Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 സെപ്‌റ്റംബര്‍ 2024 (11:51 IST)
സര്‍വ വിഘ്‌നങ്ങളേയും നിവാരണം ചെയ്യുന്ന വിനായകന്റെ പിറന്നാളാണ് ചിങ്ങത്തിലെ (ഭാദ്ര പഥത്തിലെ) ശുക്‌ളപക്ഷ ചതുര്‍ത്ഥി. എല്ലാ വര്‍ഷവും ഈ ദിവസം വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു. ദേവഗണങ്ങളുടെ നാഥനാണ് ഗണപതി. മന്ത്രങ്ങളുടെ ഈശ്വരനാണ്. പരമാത്മാവിനെ ദര്‍ശിച്ചവനാണ്. സല്‍കര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ ആദ്യം വിഘ്‌നേശ്വരനെ ആരാധിച്ച് ഗണപതിയെ തൃപ്തനാക്കണമെന്നാണ് വിശ്വാസം. വീട്ടിലെ പൂജാ മുറികളില്‍ പോലും ഗണപതിയെ വന്ദിച്ച ശേഷമാണ് പൂജ തുടങ്ങാറ്.
 
കുട്ടികളുടെ വിദ്യാരംഭ സമയത്ത് ഹരി ശ്രീ: ഗണപതയേ നമ: എന്നാണല്ലോ എഴുതാറ്. ലക്ഷ്മിക്കും സരസ്വതിക്കും ഒപ്പം ഗണപതിയേയും എഴുതുന്നു. വൈദികവും താന്ത്രികവുമായ കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ ഗണപതിയേയും ഗുരുവിനെയും ഉപാസിക്കണമെന്നാണ് വ്യവസ്ഥ. മനുഷ്യ ശരീരത്തിന്റെ ഇടതു ഭാഗത്ത് ഗുരുവും വലതു ഭാഗത്ത് ഗണപതിയും ഉണ്ടെന്നാണ് സങ്കല്‍പം. ഗണപതിയെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഇതേ മട്ടില്‍ പല ക്ഷേത്രങ്ങളിലും പ്രതിഷ്ഠകളുമുണ്ട്. ഇന്ന് പലരും ഗണപതിയുടെ വിവിധ രൂപങ്ങളിലുള്ള ശില്‍പങ്ങളും ബിംബങ്ങളും സൂക്ഷിച്ചു വയ്ക്കുന്നതില്‍ കൗതുകം കാട്ടുന്നു.
 
പഞ്ചമുഖ ഗണപതി (അഞ്ചുമുഖം, പത്ത് കൈ, മൂന്ന് കണ്ണ്, സിംഹാരൂഢന്‍), നൃത്ത ഗണപതി, വരസിദ്ധി വിനായകന്‍ (ബ്രഹ്മചാരീ ഭാവം), ബാലഗണപതി, ഉണ്ണിഗണപതി എന്നിങ്ങനെ പോകുന്നു ഗണപതിയുടെ വിവിധ രൂപ ഭാവങ്ങള്‍. ശാക്തേയന്മാര്‍ ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു. ഗണേശാനി വിനായകി സൂര്‍പ കര്‍ണ്ണി ലംബാ മേഖല എന്നിങ്ങനെ പോകുന്നു സ്ത്രീ ഗണപതിയുടെ പേരുകള്‍. ഗണപതിക്ക് കൊടുക്കുക എന്നൊരു സങ്കല്‍പമുണ്ട്. ഏതു കാര്യം തുടങ്ങുമ്പോഴും ഗണപതിയെ സങ്കല്‍പ്പിച്ച് ഗണപതിക്ക് നല്‍കിയിട്ടു വേണം തുടങ്ങാന്‍.
 
അതുപോലെ ഉച്ഛിഷ്ട ഗണപതി എന്നൊരു സങ്കല്‍പമുണ്ട്. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന പദാര്‍ത്ഥങ്ങള്‍ ചീത്തയായി തുടങ്ങുന്നതിന് മുന്‍പ് അവയെ പ്രകൃതിയിലേക്ക് ലയിപ്പിക്കുന്നു. ഇവിടെ ഗണപതിയെ പ്രകൃതിയുടെ അധിദേവതയായാണ് സങ്കല്‍പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗണേശചതുര്‍ഥിയുടെ ഐതീഹ്യം അറിയാമോ