Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം മരിക്കാതിരിക്കട്ടെ!

ടി പ്രതാപചന്ദ്രന്‍

പ്രണയം മരിക്കാതിരിക്കട്ടെ!
, വ്യാഴം, 12 ഫെബ്രുവരി 2009 (19:57 IST)
WD
ഒരുനോട്ടം....ആ മൊഴികള്‍....പരല്‍മീന്‍ തുടിക്കുന്ന കണ്ണുകള്‍....ആ നടപ്പ് എല്ലാം വശ്യം. ആ വിരല്‍ തുമ്പുകളില്‍ ഒന്നു സ്പര്‍ശിക്കാനായെങ്കില്‍. അല്ലെങ്കില്‍ ഒരു വാക്ക് സംസാരിച്ചിരുന്നെങ്കില്‍. അവള്‍ കണ്ണില്‍ നിന്ന് മായുമ്പോള്‍ എനിക്കെന്തോ നഷ്ടമായതുപോലെ, ഇതായിരുന്നു ഒരു ശരാശരികാമുകന്‍റെ ചേതോവികാരങ്ങള്‍. എന്നാല്‍, അതൊക്കെ മാറിമറിയുന്നോ? ഇപ്പോള്‍, പ്രണയത്തിന് നിര്‍വചനങ്ങള്‍ ഉണ്ടായി...അനിര്‍വചനീയ സൌരഭ്യം മാഞ്ഞു!

പ്രേമത്തിനും അതിലൂടെ പുരുഷനും പ്രകൃതിയും ഒന്നാവുന്ന വിശുദ്ധ കാമത്തിനും പേരുകേട്ട നാടായിരുന്നു ഇന്ത്യ. കാമത്തിന്‍റെ വില്ലെടുത്ത് കുലയ്ക്കുന്ന കാമദേവനും പുഷ്പബാണമേറ്റ് കാമ പരവശയായി ഇഷ്ടപുരുഷന്‍റെ സവിധത്തില്‍ എത്തുന്ന കാമിനിയും കഥകളിലൂടെ നല്‍കിയ രൂപങ്ങള്‍ ഇന്നും നമ്മില്‍ മായാതെ നില്‍ക്കുന്നുല്ലേ.

നമ്മള്‍ ആരാധിച്ച രതി, ശില്‍പ്പ ഭംഗികളായി ഇപ്പോഴും നമ്മെ നോക്കി നില്‍ക്കുന്നുണ്ട്. രതി ശില്‍പ്പങ്ങളുടെ നാടായ ഖജുരാഹോ ഇതിന് സാക്‍ഷ്യം. ക്ഷേത്ര ചുമരുകളില്‍ വരെ കല്ലില്‍ കവിത വിരിയിച്ച ഇന്ത്യയുടെ പ്രേമവും കാമവും പാതി വഴിയിലെവിടെയോ നമ്മള്‍ ഉപേക്ഷിക്കുകയായിരുന്നോ?

മധ്യകാലഘട്ടത്തിന്‍റെ ഇരുളിച്ചയിലെവിടെയോ നമുക്ക് ‘കാമസൂത്രം’ മാത്രം ബാക്കിയായി, രതിയുടെ ആസ്വാദ്യത ലോകത്തിനു മുഴുവന്‍ വിവരിച്ചു നല്‍കിയ നാം അത് പുസ്തകത്തില്‍ മാത്രമായി സൂക്ഷിക്കാന്‍ തുടങ്ങി. മാടമ്പികളുടെയോ നാട്ടു രാജാക്കന്‍‌മാരുടെയോ അട്ടഹാസങ്ങള്‍ സാധാരണക്കാരന്‍റെ രതിയെയും പ്രേമത്തെയും ദീനവിലാപങ്ങളോളം ദുര്‍ബ്ബലമാക്കി.


webdunia
WD
അധികാരം രൌദ്രതയായി മാറിയപ്പോല്‍ രതിയും അധികാര വര്‍ഗ്ഗം സ്വന്തമാക്കി. അവിടെ പ്രേമം നശിച്ചു. വന്യമായ കാമം മാത്രം ഈ വന്യതയില്‍ കരളു പിളര്‍ന്ന വേദനയോടെ ജീവിതം അവസാനിപ്പിച്ച ‘കുറവനും കുറത്തികളും’ ഇന്ന് മാമലകളായി കഥപറഞ്ഞ് ക്ഷീണിച്ചു നില്‍ക്കുന്നു.

ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്‍റെയും സ്വദേശീ വാദത്തിന്‍റെയും കാ‍ലം. ആഗോളവല്‍ക്കരണം അന്യ ദേശത്തെ നമുക്ക് മുന്നില്‍ വിവരിക്കുമ്പോള്‍ സ്വദേശീവല്‍ക്കരണം അതിനെതിരെ ഇല്ലാത്ത സത്യങ്ങള്‍ പൊലിപ്പിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍പെട്ട് ഇന്ത്യക്കാരുടെ പ്രണയ വികാരം ഞെരിഞ്ഞമരുന്നു.

ആധുനികവല്‍ക്കരണമോ ആഗോളവല്‍ക്കരണമോ എന്തോ ആവട്ടെ, ഒരു കാര്യം സത്യം മുന്നോട്ടുള്ള കുതിപ്പില്‍ ആര്‍ദ്രവികാരങ്ങള്‍ മറക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു; അല്ലെങ്കില്‍ ആ വികാരങ്ങള്‍ നമ്മില്‍ മരവിച്ചു മരിച്ചു കിടക്കുന്നു. നല്ലത് മാത്രം സ്വാംശീകരിക്കുന്ന ഒരു പ്രബുദ്ധ സംസ്കാരത്തിന്‍റെ വക്താക്കളായ നാം അത് മറക്കുന്നു, മുഖമില്ലാത്ത ലൈംഗികതയെ വരവേല്‍ക്കുന്നു.

സ്വദേശീവാദികളും ഒട്ടും പിന്നിലല്ല. നല്ലതിനെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു പ്രതിസന്ധിയാണ് അവര്‍ക്കും നേരിടേണ്ടി വരുന്നത്. പാശ്ചാത്യനോ പൌരസ്ത്യനോ ആവട്ടെ തന്‍റെ പ്രണയത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ വാലന്‍റൈന്‍ പാതിരിയെ എന്തുകൊണ്ട് നമുക്കും അംഗീകരിച്ചുകൂടാ. പ്രണയ ദിനത്തില്‍ നമുക്കും കാമുകനും കാമുകിയുമായി പുനരവതരിച്ചുകൂടേ?

മുന്നോട്ടുള്ള കുത്തൊഴിക്കില്‍ പെട്ട് പ്രണയം ‘ഈവ് ടീസിംഗില്‍’ മാത്രമൊതുക്കാതെ ലൈംഗികതയില്‍ മാത്രമൊതുക്കാതെ വിശുദ്ധ വികാരമായി നമ്മുടെ മനസ്സില്‍ വിരിയട്ടെ. ചാനലുകളിലെ കാഴ്ചകള്‍ നമുക്ക് വെറും കാണലുകളായി മാത്രം ഒതുക്കി പ്രണയത്തിന്‍റെ തന്ത്രികള്‍ മീട്ടാം...വാലന്‍റൈന്‍ ദിനാശംസകള്‍

Share this Story:

Follow Webdunia malayalam