മോഹൻലാലിനെ കെട്ടിപ്പിടിച്ചു, കമൽ തടഞ്ഞു, പിണറായി തിരികെ വിളിച്ചു- വൈറലായ സെൽഫിക്ക് പിന്നിലൊരു കഥയുണ്ട്
അശാന്ത് ആരേയും ഭയന്നില്ല, അനുവാദവും ചോദിച്ചില്ല...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മോഹൻലാൽ മുഖ്യാതിഥിയായി. സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത് മികച്ച നടന്റെയോ നടിയുടെയോ ചിത്രമല്ല. പകരം, അശാന്ത് കെ. ഷാ എന്ന കൊച്ചുമിടുക്കനൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പിണറായി പങ്കു വച്ചത്.
പൊതുവെ കർക്കശക്കാരനെന്ന് അറിയപ്പെടുന്ന പിണറായിയെ ചേർത്തു നിർത്തി അശാന്ത് എടുത്ത സെൽഫിക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് അശാന്തിന് ജൂറിയുടെ പ്രത്യേക പുരസ്കാരമാണ് ലഭിച്ചത്. പുരസ്കാരം വാങ്ങുന്നതിനായി വേദിയിലേക്ക് കയറിയ അശാന്ത് ആദ്യം മോഹൻലാലിനെ കെട്ടിപ്പിടിച്ചു. ശേഷം മുഖ്യമന്ത്രിയേയും ആലിംഗനം ചെയ്തു.
എല്ലാവരും കുറച്ച് ബഹുമാനത്തോടെയും ഭയത്തോടെയും കാണുന്ന മുഖ്യമന്ത്രിയെ യാതോരു കൂസലുമില്ലാതെ അശാന്ത് കെട്ടിപ്പിടിച്ചത് കാണികളെ സന്തോഷിപ്പിച്ചു. അവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിൽ നിന്ന് പുരസ്കാരം വാങ്ങിയ അശാന്ത് വേദിയിൽ വച്ചു തന്നെ സെൽഫിയെടുക്കാൻ ഒരുങ്ങി.
എന്നാൽ, ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ അത് തടയുകയായിരുന്നു. എന്നാൽ ഇരിപ്പിടത്തിൽ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെൽഫിയെടുത്തു. മുഖ്യമന്ത്രിയെ ചേർത്ത് പിടിച്ചും തോളിൽ കൈയ്യിട്ടും അശാന്ത് സെൽഫി എടുത്തു.