Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

പ്രണയിക്കുന്നവര്‍ക്കായി ഒരു വാലന്‍റൈന്‍ ദിനം കൂടി

വാലന്റൈന്‍സ് ഡേ

ഗേളി ഇമ്മാനുവല്‍

, ചൊവ്വ, 4 ഫെബ്രുവരി 2020 (19:35 IST)
സ്നേഹിക്കുന്നവര്‍ക്കായി ഒരു വാലന്‍റൈന്‍ ദിനം കൂടി കടന്ന് വരുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി 14 സ്നേഹിക്കുന്നവരുടെ ദിനമായി ആഘോഷിക്കുന്നു. എന്നാല്‍, ഇതിന് വാലന്‍റൈന്‍ ദിനം എന്ന് പേര് വന്നതെങ്ങനെ എന്നറിയുമോ?
 
മൂന്നാം നൂറ്റാണ്ടില്‍ റോമിലായിരുന്നു പുരോഹിതനായ വാലന്‍റൈന്‍ ജീവിച്ചിരുന്നത്. ക്ലാഡിയസ് ചക്രവര്‍ത്തി ആയിരുന്നു അക്കാലത്ത് റോമാ സാമ്രാജ്യം ഭരിച്ചിരുന്നത്. ക്ലാഡിയസിനെ ജനങ്ങളില്‍ മിക്കവരും വെറുത്തിരുന്നു. വാലന്‍റൈനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ തന്‍റെ സൈന്യത്തെ വിപുലമാക്കണമെന്ന് ക്ലാഡിയസിന് ആഗ്രഹമുണ്ടായി. ഇതിനായി യുവാക്കളെ അദ്ദേഹം സൈന്യത്തില്‍ ചേരാന്‍ ക്ഷണിച്ചു. എന്നാല്‍, യുദ്ധം ചെയ്യാന്‍ താല്പര്യമില്ലാത്തതിനാല്‍ മിക്ക യുവാക്കളും സേനയില്‍ ചേരാന്‍ തയാറാ‍യില്ല. ഭാര്യയെയും മക്കളെയും വിട്ട് സേനയില്‍ പ്രാവര്‍ത്തിക്കാന്‍ യുവാക്കള്‍ തയാറാകാത്തതായിരുന്നു ഒരു കാരണം.
 
സ്വാഭാവികമായും ക്ലാഡിയസ് ചക്രവര്‍ത്തി രോഷാകുലനായി. അദ്ദേഹത്തിന്‍റെ മനസില്‍ വിചിത്രമായ ബുദ്ധി ഉദിച്ചു. ഭാര്യയെയും മക്കളെയും വിട്ട് പോകാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണല്ലോ സൈന്യത്തില്‍ ചേരാന്‍ യുവാക്കളെ കിട്ടാത്തത്. വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നാല്‍ പ്രശ്നമില്ലല്ലോ. അങ്ങനെ വിവാഹം നിയമ വിരുദ്ധമായി ക്ലാഡിയസ് പ്രഖ്യാപിച്ചു. ക്രൂരമായ തീരുമാനമാണിതെന്ന് വിശേഷിപ്പിക്കപ്പെട്ടു. വാലന്‍റൈനും ഈ നിയമത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. തൊഴില്‍ പരമായി പുരോഹിതനായ വാലന്‍റൈന്‍റെ ഒരു പ്രധാന ജോലി വിവാഹം നടത്തിക്കൊടുക്കുക എന്നതായിരുന്നു. ക്ലാഡിയസ് നിയമം പാസാക്കിയിട്ടും വാലന്‍റൈന്‍ വളരെ രഹസ്യമായി വിവാഹം നടത്തിക്കൊടുക്കുമായിരുന്നു.
 
അങ്ങനെ ഒരു ദിവസം വിവാഹ ചടങ്ങ് നടന്ന് കൊണ്ടിരിക്കെ സൈനികര്‍ എത്തി വാലന്‍റൈനെ പിടിച്ച് കൊണ്ട് പോയി. ജയിലടയ്ക്കപ്പെട്ട വാലന്‍ന്‍റൈനെ കാത്തിരുന്നത് മരണ ശിക്ഷയായിരുന്നു. എങ്കിലും വാലന്‍റൈന്‍ ദുഃഖിച്ചില്ല. താന്‍ ചെയ്തത് തെറ്റല്ല എന്ന് അദ്ദേഹത്തിന് പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നു. ജയിലില്‍ നിരവധി യുവജനങ്ങള്‍ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. സ്നേഹത്തില്‍ വിശ്വസിക്കുന്നവരായിരുന്നു അവര്‍. ജയിലിലെ സന്ദര്‍ശകരില്‍ ഒരാള്‍ കാവല്‍ക്കാരന്‍റെ മകളായിരുന്നു. വാലന്‍റൈന്‍ ആ പെണ്‍കുട്ടിയുമായി മണിക്കൂറുകള്‍ സംസാരിച്ചിരിക്കുമായിരുന്നു. വാലന്‍റൈന്‍ ചെയ്തത് ശരിയായ കാര്യമാണെന്നും സ്നേഹം ആണ് വലുതെന്നും ആ പെണ്‍കുട്ടി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
 
കഴുമരത്തിലേക്ക് പോയ ദിവസം ആ പെണ്‍കുട്ടിക്കായി ഒരു കുറിപ്പ് ജയില്‍ മുറിയില്‍ വാലന്‍റൈന്‍ വച്ചിരുന്നു. തന്നോട് കാട്ടിയ സ്നേഹത്തിനും സൌഹൃദത്തിനും നന്ദി പറഞ്ഞ് കൊണ്ടായിരുന്നു ആ കുറിപ്പില്‍ വാലന്‍റൈന്‍ ഒപ്പുവച്ചിരുന്നത്. ഈ കുറിപ്പിനെ പിന്തുടര്‍ന്നാണ് ഈ ദിനത്തില്‍ സ്നേഹസന്ദേശങ്ങള്‍ കൈമാറി തുടങ്ങിയത്. 269 എ ഡി ഫെബ്രുവരി 14 നാണ് ഈ കുറിപ്പെഴുതിയ ശേഷം വാലന്‍റൈന്‍ മരണത്തിലേക്ക് നടന്ന് പോയത്. സ്നേഹം ഒരിക്കലും മരിക്കുന്നില്ല എന്ന് വാലന്‍റൈന്‍റെ കഥയില്‍ നിന്ന് മനസിലാക്കാം. ലക്ഷക്കണക്കിന് പ്രണയിതാക്കളിലൂടെ വാലന്‍റൈന്‍ ഇന്നും ജീവിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആപ്പിളിന്റെ തൊലി കളഞ്ഞ് കഴിക്കുന്നത് ശരിയോ?