ദൈവം ഒരു മാന്ത്രികനാണ്. പ്രണയം ഒരു മാന്ത്രികതയും. പ്രകൃതിയില്‍ അവനൊരുക്കിയ അനേകം വിസ്മയങ്ങളില്‍ പ്രമുഖ സ്ഥാനം പ്രണയത്തിനുണ്ട്. കാലദേശാന്തരങ്ങളിലേക്ക് പ്രണയം നീണ്ടതിനു കാരണം ഇതാണ്. മതങ്ങളും ഭാഷയും സംസ്കാരങ്ങളും വേര്‍തിരിക്കുന്ന അതിരുകള്‍ പലപ്പോഴും പ്രണയം ലംഘിച്ചതിന് ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്. പ്രണയത്തിനു വേണ്ടി ആരും എന്തും ത്യജിക്കും. ഒരു പക്ഷേ ജീവന്‍ പോലും.
പ്രണയത്തെ വാഴ്ത്തിപ്പാടിയ കവികളും കലാകാരന്‍മാരും ഏറെയാണ്. പ്രണയത്തിന് ഒരു ദിനം തന്നെ ലോകം കണ്ടെത്തിയിരിക്കുന്നു. പ്രണയവും സൌഹൃദവും അറിയിക്കുകയും പ്രതീകങ്ങള്‍ കൈമാറുകയും ചെയ്യുന്ന വാലന്‍റൈന്‍ദിനം പ്രധാനമായും ആഘോഷിക്കുന്നത് ഫെബ്രുവരി 14 നാണ്. പ്രണയ സമ്മാനങ്ങളിലേക്ക് ആധുനിക ലോകത്തിന്‍റെ സാമ്പത്തിക ലക്‍ഷ്യങ്ങള്‍ വന്നു ചേര്‍ന്നതോടെ വാലന്‍റന്‍ ദിനം വിപണിക്ക് ഉത്സവഛായ പകരുകയാണ്.
‘വാലന്‍റൈന്‍’ എന്ന ക്രിസ്ത്യന്‍ രക്തസാക്ഷിയുടെ ഓര്‍മ്മയാണ് മിക്ക പാശ്ചാത്യരാജ്യങ്ങളിലും സ്മരിക്കപ്പെടുന്നത്. ആധുനിക ലോകത്തിന്‍റെ വാലന്‍റൈന്‍ദിന അടയാളം ഹൃദയമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആശംസകള്‍ കയ്യെഴുത്തു പ്രതികളായാണ് കൈമാറിയിരുന്നത്. എന്നാല്‍ പത്തൊമ്പതാം ശതകത്തിന്‍റെ പകുതിയോടെ ഈ ദിനം കാര്‍ഡുകളുടെ വിപണിയുടെതായി. ഇതൊരു വാലന്‍റൈന്‍ദിന വ്യാപാരസംസ്കാരത്തിനു തന്നെ തുടക്കമിട്ടു.
ഈ ദിനത്തിന്‍റെ പ്രധാന ആകര്‍ഷണം പുഷ്പങ്ങളും ആശംസാ കാര്‍ഡുകളുമാണ്. ഇന്ന് ലോകത്തുടനീളമായി ഒരു ദശലക്ഷത്തില്‍ അധികം വാലന്‍റൈന്‍സ് സമ്മാനങ്ങള്‍ നല്‍കുന്നതായിട്ട് അമേരിക്കയിലെ ഗ്രീറ്റിംഗ് കാര്‍ഡ് അസോസിയേഷന്‍ പറയുന്നു. ക്രിസമസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണിത്. എല്ലാ വാലന്‍റൈന്‍ദിന സമ്മാനങ്ങളില്‍ 85 ശതമാനവും നല്‍കുന്നത് പെണ്ണുങ്ങളാണെന്നും അസോസിയേഷന്‍ കണ്ടെത്തുന്നുണ്ട്.
