Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണികാണേണ്ടതെങ്ങനെ

കണികാണേണ്ടതെങ്ങനെ
കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി.

ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിയോ ഒക്കെ. തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കിവച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വച്ച് അതിനടുത്താവും അവര്‍ കിടന്നുറങ്ങുക. കൈയെത്തുന്നിടത്ത് തീപ്പെട്ടിയും ഉണ്ടാകും.

ഉറക്കമുണര്‍ന്നാലുടന്‍ വിളക്കിന്‍റെ തിരി കണ്ടുപിടിച്ച് കണ്ണടച്ച് വിളക്കു കൊളുത്തുന്നു. തീപകരുന്നതിനോടൊപ്പം ദിവ്യമായ കണിയും അവര്‍ കാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു.

കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.

കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ പിന്നെ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളി കൊണ്ടുചെന്ന് കാണിക്കും. പശുക്കളുള്ള വീട്ടില്‍ അവയേയും കണി ഉരുളി കാണിക്കും.

പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്.

മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ മാറുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും. തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.

Share this Story:

Follow Webdunia malayalam