വിഷു, ജീവിതവുമായി വളരെയടുത്ത ഒരാഘോഷമാണ്. സുന്ദരമായ ശൈലികളും പദാവലികളും ഭാഷയ്ക്ക് വിഷു സംഭാവനയായി നല്‍കിയിട്ടുണ്ട്.
കണി
വിഷുക്കണിയെ ചുരുക്കിപ്പറയുന്ന പേരാണ് കണി. കൊന്നപ്പൂവ്, അഷ്ടമംഗല്യം, നാളികേരം, നെല്ല്, ചക്ക, മാങ്ങ, വെള്ളരിക്ക, വാഴപ്പഴം, സ്വര്‍ണാഭരണം, ഉണക്കലരി, അലക്കിയ വസ്ത്രം, വാല്‍ക്കണ്ണാടി തുടങ്ങിയവ ഓട്ടുരുളിയില്‍ വച്ച് പ്രഭാതത്തില്‍ കാണുന്ന കണി.
കണിക്കെട്ട്
കൊന്നപ്പൂവും, മാങ്ങാക്കുലയും ചേര്‍ന്നതാണ് കണിക്കെട്ട്. ഉറക്കമുണരുമ്പോള്‍ കാണാനായി ഇതു വാതിക്കല് തൂക്കും.
കണിക്കൊന്ന
വിഷുവിന് കണികാണാന്‍ ഉപയോഗിക്കുന്ന കൊന്നപ്പൂ വളരുന്ന കൊന്നമരം.
കണിയപ്പം
വിഷുവിനുള്ള ഒരു പ്രധാന വിഭവം. കണിവിളിച്ച് കണിയപ്പം ശേഖരിക്കുന്നത് കുട്ടികളുടെ വിനോദമാണ്.
കണിവിളി
വിഷുദിവസം കുട്ടികള്‍ വീടുതോറും സംഘമായി ചെര്‍ന്ന് വിളിക്കുന്നത്. "കണി കണിയേയ് കണി കണിയേയ്... എന്ന് വിളിക്കുന്നു.
കണിവെള്ളരിക്ക
ചുവന്നുതുടുത്ത വെള്ളരിക്ക വിഷു വിഭവങ്ങളില്‍ പ്രധാനം
കൈനീട്ടം
വിഷുവിന് കുടുംബാംഗങ്ങളില്‍ നിന്ന് പാരിതോഷികമായി ലഭിക്കുന്ന നാണയം
തുലാപ്പത്ത്
തുലാം വിഷുവിനോടനുബന്ധിച്ചുള്ള പത്താമുദയം
തുലാവിഷു
തുലാമാസത്തിലെ വിഷു
വിഷുപ്പടക്കം
വിഷുവിന് പടക്കം - ഈര്‍ക്കിലിപ്പടക്കം, കമ്പിത്തിരി, മത്താപ്പൂ തുടങ്ങിയവ കത്തിക്കുന്നത്.
പടുക്കയിടുക
വിഷുത്തലേന്ന് ചെയ്യുന്ന ക്രിയ. മുന്തിരി, കല്‍ക്കണ്ടം, തേങ്ങ, പഴം, അരി, മാമ്പഴം, തുടങ്ങിയവ കൊണ്ടാണ് പടുക്കയിടുന്നത്. വിഷുക്കണി കണ്ട് കഴിഞ്ഞാല്‍ പടുക്കമുറിക്കണം. അതിന് ശര്‍ക്കരക്കഞ്ഞിയോ പായസമോ വേണം.
പത്താമുദയം
വിഷുവിന്റെ പത്താം ദിവസം കൃഷി തുടങ്ങുന്നത് വിഷുവിനും പത്താമുദയത്തിനുമിടയ്ക്കാണ്.
മാറാച്ചന്ത
വിഷുവിന്റെ തലേന്നുള്ള ചന്ത
വാല്‍ക്കണ്ണാടി
വിഷുക്കണിയുടെ സാമഗ്രികളില്‍ പ്രധാനം
വിത്തും കൈക്കോട്ടും
വിഷുപ്പക്ഷിയുടെ പാട്ട്
വിരിപ്പുകൃഷി
വിഷുകഴിഞ്ഞാല്‍ തുടങ്ങുന്ന നെല്‍കൃഷി
വിഷുക്കഞ്ഞി
ശര്‍ക്കരയും തേങ്ങയും ചിരകിയിട്ട് പായസക്കഞ്ഞി
വിഷുമാറ്റം
മാറ്റച്ചന്ത. നാണയം വരും മുന്‍പ് സാധനങ്ങള്‍ കൈമാറി കച്ചവടം നടത്തിയിരുന്ന ചന്ത.
വിഷുവല്‍ പുണ്യകാലം
വിഷുദിനം
വിഷുവല്ലി
തെക്കേ മലബാറില്‍ അരി, തേങ്ങ, എണ്ണ തുടങ്ങിയവ പണിക്കാര്‍ക്ക് വിഷുവിന് നാളില്‍ കൊടുക്കുന്നുവ.