Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൃദ്ധിയുടെ വിഷുക്കൈനീട്ടം

സമൃദ്ധിയുടെ വിഷുക്കൈനീട്ടം
വിഷുവിന് കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. കുടുംബസ്വത്തിന്‍റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്‍റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. നാണയമാണ് കൈനീട്ടമായി നല്‍കുക(ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്).

കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും.

ഉച്ചയ്ക്ക് മുന്‍പ് വിഷുഫലം അറിയാം. കണിയാര്‍ വീട്ടിലെത്തി കുടുംബത്തിന്‍റെ ഭാവി പറയുന്നു. കുടുംബാംഗങ്ങളുടെ ജീവിത കാര്യങ്ങളെക്കുറിച്ചും പ്രവചനങ്ങള്‍ നടത്തുന്നു. ദോഷ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം പാടത്ത് കന്നുപൂട്ടു തുടങ്ങാനുള്ള ദിവസവും കണിയാര്‍ കുറിച്ചു നല്‍കുന്നു.

വിഷുവിന് കൃഷിപ്പണി തുടങ്ങണമെന്നാണ് സങ്കല്‍പം. അതുകൊണ്ട് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി ആണുങ്ങള്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് വിഷുച്ചാല്‍ കീറുക എന്ന് പറയുന്നത്.

Share this Story:

Follow Webdunia malayalam