Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിളയട്ടെ... ടെറസിലും പച്ചക്കറി; വലിയ കാര്യത്തിലേക്കുള്ള ചെറിയ തുടക്കം എങ്ങനെ?

ടെറസിൽ കൃഷി ചെയ്യാൻ എന്തെല്ലാം ചെയ്യണം?

വിളയട്ടെ... ടെറസിലും പച്ചക്കറി; വലിയ കാര്യത്തിലേക്കുള്ള ചെറിയ തുടക്കം എങ്ങനെ?
, ബുധന്‍, 31 ഓഗസ്റ്റ് 2016 (16:10 IST)
റോഷൻ ആൻഡ്രൂസിന്റെ സിനിമയിൽ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രം സ്വന്തം ഇഛാശക്തികൊണ്ട് വിജയിക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്ത ടെറസ് പച്ചക്കറി കൃഷി ആരും അത്രവേഗം മറക്കാൻ സാധ്യതയില്ല. സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ സ്വന്തം വീട്ടിലും ഒരു അനുപമയെ കാണാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടാകും. അതിനു പറ്റിയില്ലെങ്കിൽ അയൽവക്കത്തെങ്കിലും ഒരു അനുപമ പൊട്ടിമുളച്ചിട്ടുണ്ടാകും. അതും പോരാഞ്ഞ്, സിനിമയിലെ കഥാപാത്രത്തെ അനുകരിച്ച്‌ മലയാളി സ്ത്രീകളെക്കൊണ്ട് മട്ടുപ്പാവ് കൃഷി ചെയ്യിക്കുക എന്ന പദ്ധതിയുമായി കുടുംബശ്രീയും രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ പദ്ധതി പൊളിഞ്ഞത് പെട്ടന്നായിരുന്നു. 
 
ആദ്യത്തെ ഒരു താൽപ്പര്യം പതിയെ പതിയെ കെട്ടടങ്ങി എന്നുതന്നെ പറയാം. എന്നാൽ, നിരുപമ ഒരു കാരണം മാത്രമായ ഒരുപാട് സ്ത്രീകൾ കേരളത്തിലുണ്ട്. നിരുപമയെ പോലെ അവർ വിജയിക്കുകയും ചെയ്തു. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ, രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾക്കായി അവർ സമയങ്ങൾ ചിലവഴിച്ചു. എങ്ങനെ നടണം, എവിടെ നിന്നു തുടങ്ങണം തുടങ്ങിയ കാര്യങ്ങൾ ഗവേഷണം വരെ നടത്തിയെന്ന് വേണമെങ്കിൽ പറയാം. വീട്ടിലേക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ എത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതുപോലെ ടെറസ് ഉള്ളിടത്തോളം കാലം പരീക്ഷണങ്ങളും അവസാനിക്കുന്നില്ല എന്ന് പറയാം.
 
 എന്താണ് ടെറസ് കൃഷി?
 
webdunia
ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിൽ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.
 
ആദ്യ പടി
 
ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. ടെറസിൽ പച്ചക്കറി കൃഷി തുടങ്ങാൻ ഇവയിലേതെങ്കിലും ധാരാളം.  
 
എവിടെ തുടങ്ങണം?
 
ചട്ടിയില്‍ ആണ്‌ കൃഷിയെങ്കില്‍ പോട്ടിംഗ്‌ മിശ്രിതം നിറയ്‌ക്കുമ്പോള്‍ ചുവട്ടില്‍ നീര്‍വാര്‍ച്ചയ്‌ക്കായുള്ള ദ്വാരങ്ങള്‍ അടഞ്ഞുപോകാതെ നോക്കണം. ചട്ടിയുടെ അടിയില്‍ അഞ്ചുസെന്റിമീറ്റര്‍ കനത്തില്‍ ചെറിയ കല്ലിന്‍ കഷണങ്ങള്‍ നിരത്തി മുകളില്‍ നാലു സെന്റിമീറ്റര്‍ കനത്തില്‍ മണല്‍ നിരത്തണം. ഇതിന്റെയും മുകളില്‍ പോട്ടിങ്‌ മിശ്രിതം നിറയ്‌ക്കണം. കൃഷി പൂര്‍ത്തിയാക്കി അടുത്ത കൃഷി ആരംഭിക്കുന്നതിനു മുമ്പ്‌ ചട്ടിയില്‍ പുതിയ മിശ്രിതം നിറയ്‌ക്കണം. ടെറസിനു ചുറ്റും ഒരു വരമ്പുണ്ടാക്കി, 20 മുതൽ 30 വരെ സെന്റി‌മീറ്ററിൽ മണ്ണ് നിറയ്ക്കുക. ഇതിനുശേഷം ധൈര്യമായി കൃഷി തുടങ്ങാം (വിത്തു പാകാം).
 
