കര്‍ക്കടകവാവ്- മണ്മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനം. പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമാണ് ശ്രാദ്ധക്രിയ. നമ്മുടെ പൂര്‍വികരായ പിതൃക്കള്‍, പിതൃലോകവാസികളാണ്.
കര്‍ക്കടകമാസത്തിലെ കറുത്ത വാവിന് ഏറെ പ്രസക്തിയുണ്ട്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത്. ഭാരതപ്പുഴയിലാണ് കുരുക്ഷേത്രത്തില്‍ മരിച്ച ഉറ്റവരുടെ ആത്മശാന്തിക്കായി പഞ്ചപാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത് .
വയനാട്ടില്‍ മാനന്തവാടിക്കടുത്ത തിരുനെല്ലി ക്ഷേത്രത്തിനൊടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്ഷ്മണനും വനവാസത്തിന്റെ തുടക്കത്തില്‍ ദശരഥനു വേണ്ടി പിതൃതര്‍പ്പണം നടത്തി എന്നാണ് വിശ്വാസം. പാപനാശിനി ബലിതര്‍പ്പണത്തിന് പ്രസിദ്ധമാവന്‍ ഒരു കാരണമിതാണ്.
പമ്പയും ചിറ്റൂരിലെ ശോക നാശിനിയും, മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴയും, പിതൃതര്‍പ്പണങ്ങളുടെ പുണ്യം പേറും. ആലുവയിലും തിരുനാവായിലും തിരുനെല്ലിയിലും നീളാതീരത്തും വരയ്ക്കലും തിരുവല്ലത്തുമെല്ലാം ബലിയിടാന്‍ നിരവധി ആളുകള്‍ വന്നു ചേരുന്നു.
ദക്ഷിണായന പുണ്യകാലത്തിലെ പ്രഥമ അമാവാസി ദിനമായ കര്‍ക്കടകവാവ് ദിവസം പിതൃയാനത്തിന്റെ പ്രവേശന കവാടമാണ്. കര്‍ക്കടകവാവ് പിതൃകര്‍മങ്ങള്‍ക്ക് വിശിഷ്ടദിനമായി കരുതിപോരുന്നത്. ഈ കാരണം കൊണ്ടാണ്
പ്രശസ്തമായ തീര്‍ത്ഥങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കര്‍ക്കടകവാവിനു ബലിയിടാനെത്തും- കന്യാകുമാരിയിലെ സാഗരസംഗമം മുതല്‍ ഉത്തരേന്ത്യയിലെ പുണ്യ തീര്‍ത്ഥങ്ങള്‍ വരെ. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഇളമുറക്കാര്‍ ബലിതര്‍പ്പണം നടത്താനെത്തുന്നു.
ഇക്കാലയളവില്‍ കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളും നദീതീരങ്ങളും കടപ്പുറങ്ങളും ബലിതര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രമുഖക്ഷേത്രങ്ങളിലെല്ലാം ഇതോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
ഇക്കാലത്ത് ക്ഷേത്രങ്ങളിലും മറ്റും ബലിതര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ പൂജാരിമാരെ നിയോഗിക്കാറുണ്ട്. പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകളും നടത്തിവരുന്നു.
Follow Webdunia malayalam