Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍-ബന്ധവ്ഗഡ്

ഹിമം

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍-ബന്ധവ്ഗഡ്
PTI
പക്ഷികളുടെ കളകളാരവവും ഹരിതാഭമായ വന ഭംഗിയും ഏതൊരു വിനോദ സഞ്ചാരിയും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അനുഭങ്ങളായിരിക്കും. അപ്രതീക്ഷിതമായി മുന്നില്‍ വന്നെത്തുന്ന കാട്ടിലെ രാജാക്കന്‍‌മാര്‍ കൂടിയായാല്‍ സഞ്ചാരി സംതൃപ്തിയുടെ പരകോടിയിലെത്തുമെന്ന് ഉറപ്പ്.

ഏറ്റവും വലിയ സംസ്ഥാനമെന്ന് പേരു കേട്ട മധ്യ പ്രദേശ് വന ഭൂമിയുടെ കാര്യത്തിലും മുന്നിലാണ്. ഇവിടത്തെ ബന്ധവ്ഗഡ് ദേശീയ പാര്‍ക്ക് വിനോദ സഞ്ചാരികളുടെ പറുദീസ തന്നെയാണ്. കണ്ണുകളിലേക്ക് അത്ഭുതത്തിന്‍റെ തിരിവെട്ടം പകര്‍ന്ന് പാറിയെത്തുന്ന പക്ഷികള്‍, പ്രകൃതിയുടെ പച്ചപ്പ് നിര്‍ല്ലോഭം വാരിയണിഞ്ഞു കിടക്കുന്ന പുല്‍‌മേടുകള്‍, വിന്ധ്യ പര്‍വതത്തിന്‍റെ മടിത്തട്ടിലെ ഈ ഉദ്യാനം ആനന്ദകരമായ കാഴ്ച തന്നെയെന്ന് ആരും സമ്മതിക്കും.

കടുവകളാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. മാമരങ്ങളും മുളംങ്കാടുകളും പുല്‍‌മേടുകളും നിറഞ്ഞ ഇവിടെ കുന്നുകളും താഴ്‌വരകളും ചേര്‍ന്ന് വൈവിധ്യതയൊരുക്കുന്നു. മൊത്തം 407 ചതുരശ്ര കിലോമീറ്ററിലാണ് ബന്ധവ്ഗഡ് പരന്നു കിടക്കുന്നത്. നവംബര്‍ പകുതിമുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ജൂലൈ മുതല്‍ നവംബര്‍ വരെ സന്ദര്‍ശകരെ അനുവദിക്കില്ല.

ബന്ധവ്ഗഡില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ജീപ്പ് സവാരി നടത്താനുള്ള അവസരം ലഭിക്കും. എന്നാല്‍, കടുവകളുമായി ഒരു മുഖാമുഖം നടത്താന്‍ സാധിച്ചേക്കാവുന്ന ആനപ്പുറുത്തള്ള സവാരി അതിരാവിലെയാണ് തരപ്പെടുക. ചിങ്കാരമാന്‍, നില്‍ഗിരി മാനുകള്‍, ശീതള്‍, കാട്ടുകാള , കുറുക്കന്‍, ചെന്നായ തുടങ്ങിയ മൃഗങ്ങള്‍ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സ്ഥിരം അന്തേവാസികളാണ്.

വന്യജീവി കേന്ദ്രം എന്നതിനു പുറമേ പൌരാണികതയെ കണ്ടറിയുന്നതിനും ഇവിടം അവസരമൊരുക്കുന്നു. കാല്‍ചൂരി പുരാവസ്തു ശേഖരങ്ങളും പതിനാലാം നൂറ്റാണ്ടിലെ ബന്ധവ്ഗഡ് കോട്ടയും പൌരാണികതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ചരിത്രാതീത കാലത്തെ ഗുഹകള്‍ക്ക് പേരുകേട്ടയിടം കൂടിയാണിത്.

എത്തിച്ചേരാന്‍

വ്യോമ മാര്‍ഗ്ഗം എത്തിച്ചേരാനായി ഖജുരാഹോ വിമാനത്താവളമാണ് ഏറ്റവും അടുത്ത്-230 കിലോമീറ്റര്‍. തെക്കുകിഴക്കന്‍ ‌റയില്‍‌വേയുടെ കീഴിലുള്ള ഉമാരിയ സ്റ്റേഷന്‍ വെറും 30 കിലോമീറ്റര്‍ അകലെയാണ്. റോഡുമാര്‍ഗ്ഗം എത്തിച്ചേരാനും എളുപ്പമാണ്. ബന്ധവ്ഗഡ് ദേശീയ പാര്‍ക്ക് സാന്ത-ഉമാരിയ ദേശീയ പാതയുടേയും റേവ-ഉമാരിയ ദേശീയപാതയുടേയും അരികിലായാണ് സ്ഥിതി ചെയ്യുന്നത്.



Share this Story:

Follow Webdunia malayalam