ഇതാചില വാലന്‍റൈന്‍ദിന വിശേഷങ്ങള്‍. ബ്രിട്ടനില്‍ മതവുമായി ബന്ധപ്പെട്ട ആഘോഷമാണ് വാലന്‍റൈന്‍. ജാക്ക് എന്നു പേരായ ഒരു കഥാപാത്രം വീടിന്‍റെ കതകിനു മുന്നില്‍ സമ്മാനങ്ങളും മധുര പലഹാരവും വച്ചിട്ടു പോകുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരിക്കല്‍ പോലും കുട്ടികള്‍ക്ക് ആയാളെ കാണാനാകില്ലത്രെ. വെയ്‌ല്‍സ് സെന്‍റവാലന്‍റൈന്‍ ദിനത്തിനു പകരം ജനുവരി 25 ആണ് ആഘോഷിക്കുന്നത് സെന്‍റ് ഡ്വയ്‌നിന്‍റെ ഓര്‍മ്മയ്‌ക്കായിട്ടാണ് ആഘോഷിക്കുന്നത്.
മറ്റു രാജ്യങ്ങളെ പോലെ വിശുദ്ധ വാലന്‍റീന്‍റെ ഓര്‍മ്മയ്‌ക്കായിട്ടാണ് ഫ്രാന്‍സും ആഘോഷിക്കുന്നത്. വാലന്‍റിന്‍സ് ഡാഗ് എന്നാണ് ഡെന്‍മാര്‍ക്കിലും നോര്‍വേയിലും ഈ ദിനം അറിയപ്പെടുന്നത്. പങ്കാളിയുടെ കൂടെ റൊമാന്‍റിക്ക് ഡിന്നര്‍ കൂടാറുണ്ട്. പരസ്പരം പ്രണയത്തിന്‍റെ കാര്‍ഡുകള്‍ നല്‍കാറുണ്ട്. പരസ്പര സ്നേഹത്തിന്‍റെ പ്രതീകമായി ചുവപ്പന്‍ റോസ പുഷ്പ്പങ്ങള്‍ നല്‍കുന്നു.
എല്ലാ ഹൃദങ്ങളുടേയും ദിനം എന്ന അര്‍ദ്ധം വരുന്ന അല്ലാ ജാര്‍ട്ടാന്‍സ് ഡാഗ് എന്നാണ് സ്വീഡനില്‍ അറിയപ്പെടുന്നത്. പൂക്കളുടെ ദിനമാണിത്. 1960 മുതല്‍ ആഘോഷിച്ചു തുടങ്ങിയ സ്വീഡനില്‍ പൂക്കളുടെ പ്രധാന ബിസിനസാണ് ഈദിനം. ഇത് ഔദ്യോഗിക ദിനമൊന്നുമല്ല എങ്കിലും മദേഴ്‌സ് ഡേ കഴിഞ്ഞാല്‍ കോസ്മെറ്റിക്കുകളുടെയും പൂക്കളുടേയും ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ദിനങ്ങളില്‍ ഒന്നാണിത്. ഫിന്‍ലന്‍ഡില്‍ സൌഹൃദ ദിനമായിട്ടാണ് ആഘോഷിക്കുന്നത്. പ്രണയികളെ മാത്രമല്ല സുഹൃത്തുക്കളെ മുഴുവന്‍ ഓര്‍മ്മിക്കാനുള്ള ദിനമാണിത്.
സ്ലോവേനിയയില്‍ പൂമരങ്ങള്‍ നടുന്ന ദിനമാണിത്. വിത്തു വിതയ്‌ക്കാനുള്ള ദിനമായി ഇതിനെ കരുതുന്നു. വാലന്‍റീന്‍ വിത്തുകളുടെ താക്കോല്‍ കൊണ്ടുവരുമെന്നും വസന്തത്തിന്‍റെ ദേവനാണ് വാലന്‍റീനെന്നും പരമ്പരാഗത വിശ്വാസം. പരമ്പരാഗതമായി മാര്‍ച്ച് 12 ന് സെന്‍റ് ഗ്രിഗറീസ് ഡേ ആയിരുന്നു പ്രണയദിനമായി ആഘോഷിച്ചിരുന്നത്. പക്ഷികള്‍ പരസ്പ്പരം വിവാഹം ആലോചിക്കുന്നത് ഈ ദിനത്തില്‍ ആണെന്നാണ് വിശ്വാസം. എന്നാല്‍ ആധുനിക സമൂഹം ഫെബ്രുവരി 14 സ്വീകരിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.
