പ്രകൃതിയുടെ പൊന്‍കിരീടമായി കൊന്നപ്പൂക്കള്‍
, വെള്ളി, 13 ഏപ്രില്‍ 2012 (21:08 IST)
സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്നവയാണ് കൊന്നപ്പൂക്കള്‍. പ്രകൃതിയുടെ വിഷുക്കൈനീട്ടമാണിവ. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. സംസ്കൃതത്തില്‍ ആരഗ്വധ, രാജവൃക്ഷ എന്നിങ്ങനെയും അറിയപ്പെടുന്നു. സ്വര്‍ണമലരിയെന്നും കൊന്നപ്പൂക്കള്‍ക്ക് പേരുണ്ട്. മലയാളികളുടെ ദേശീയ പുഷ്പമാണ് കണിക്കൊന്ന.പ്രകൃതിയുടെ പൊന്‍കിരീടമാണ് കൊന്നപ്പൂക്കള്‍. വിഷുക്കണി വയ്ക്കുമ്പോഴും ഇതേ സങ്കല്പമാണുള്ളത്. കണിയൊരുക്കുന്ന ഓട്ടുരുളി പ്രപഞ്ചത്തിന്‍റെയും അതിലെ വസ്തുക്കള്‍ കാലപുരുഷന്‍റേയും പ്രതീകമാണ്. ഉരുളിയിലെ പുസ്തകം വാണിയാണ്, അക്ഷരമാണ്. വിളക്കിലെ തിരികള്‍ ഭഗവാന്റെ കണ്ണുകളാണ്. ഫലങ്ങളാകട്ടെ - കണിവെള്ളരി - മുഖശ്രീയും. സ്വര്‍ണ്ണവര്‍ണ്ണത്തെ പൂണ്ട മനോഹരമായ കൊന്നപ്പൂക്കളാകട്ടെ കാലപുരുഷനായ വിഷ്ണു ഭഗവാന്‍റെ പൊന്നിന്‍ കിരീടമാണെന്നാണ് സങ്കല്പം. ഉരുളിയില്‍ വാല്‍ക്കണ്ണാടി വച്ച് ഭഗവതിയെ സങ്കല്പിക്കുന്നവരും കൊന്നയെ സ്വര്‍ണ്ണത്തിന്‍റെ ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് കാണുന്നത്.കാണാനഴകുള്ള പൂക്കള്‍ നിറച്ചുണ്ടാവുന്ന വൃക്ഷം മാത്രമല്ല കൊന്ന. അത് സമൂലം ഔഷധമാണ്. പൂവും തടിയും തൊലിയും വേരുമെല്ലാം ഔഷധഗുണമുള്ളവ തന്നെ. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. കൊന്നത്തൊലി, ചന്ദനം, ത്രിഫലത്തൊണ്ട്, മുന്തരിങ്ങ എന്നിവ സമം ചേര്‍ത്ത് കഷായം വച്ച് സേവിച്ചാല്‍ ദുര്‍ഗന്ധത്തോടെ നുരയും പതയുമായി മൂത്രം പോകുന്ന അസുഖത്തിന് ശമനം കിട്ടും. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൊന്ന വളരുക. ഏതു കൊടും വേനലിനെയും അതിജീവിക്കും. ചൂടും വരള്‍ച്ചയും കൊന്നയെ ഏശില്ല. ഏതാണ്ട് 40 അടി വരെ പൊക്കം വയ്ക്കും. സ്വദേശം ഇന്ത്യയാണ്. ഏതാണ്ട് ഹിമാലയത്തിന്‍റെ താഴ്വാരം വരെ കൊന്ന വളരുന്നുണ്ട്. ഈജിപ്തിലും ഇന്‍ഡീസിലും കണ്ടു വന്നിരുന്ന കണിക്കൊന്ന ഇന്ന് മിക്കവാറും എല്ലാ ഉഷ്ണമേഖലാ രാജ്യങ്ങളിലും വളരുന്നുണ്ട്. വിത്തു പാകിയാണ് ചെടി വളര്‍ത്തുന്നത്. ഫാബാസിയ എന്ന സസ്യകുടുംബത്തില്‍പ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല എന്നാണ്. ഇന്ത്യന്‍ ലാബര്‍നം, സുവര്‍ണ മഴ, അമല്‍, പാര്‍ജിങ് കാസ്യ എന്നിങ്ങനെയും പേരുകളുണ്ട്.കൊന്നപ്പൂവിനെക്കുറിച്ച് നിരവധി സിനിമാഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചില വരികള്‍ ചുവടെ-കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ (അമ്മയെകാണാന്‍)കര്‍ണികാരം പൂത്തുതളിര്‍ത്തു കല്പനങ്ങള്‍ താലമെടുത്തു (കളിത്തോഴി )പൊന്നിലന്നിലഞ്ഞികള്‍ പന്തലൊരുക്കി കര്‍ണികാരം താലമെടുത്തു. (ഗുരുവായൂര്‍ കേശവന്‍) മണിക്കൊന്ന പൂത്തു മലര്‍ക്കണിയായി മനസ്വിനീ നീയെന്‍ വിഷുക്കണിയായി (മദനോത്സവം)കല്പനാരാമത്തിന്‍ കണിക്കൊന്ന പൂത്തപ്പോള്‍ സ്വപ്ന സഖീ നീ മുന്നില്‍ വന്നു കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്കണ്മണി തന്‍ മോഹമന്ദസ്മിതം.
Follow Webdunia malayalam