ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംപിയുമായ എംകെ രാഘവൻ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സ്വകാര്യ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമെന്ന് വ്യക്തമായതോടെ തന്റെ ശബ്ദം എഡിറ്റ് ചെയ്‌തതാണെന്ന് രാഘവന്‍ വ്യക്തമാക്കിയിരുന്നു. ഈ വാദത്തെ തള്ളി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍ രംഗത്തു വന്നു.
ശബ്‌ദം ഇത്തരത്തിൽ എഡിറ്റ് ചെയ്‌ത് ചേർക്കാൻ കഴിയില്ലെന്നാണ് ഫേസ്‌ബുക്ക് പേജിലൂടെ രാഘവന്റെ പേര് പറയാതെ ഷമ്മി തിലകന്‍ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
#സ്റ്റിംഗ്_ഓപ്പറേഷൻ_വീഡിയോയിലെ_ശബ്ദം_ഡബ്ബിംഗ്_അല്ല.
അന്യ ഭാഷയിൽ നിന്നുള്ള നടീനടന്മാർക്ക് ഡബ്ബ് ചെയ്യുന്നത് സർവ്വസാധാരണമാണ്. അനേകം നടന്മാർക്ക് ശബ്ദം നൽകാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ജോഷിസാർ, ജിജോ, രാജീവ് കുമാർ, ശ്രീകുമാർ മേനോൻ തുടങ്ങിയ സംവിധായകർ തങ്ങളുടെ ചില ചിത്രങ്ങളിൽ ഡബ്ബിങ്ങിന്റെ മേൽനോട്ടം എന്നെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്..!
എൻറെ അനുഭവത്തിൽ, എൻറെ തന്നെ ശബ്ദത്തിൽ അല്പസ്വല്പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, സമൂഹത്തിൽ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
#കടത്തനാടൻ_അമ്പാടി എന്ന ചിത്രത്തിൽ അനശ്വര നടൻ #പ്രേംനസീറിന് അദ്ദേഹത്തിന്റേത് തന്നെ എന്ന് തോന്നും വിധത്തിൽ ശബ്ദം അനുകരിച്ച് നൽകിയത് ഞാനായിരുന്നു. പ്രേംനസീറിന്റെ ശബ്ദം അനുകരിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച അനേകം മിമിക്രി താരങ്ങളെയും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അദ്ദേഹത്തിൻറെ 'അപരനായ' ജയറാമിനെയും പരീക്ഷിച്ച് തൃപ്തിയാകാതായ ശേഷമാണ് ആ ദൗത്യം എന്നെ ഏൽപ്പിച്ചത്..! നസീർ സാറിൻറെ മാധുര്യമുള്ള ആ ശബ്ദത്തിനോട് ഒരു ഏകദേശ സാമ്യം വരുത്തുവാൻ മാത്രമേ എനിക്കും കഴിഞ്ഞിട്ടുള്ളൂ എന്ന് ഈ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന സീൻ ആവർത്തിച്ച് കേട്ടാൽ മനസ്സിലാക്കാവുന്നതാണ്. ഇത്രയെങ്കിലും എനിക്ക് സാധിച്ചത് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഹരികുമാർ എന്ന് റിക്കോർഡിസ്റ്റിന്റെ കൂടി കഴിവിന്റെ പിൻബലത്തിലാണ്.
എന്നാൽ, കോഴിക്കോട് MP-യുടെ വിവാദ വീഡിയോയുടെ കാര്യത്തിൽ ധാരാളം സങ്കീർണ്ണതകൾ ഉണ്ട്.
1. വീഡിയോയിൽ കാണുന്ന MP-യുടെ ഡബ്ബ് ചെയ്തതെന്ന് അവകാശപ്പെടുന്ന ശബ്ദവും, അദ്ദേഹം പൊട്ടിക്കരഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിൻറെ ഒറിജിനൽ ശബ്ദവും നൂറുശതമാനവും സാമ്യമുള്ളതായി ആവർത്തിച്ച് കേട്ടാൽ വ്യക്തം.
2. വീഡിയോയിൽ MP യഥാർത്ഥത്തിൽ പറഞ്ഞ വാചകങ്ങൾ മാറ്റി ഡബ്ബ് ചെയ്തതാണെങ്കിൽ, അദ്ദേഹത്തിൻറെ "ചുണ്ടിന്റെ ചലനവും", മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മിൽ യാതൊരു കാരണവശാലും ചേർന്ന് പോകില്ല. എന്നാൽ ഇവിടെ അദ്ദേഹത്തിൻറെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങൾ, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേർന്ന് നിൽക്കുന്നു.
3. ഒരു വീഡിയോ റെക്കോർഡിങ് വേളയിൽ, അവിടത്തെ അന്തരീക്ഷത്തിലെ ശബ്ദങ്ങളും ചേർന്നാണ് റെക്കോർഡ് ആവുക. അതിൽ എഡിറ്റിംഗ് നടത്തിയാൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും മനസ്സിലാക്കാൻ സാധിക്കും.
ഇത്രയും കാര്യങ്ങൾ പ്രാഥമികമായ പരിശോധനയിൽ എനിക്ക് ബോധ്യപ്പെട്ടതാണ്. കൂടുതൽ വിശദമായ പരിശോധന നടത്തിയാൽ കൂടുതൽ കൂടുതൽ വിശദീകരണങ്ങൾ നൽകാനാകും എന്ന് വ്യക്തം..!!
ഈ വിവാദത്തിൽ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ചില സാങ്കേതികതകൾ പറയണമെന്ന വിചാരത്തിൽ ഇത്രയും കുറിക്കുന്നു.