റുമാനിയയില്‍ ഫെബ്രുവരി 24 നാണ് പ്രണയികളുടെ ദിനം ആഘോഷിക്കുന്നത്. റുമാനിയന്‍ ഭാഷയിലെ ഒരു നാടന്‍ കഥാപാത്രമായ ദ്രാഗോബെറ്റേയുടെ (ബാബാ ഡോക്കിയുടേ പുത്രന്‍) ദിനമാണ് പരമ്പരാഗതമായി പ്രണയികള്‍ ആഘൊഷിക്കുന്നത്. ‘ഡ്രാഗ്’ എന്ന പദത്തിന് ‘പ്രിയപ്പെട്ടത്’ എന്നും ‘ദ്രാഗോസ്ത’യ്‌ക്ക് പ്രണയം എന്നുമാണ് അര്‍ത്ഥം. എന്നിരുന്നാലും ഫെബ്രുവരി 14 ആഘോഷിക്കാറാണ് ഇപ്പോഴത്തെ പതിവ്.
തുര്‍ക്കിയില്‍ ‘മധുര ഹൃദയങ്ങളുടെ ദിന’ മെന്നാണ് പറയാറ്. ജൂത നിയമമനുസരിച്ച് ആഗസ്റ്റ് അവസാനമാണ് പ്രണയികളുടെ ദിനം. ഹീബ്രു കലണ്ടര്‍ പ്രകാരം ആവ് മാസത്തിന്‍റെ പതിനഞ്ചാം നാള്‍ പ്രണയത്തിന്‍റേതാണ്. പുരാതന കാലത്ത് വെള്ള വസ്ത്രങ്ങള്‍ ധരിച്ച പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഈ ദിനത്തില്‍ നൃത്തത്തില്‍ ഏര്‍പ്പെടുന്നു. ആധുനിക ഇസ്രായേലി സംസ്ക്കാരത്തിലും വളരെ പ്രശസ്തമാണിത്. വിവാഹം ആലോചിക്കാനും പ്രണയം വെളിപ്പെടുത്താനും അവര്‍ ഈ ദിനം തെരഞ്ഞെടുക്കുന്നു. കാര്‍ഡുകളും സമ്മാനങ്ങളും കൈമാറുകയും ചെയ്യും.
അമേരിക്കയില്‍ പ്രണയികളുടെ ദിനം വാലന്‍റീന്‍സ് ഡെ തന്നെയാണ്. പാരമ്പരമായി ചോക്ലേറ്റുകളും പൂക്കളും പ്രണയികള്‍ കൈമാറുന്നു. ബ്രസീലില്‍ പ്രണയികളുടെ ദിനം ജൂണ്‍ 12 നാണ്. കാര്‍ഡുകള്‍, ചോക്ലേറ്റുകള്‍, പൂക്കള്‍ എന്നിവ കാമുകീ കാമുകന്‍മാര്‍ കൈമാറും.
വിവാഹ കാര്യങ്ങളിലെ വിശുദ്ധനായി കരുതുന്ന സെന്‍റ് ആന്‍റണി ദിനത്തിനു മുമ്പാണ് ഈ ദിനം. നല്ല ഭര്‍ത്താവിനെയും കാമുകനെയും ലഭിക്കാന്‍ ബ്രസീലിയന്‍ സുന്ദരികള്‍ സിമ്പാറ്റിയാസ് അനുഷ്ടാനങ്ങളും വാലന്‍റൈന്‍ ദിനവുമായി ബന്ധപ്പെട്ട് പിന്തുടരാറുണ്ട്
സെപ്തംബര്‍ മൂന്നാമത്തെ ശനിയും വെള്ളിയുമാണ് കൊളംബിയയില്‍ പ്രണയികളുടെ ദിനം. ക്രിസ്മസുമായി ബന്ധപ്പെട്ട സാന്താക്ലോസിന്‍റേതു പോലെ സമ്മാനം നല്‍കാന്‍ ഒരു രഹസ്യ കൂട്ടുകാരന്‍ എന്ന സങ്കല്‍പ്പം കൊളംബിയക്കാരും പിന്തുടരുന്നു. ഏഷ്യയിലും വാലന്‍റൈന്‍ ദിനവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ട്.
