്രബല സംഘടനയെ വെല്ലുവിളിക്കാം .തള്ളിപ്പറയാം. "ഇതിനു മുൻപും ഞാൻ ജീവിച്ചിട്ടുണ്ട്, ഇനിയും ഞാൻ ജീവിക്കും " എന്ന റിമ കല്ലിങ്കലിന്റെ ധീരതയെ മാനിച്ചുകൊണ്ടുതന്നെയാണ് പറയുന്നത്. ഈ പുരുഷാധികാര ലോകത്തുപെട്ടു പോയ, പുറത്തിറങ്ങിയാൽ മറ്റുവഴികളില്ലാത്ത ഒരു പാടു കലാകാരികൾ നിവൃത്തികേടിന്റെ പേരിൽ ഈ വലിയ വലയിൽ കുടുങ്ങിക്കിടപ്പുണ്ട്. വീടല്ലാതെ മറ്റാശ്രയമില്ലാത്ത ഭാര്യമാരെ പോലെ തന്നെ നിസ്സഹായരാണവർ. കുടുംബങ്ങളിലെ പിത്രധികാരത്തെയും ഭർത്രധികാരത്തെയും പോലെ തന്നെ അവർക്ക് ആ പ്രബലാണത്തങ്ങൾക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്നു.. "എനിക്കു പ്രശ്നമില്ല " എന്നതല്ല പ്രതിസന്ധിക്കുള്ള ഉത്തരം. പ്രശ്നമുള്ളവരേ കൂടി രക്ഷപ്പെടുത്താനുള്ള മാർഗ്ഗമാരായുക, കണ്ടെത്തുക എന്നതാണ് w c c പോലെ ഒരു സംഘടനയുടെ പ്രാഥമികമായ ഉത്തരവാദിത്വമെന്നു ഞാൻ കരുതുന്നു.
 
പ്രബലരായ പത്തു സ്ത്രീകൾ ശബ്ദമുയർത്തിയാൽ അതു വലിയ ശബ്ദമായിരിക്കും. വലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അത് ആത്മവിശ്വാസം നൽകും. ലളിതാംബിക അന്തർജനം ശബ്ദിച്ചത് തനിക്കു വേണ്ടിയായിരുന്നില്ല, ഇരുട്ടിൽ കുടുങ്ങിപ്പോയ അനേകം സഹജീവികൾക്കു വേണ്ടിയായിരുന്നു. അന്തർജനത്തിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അവർ പോരാടിയത് ചുറ്റുമുള്ള നിർഭാഗ്യവതികൾക്കു വേണ്ടിയാണ് എന്ന ചരിത്രം ഓർമ്മിക്കണം. അമ്മ പോലെ തന്നെ പ്രബലമായിരുന്നു സമൂഹത്തിൽ അന്നു നിലനിന്നിരുന്ന പിത്രധികാര ശാഠ്യങ്ങൾ. അന്തർജ്ജന സമാജം 1948 ൽ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകമെഴുതി അവതരിപ്പിച്ചതും അതുണ്ടാക്കിയ കോളിളക്കങ്ങളും ഓർമ്മിക്കേണ്ടതാണ്. സ്ത്രീകളുടേതായ തൊഴിൽ കേന്ദ്രം എന്ന ആശയത്തെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്ന സവിശേഷ ഘട്ടമാണിത്. w cc യിലുള്ളവർ ചരിത്രബോധത്തോടെ ഉണർന്നു പ്രവർത്തിക്കേണ്ട ഘട്ടമാണിത്. പൊതു സമൂഹത്തിന്റെ വലിയ പിന്തുണ നിങ്ങൾക്കുണ്ടാകും. അമ്മയിൽ കുടുങ്ങിപ്പോയ സ്ത്രീകൾ ആഘോഷിക്കുന്നത് അവരുടെ നിസ്സഹായതകളെയാണ്. കുലീന കുടുംബസ്ത്രീകൾ തങ്ങളുടെ ഗതികേടുകൾക്കു മേൽ അനുസരണയുടെയും അച്ചടക്കത്തിന്റെയും പാതിവ്രത്യത്തിന്റെയും കള്ളക്കരിമ്പടം എടുത്തു ചുറ്റുന്നതു പോലെയാണത്. അതിനുള്ളിൽ അവർക്കു ശ്വാസം മുട്ടുന്നുണ്ട്. 'ഒരു ചരിത്ര ദൗത്യത്തിനുള്ള സന്ദർഭമാണിത്. ആയിരക്കണക്കിനു സ്ത്രീകൾ അടിമകളായിരിക്കുമ്പോൾ ഞാൻ ഞാൻ എന്ന തന്റേടത്തിന് അർഥമില്ലാതാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികൾ ഇറച്ചി കഴിക്കേണ്ട, മീൻ കഴിച്ചാൽ മതി: വി എച്ച് പി നേതാവ്