Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാഭാവികതയുടെ കാഴ്ച: ബന്ദിപ്പൂര്‍

സ്വാഭാവികതയുടെ കാഴ്ച: ബന്ദിപ്പൂര്‍
PRO
വന്യമൃഗങ്ങളെ അവയുടെ സ്വാഭാവികതയോടെ അടുത്ത് കാണുക ഒരു ഭാഗ്യം തന്നെയാണ്. ഈ ഭാഗ്യം അളവില്‍ കൂടുതല്‍ അനുഭവിക്കാന്‍ ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കഴിയും. നീലഗിരിക്കുന്നുകളുടെ താഴ്‌വരയിലാണ് സ്വാഭാവിക സുന്ദരമായ ഈ വന്യമൃഗ സങ്കേതം.

മൈസൂര്‍-ഊട്ടി ദേശീയ പാതയ്ക്കരുകില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം ഇന്ത്യയിലെ പ്രധാന ടൈഗര്‍ പ്രോജക്ടുകളില്‍ ഒന്നുകൂടിയാണ്. കര്‍ണാടകയിലെ ചരമരാജ ജില്ലയിലെ ബന്ദിപൂര്‍ സങ്കേതം വഴിയാത്രക്കാര്‍ക്കു പോലും അത്ഭുത കാഴ്ചകള്‍ സമ്മാനിക്കുന്നു.

മൈസൂര്‍-ഊട്ടി ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓടിപ്പോവുന്ന ഒരു മാന്‍ കൂട്ടം അല്ലെങ്കില്‍ കുട്ടിയെയും കൊണ്ട് അലസഗമനത്തിലായിരിക്കുന്ന ഒരു കാട്ടാനക്കൂട്ടം ഇവയിലേതെങ്കിലും നിങ്ങളുടെ കണ്ണില്‍ പെടാതിരിക്കില്ല. വന്യജീവികളെ കൂടാതെ അപൂര്‍വ്വ സസ്യങ്ങളുടെയും മറ്റ് അപൂര്‍വ്വ സ്പീഷീസുകളുടെയും ആവാസ കേന്ദ്രം കൂടിയാണ്.

ബന്ദിപ്പൂര്‍ വനത്തിനുള്ളിലൂടെയുള്ള വഴികള്‍ വിനോദ സഞ്ചാരികളോട് അപൂര്‍വ്വ കാഴ്ചകളുടെ കഥപറയാന്‍ കാത്തിരിക്കുകയാണ്. മുപ്പത് മീറ്റര്‍ വരെ ഉയരമുള്ള വന്‍‌മരങ്ങളും അപൂര്‍വ്വയിനം പക്ഷികളുടെയും വന്യ ജീവികളുടെയും വിഹാര കേന്ദ്രത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭവമായിരിക്കും.

മണ്‍സൂണിനു മുമ്പുള്ള മഴക്കാലം പക്ഷികളുടെ പ്രജനന കാലമാണ്. ഈ സമയം കബനിയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്ത് പക്ഷികളുടെയും കുളിനീര്‍ തേടി വരുന്ന ആനക്കൂട്ടത്തിന്‍റെയും മറ്റ് വന്യ ജീവികളുടെയും നേര്‍ക്കാഴ്ച കണ്ണിന് കുളിരാവും. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

കേരളവുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം 1931ല്‍ മൈസൂര്‍ മഹാരാജാക്കന്‍‌മാരാണ് സ്ഥാപിച്ചത്. ഇവിടേക്ക് റോഡുമാര്‍ഗ്ഗം എത്താന്‍ ഊട്ടിയില്‍ നിന്നും മൈസൂരില്‍ നിന്നും 80 കിലോമീറ്റര്‍ യാത്രചെയ്താല്‍ മതിയാവും. 220 കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂര്‍ ആണ് ഏറ്റവും അടുത്ത വിമാനത്താവളം.




Share this Story:

Follow Webdunia malayalam