വാലന്‍റൈന്‍ദിനം ജപ്പാനിലും കൊറിയയിലും പ്രണയിനികളുടെ ദിനമാണ്. സഹപ്രവര്‍ത്തകരിലെയും കൂട്ടുകാരിലെയും പ്രിയപ്പെട്ടവര്‍ക്ക് പെണ്‍കുട്ടികള്‍ പ്രണയം അറിയിക്കാന്‍ ചോക്ലേറ്റുകളും പൂക്കളും സമ്മാനങ്ങളും നല്‍കും. ജപ്പാന്‍ വനിതകള്‍ വാലന്‍റൈന്‍സ് ദിനത്തിന്‍റെ ‘ഗിരി ചോക്കോ’ നല്‍കുന്നു. ഗിരി എന്നാല്‍ ‘കടപ്പാട്’ എന്നും ചോക്കോ എന്നാല്‍ ‘ചോക്ലേറ്റ്’ എന്നും അര്‍ത്ഥം. പുറമേ ഹോന്‍ മെയി ചോക്കോയും ടോമോ ചോക്കോയും ജപ്പാന്‍കാര്‍ പിന്തുടരുന്നുണ്ട്.
ഹോന്‍ മെയി ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ്. ടോമോ പ്രിയപ്പെട്ട സുഹൃത്തിനും നല്‍കും. വാലന്‍റൈന്‍സ് സമ്മാനങ്ങള്‍ക്ക് ഒരു പകരദിനം കൂടി ജപ്പാനിലുണ്ട്. ‘വെളുത്ത ദിനം’ വാലന്‍റൈന്‍സ് ദിനത്തില്‍ ചോക്ലേറ്റ് ലഭിച്ചവരില്‍ പ്രണയമുള്ളവര്‍ ഇഷ്ടം സൂചിപ്പിക്കാന്‍ സമ്മാനം പകരം നല്‍കുന്ന ദിനമാണിത്. പക്ഷേ ഈ ദിനം പുരുഷകേസരികള്‍ക്ക് അല്‍പ്പം വിലയേറിയതാണെന്നു മാത്രം. രത്നങ്ങള്‍ പോലെ വില പിടിച്ച സമ്മാനമണ് നല്‍കേണ്ടി വരിക.
ദക്ഷിണ കൊറിയയിലും സമാനമായ ആഘോഷമാണ്. നവംബര്‍ 11 ആണ് കാമുകീകാമുകന്‍മാരുടെ ദിനം. ഇവര്‍ക്ക് ഒപ്പം ഒരു ‘കറുത്തദിനം’ കൂടി ഉണ്ട്. ഏപ്രില്‍ 14 ന്. ചൈനീസ് പാരമ്പര്യത്തില്‍ ‘എഴാം രാത്രി’യെന്നാണ് വാലന്‍റൈന്‍സ് ദിന സങ്കല്‍പ്പത്തിനു പേര്. ലൂണാര്‍ കലണ്ടര്‍ പ്രകാരം ഏഴാം മാസത്തിന്‍റെ ഏഴാം ദിവസം പുരാണനായകന്‍ കോഹാഡും വധു വീവറും സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടുന്നെന്ന് കരുതുന്നു. ചെറിയ വ്യത്യാസത്തോട് കൂടി സോളാര്‍ കലണ്ടര്‍ പ്രകാരം ജപ്പാനില്‍ ഈ ആഘോഷം ജൂലയ് ഏഴിനാണ് വരുന്നത്.
പേര്‍ഷ്യയില്‍ സെപ്പാണ്ടര്‍ മസ്ഗാനാണ് പ്രണയികളുടെ ദിനം. ജലാലി സോളാര്‍ കലണ്ടര്‍ പ്രകാരം 29 ബെഹാമനിലാണ് ആഘോഷിക്കുന്നത്. ജോര്‍ജിയന്‍ കലണ്ടറില്‍ ഇതിനു സമാനമായ ദിനം ഫെബ്രുവരി 17 ന് ആണ്. സര്‍ക്കാരിന്‍റെ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത് ഈ ദിനത്തില്‍ പേര്‍ഷ്യന്‍ യുവതിയുവാക്കള്‍ സമ്മാനം വാങ്ങുകയും കൊടുക്കുകയും പുറത്തു പോകുകയും ചെയ്യുന്നു.
Follow Webdunia malayalam