Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രാദ്ധങ്ങള്‍ പലവിധം

ശ്രാദ്ധങ്ങള്‍ പലവിധം
WD
ശ്രാദ്ധത്തിന് പിതൃകര്‍മ്മം, ആണ്ടുബലി തുടങ്ങിയ പേരുകളുമുണ്ട്. ചാത്തം എന്ന് തനി മലയാളം.ബലികര്‍മ്മത്തിന് ചാത്തമൂട്ടുക എന്നു പറയാറുണ്ട്.

എഴുപത്തിരണ്ട് വിധം ശ്രാദ്ധമുണ്ടെന്ന് ശാസ്ത്രം. എന്നാല്‍ പ്രധാനമായത് മൂന്നെണ്ണമാണ്. അന്നശ്രാദ്ധം, ആമശ്രാദ്ധം, ഹിരണ്യശ്രാദ്ധം

ചോറുണ്ടാക്കി പിണ്ഡമുരുട്ടി നടത്തുന്നത് അന്നശ്രാദ്ധം. ഉണക്കലരിയും എള്ളും വെള്ളവുമുപയോഗിച്ച് നടത്തുന്നത് ആമശ്രാദ്ധം. ധനം മുതലായവ യഥായോഗ്യം പുരോഹിതന് നല്‍കുന്നത് ഹിരണ്യശ്രാദ്ധം.

അസ്തമയത്തിന് ആറു നാഴിക പകലെങ്കിലും തിഥിയുള്ള ദിവസമാണ് ശ്രാദ്ധമൂട്ടേണ്ടത്. ശ്രാദ്ധമൂട്ടുന്നതിന് തലേദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക. അതിന് കഴിയാത്തവര്‍ ഒരു നേരം അരിഭക്ഷണവും ബാക്കി രണ്ട് നേരം ഗോതന്പുമാക്കുക.

webdunia
WD
രാവിലെയെഴുന്നേറ്റ് മുങ്ങിക്കുളിച്ച് ഈറനോട് ആചാര്യന്‍റെ മുന്നില്‍ ഒരു മുട്ട് നിലത്ത് മുട്ടിച്ചിരുന്ന്, കൈയ്യില്‍ ദര്‍ഭകൊണ്ട് പവിത്രമണിഞ്ഞ്, മുന്നില്‍ എള്ളും പൂവും ചന്ദനവും വെയ്ക്കണം.

വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിച്ച് വേണം ശ്രാദ്ധം ചെയ്യാന്‍. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്നശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്‍മാര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം.

മണ്‍മറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് ""ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക'' എന്ന പ്രാര്‍ത്ഥനയോടെ വേണം ശ്രാദ്ധം ചെയ്യാന്‍. ആചാര്യനില്ലാതെ ബലിയിടരുത്.

ശ്രാദ്ധം ചെയ്തു കഴിഞ്ഞാല്‍ നാക്കിലയിലെ തിലോദകം ഒഴുകുന്ന വെള്ളത്തില്‍സമര്‍പ്പിച്ച്, വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്‍കണം. ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീട് സന്ദര്‍ശിക്കുന്ന ദിനമാണ് കര്‍ക്കിടകവാവെന്ന് വിശ്വസിക്കുന്നു.

അവര്‍ "വാവട'യെന്ന പലഹാരം പിതൃക്കള്‍ക്ക് സമര്‍പ്പിക്കുന്നു. ചില സമൂഹങ്ങളില്‍ ഇളനീരും മത്സ്യമാംസാദികളും മദ്യവും പിതൃക്കള്‍ക്കായി സൂക്ഷിച്ച് വയ്ക്കുന്നു. ശ്രാദ്ധാന്നം ബലിക്കാക്കകളെടുത്താല്‍ പിതൃക്കള്‍ക്ക് തൃപ്തിയായിന്നെ ് വിശ്വസിക്കുന്നു.

Share this Story:

Follow Webdunia malayalam