Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട് നിര്‍മ്മിക്കും മുമ്പ് അഷ്ടദിക്പാലകരെ അറിയണം

വീട്
, ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:25 IST)
PRO
പഞ്ചഭൂതങ്ങളുടെ സന്തുലനത്തിലൂടെ താമസക്കാര്‍ക്ക് സ്വാസ്ഥ്യം നല്‍കുകയാണല്ലോ വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ധര്‍മ്മം. വാസ്തുപുരുഷന്‍ എട്ട് ദേവന്മാര്‍ അഥവാ അഷ്ട ദൈവങ്ങള്‍ വഴിയാണ് പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നത്.

വാസ്തു ശാസ്ത്രത്തില്‍ മൂലകള്‍ക്ക് അഥവാ സന്ധികള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിവരുന്നു. കാരണം, രണ്ട് ദിക്കുകള്‍ ചേരുന്ന ഇടമാണ് ഒരു മൂല അഥവാ സന്ധി. ഇവിടെ രണ്ട് ദിക്കുകളുടെയും ശക്തിസംഗമം നടക്കുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

വീടിന്റെ എട്ട് ദിക്കുകളും കണക്കിലെടുത്താണ് ഗൃഹനിര്‍മ്മാണം നടത്തുന്നത് എങ്കില്‍ ആ ഗൃഹത്തിലെ അന്തേവാസികള്‍ക്ക് എക്കാലവും ഉന്നതിയും സമാധാനവും ഉണ്ടാവും. ഇത്തരത്തില്‍, പ്രാപഞ്ചിക ഊര്‍ജ്ജവും ഭൌമോര്‍ജ്ജവും വേണ്ട രീതിയില്‍ സമ്മേളിക്കുന്നതിനാല്‍ അന്തേവാസികളുടെ ശാരീരികവും മാനസികവുമായ ഊര്‍ജനിലയില്‍ എപ്പോഴും പ്രസരിപ്പ് ഉണ്ടായിരിക്കുന്നതാണ്.

കിഴക്ക് ദിക്ക് ഇന്ദ്ര ദിക്ക് എന്ന പേരിലാണ് അറിയുന്നത്. കാരണം, ഈ ദിക്കിന്റെ അധിപന്‍ ദേവരാജാവായ ഇന്ദ്രനാണ് എന്നതുതന്നെ. ഈ ദിക്ക് വിസ്താരമേറിയതും തടസ്സങ്ങള്‍ ഇല്ലാത്തതും ആയിരിക്കണം. അതായത്, വീട്ടിലേക്ക് എത്തേണ്ട ആരോഗ്യകരമായ ഊര്‍ജ്ജത്തിന് ഒരുവിധ തടസ്സവും ഉണ്ടാവരുത്.

വടക്കുകിഴക്ക് ദിക്ക് ഈശാനകോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഈശാന ദേവന്റെ ദിക്കാണിത്. ഇത് ഏറ്റവും വിശുദ്ധമായ ദിക്കായിട്ടാണ് കണക്കാക്കുന്നത്. ഇവിടം തുറസ്സായി കിടക്കുന്നതാണ് അഭികാമ്യം.

തെക്കു കിഴക്ക് അഗ്നിമൂല എന്നാണ് അറിയപ്പെടുന്നത്. അഗ്നിദേവനാണ് ഈ ദിക്കിന്റെ അധിപന്‍. വീടിന്റെ അടുക്കളയ്ക്ക് ഈ ദിക്ക് ഏറ്റവും അനുയോജ്യമാണ്.

തെക്ക് ദിക്കിന്റെ അധിപന്‍ മൃത്യു ദേവനായ യമനാണ്. തെക്കേ ദിക്കില്‍ കൂടുതല്‍ സ്ഥലം ഇടുകയോ നീളമുള്ള നിര്‍മ്മിതികള്‍ നടത്തുന്നതോ അഭികാമ്യമല്ല എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

തെക്കുപടിഞ്ഞാറ് കന്നിമൂല എന്ന് അറിയപ്പെടുന്നു. നിര്യതി ദേവനാണ് ഈ ദിക്കിന്റെ അധിപന്‍. അസുരന്മാരുടെ ദേവനാണ് നിര്യതി. അതിനാല്‍ ഏറ്റവും പ്രധാന മൂലയാണിത്. ശക്തിമാനായ ഈ അസുര ദേവന്‍ ഗുണദോഷ ഫലങ്ങള്‍ ഉടനടിയാണ് താമസക്കാര്‍ക്ക് നല്‍കുന്നത്.

പടിഞ്ഞാറു ദിക്ക് വരുണദിക്കാണ്. വരുണ ഭഗവാനാണ് ഈ ദിക്കിന്റെ അധിപന്‍. ഈ ദിക്കില്‍ കുഴപ്പമുണ്ടയാല്‍ കുപ്രസിദ്ധിയും സദ്ഗുണമില്ലായ്മയുമാണ് ഫലം.

വടക്ക് പടിഞ്ഞാറ് ദിക്കാണ് വായു മൂല. വായു ഭഗവാനാണ് ഈ ദിക്കിന്റെ അധിപന്‍. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ദിക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഗര്‍ഭം, പ്രസവം തുടങ്ങിയവ നല്ലരീതിയില്‍ നടക്കാന്‍ ഈ ദിക്ക് വേണ്ട വിധത്തില്‍ പരിപാലിക്കേണ്ടിയിരിക്കുന്നു.

വടക്കുദിക്ക് കുബേരദിക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. സമ്പത്തിന്റെ ദേവനായ കുബേരനാണ് ഈ ദിക്കിന്റെ അധിപന്‍. ഈ ദിക്കിലെ നിര്‍മ്മാണം ഈശാനകോണ്‍ വരെ ദീര്‍ഘിപ്പിച്ചാല്‍ ആ ഗൃഹത്തില്‍ സമ്പത്തും ഐശ്വര്യവും കളിയാടുമെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam