പൊലീസ് ഭരത് ചന്ദ്രന്‍ ഐ പി എസ് കളിക്കുന്നു ? - കരണം അടിച്ച് പൊളിക്കണം, തല്ലേണ്ടി വന്നാൽ തല്ലണം; സുരേഷ് ഗോപി പറയുന്നു

അനു മുരളി

ശനി, 28 മാര്‍ച്ച് 2020 (10:14 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ആവശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങുന്നുണ്ട്. മതിയായ കാരണമില്ലാതെയാണ് പുറത്തിറങ്ങിയതെന്ന് കണ്ടാൽ പൊലീസ് ഇക്കൂട്ടരെ ഉപദേശിച്ചും ഭയപ്പെടുത്തിയും ശകാരിച്ചും ചൂരൽ പ്രയോഗം നടത്തിയും തിരിച്ചയക്കുന്നുണ്ട്.
 
പോലീസ് ഭരത് ചന്ദ്രന്‍ ഐ പി എസ് കളിക്കുന്നുവോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഒരു ചാനല്‍ ചര്‍ച്ചയില്‍ ആണ് സുരേഷ് ഗോപിയുടെ പ്രതികരണം. പൊലീസ് കര്‍ക്കശ നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സുരേഷ്‌ഗോപി പറയുന്നു. 
 
വലിയ വിപത്താണ് സമൂഹത്തെ വ്യപിച്ചിരിക്കുന്നത്. അത് തടയാന്‍ പൊലീസ് നടപടിയെടുത്തേ മതിയാകൂ. ശരീരത്തിന് മാരകമായ പരുക്കുകള്‍ വരുത്തരുത്. പക്ഷെ തല്ലേണ്ടി വന്നാല്‍ തല്ലണം. പൊലീസിനെ അനുസരിച്ചില്ലെങ്കില്‍ നാളെ പട്ടാളമായിരിക്കും വരുന്നത്. അവര്‍ക്ക് മലയാളിയെന്നോ തമിഴനെന്നോ ഇല്ല. മനുഷ്യരെ മാത്രമേ അറിയൂ. അവര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും. പൊലീസിനെ കുമ്പിട്ട് നമിക്കണം. സുരേഷ്‌ഗോപി പറഞ്ഞു.
 
കടയില്‍ പോയ യുവാവിനെ പൊലീസ് അനാവശ്യമായി തല്ലി, ആ പൊലീസ് സുരേഷ്‌ഗോപികളിക്കുന്നു, ഭരത് ചന്ദ്രന്‍ ഐ പി എസ് ആകാന്‍ നോക്കുന്നു തുടങ്ങിയ വിമര്‍ശനത്തെ കുറിച്ച് സുരേഷ് ഗോപിയോട് അവതാരകന്‍ ചോദിച്ചപ്പോള്‍, അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണ പരത്താൻ ആഹ്വാനം ചെയ്‌ത് ഫേസ്ബുക്ക് പോസ്റ്റ്, യുവാവ് അറസ്റ്റിൽ