2008-2009 ലേക്കുള്ള പൊതുബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് നീക്കി വയ്ക്കുന്ന തുക ഒരു ലക്ഷം കോടി കവിഞ്ഞേക്കും. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും പ്രതിരോധ മേഖലയ്ക്ക് ഇത്രയും വലിയ തുക ലഭിക്കുക.
കഴിഞ്ഞ പൊതുബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് 96000 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി പ്രതിരോധ മേഖലയ്ക്കായി നീക്കി വയ്ക്കുന്ന തുകയില്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നാണ് സൂചന.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ ആധുനിക ആയുധങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇത് മുന്നില്‍ക്കണ്ടാണ് പ്രതിരോധ മേഖലയ്ക്കുള്ള തുക കൂട്ടുന്ന കാര്യം ധനമന്ത്രാലയം ആലോചിക്കുന്നത്. പ്രതിവര്‍ഷം പ്രതിരോധ മേഖലയ്ക്കായി വകയിരുത്തുന്ന തുക പൂര്‍ണമായും ചെലവിടുന്നതിന് പ്രതിരോധ മന്ത്രാലയത്തിന് കഴിയാറില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അനുവദിക്കുന്ന തുകയില്‍ ചെലവഴിക്കാത്ത മിച്ചം തുക തിരിച്ചു നല്‍കേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ആയിരക്കണക്കിന് കോടി രൂപയുടെ ആയുധ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നതിനാലാണ് ഇത്.
തുക ചെലവിടുന്നതിനായി വര്‍ഷാന്ത്യത്തില്‍ തിരക്കിട്ട് പ്രതിരോധ വകുപ്പ് കരാറുകളില്‍ ഏര്‍പ്പെടുന്നത് സര്‍ക്കാരിന് പലപ്പോഴും തലവേദനയുണ്ടാക്കാറുണ്ട്. ചെലവിടാന്‍ കഴിയാത്ത തുക തിരിച്ചു നല്കുന്ന അവസ്ഥ ഒഴിവാക്കുന്നതിന് അടുത്ത പൊതുബജറ്റില്‍ ധനമന്ത്രി ചില നടപടികള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.