webdunia
തടങ്ങളില്‍ മണ്ണിടുന്നതും ഇഷ്‌ടിക നിരത്തുന്നതും പോളിത്തീന്‍ ഷീറ്റ്‌ വിരിച്ചശേഷം വേണം. ഓരോ കൃഷി കഴിയുമ്പോഴും അടുത്ത കൃഷി തുടങ്ങുന്നതിനു മുമ്പായി മണ്ണില്‍ ആവശ്യത്തിന്‌ ജൈവവളം ചേര്‍ത്തിരിക്കണം. തുടക്കത്തില്‍ മണല്‍, മണ്ണ്‌, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ കലര്‍ത്തിയ മണ്‍മിശ്രിതം ചെടികള്‍ വളര്‍ത്താന്‍ ഉപയോഗിക്കാം. ഇത് ചെടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്. ഒരു പരിധിയില്‍ കൂടുതൽ മട്ടുപ്പാവില്‍ മണ്ണു നിറയ്‌ക്കാന്‍ പാടില്ല. ആവശ്യത്തിനു നനച്ചാല്‍ മതി.
ഒരിക്കലും ടെറസിൽ വെള്ളം കെട്ടികിടക്കാൻ പാടില്ല. വെള്ളം ഉണ്ടെങ്കിൽ തന്നെ, അത് ഒഴുക്കി വിടാൻ മാർഗം ഉണ്ടാക്കേണ്ടതാണ്. 
 
ഏതെല്ലാം പച്ചക്കറികൾ നട്ടു വളർത്താം?
 
തക്കാളി, വഴുതന, മുളക്‌, ചീര, വെണ്ട, പയര്‍, മല്ലി, ചേന, ചേമ്പ്‌, കാച്ചില്‍ തുടങ്ങിയവ ടെറസില്‍ കൃഷിചെയ്യാം. കയര്‍ കെട്ടി പന്തലോ വേലിയോ ഉണ്ടാക്കാന്‍ സൗകര്യമുണ്ടെങ്കില്‍ പാവല്‍, പടവലം, കോവല്‍, പീച്ചില്‍, മത്തന്‍, കുമ്പളം, വള്ളിപ്പയര്‍ തുടങ്ങിയവയും കൃഷിചെയ്യാം. ഇതിൽ വള്ളി പയറാണ് ഏറ്റവും ഉത്തമമെന്ന് പറയാം. വളരെ വേഗതയിൽ ഫലം കാണുന്നതും ഇതുതന്നെ. മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയ വിളകള്‍ മട്ടുപ്പാവില്‍ തെങ്ങോലകള്‍ വിരിച്ച്‌ പടര്‍ത്താം. പടർന്നു കയറേണ്ട വിളകൾക്ക് അതിനുള്ള സൗകര്യങ്ങളും ചെയ്താൽ മതി.
 
മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിക്ക്‌ പല മെച്ചങ്ങളുമുണ്ട്‌. മണ്ണൊരുക്കല്‍, കളയെടുപ്പ്‌, കീടരോഗ നിയന്ത്രണം, ജലസേചനം തുടങ്ങിയവ താരതമ്യേന അനായാസകരമായും പെട്ടെന്നും ചെയ്‌തു തീര്‍ക്കാം. കുറച്ചു ചെടികള്‍ മാത്രമേ വളര്‍ത്തുന്നുള്ളു എന്നതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെയും താല്‍പര്യത്തോടെയും ചെടികളെ പരിചരിക്കുകയുമാവാം.
 
സുഗന്ധം വിടർത്തും ടെറസ്
 
എന്തിന് പച്ചക്കറികൾ മാത്രമാക്കുന്നു. പഴങ്ങളും പൂക്കളും നട്ടുവളർത്താം. ആന്തൂറിയം, ഓർക്കിഡ്, റോസ്, മുല്ല, വാടമുല്ല, തുളസി, സൂര്യകാന്തി തുടങ്ങി അത്യാവശ്യം എല്ലാ പൂക്കളും ടെറസിൽ വച്ചു പിടിപ്പിക്കാൻ കഴിയും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്താംക്ലാസ് പാസായില്ലെങ്കില്‍ എന്താ? മാളവിക ഇനി പഠിക്കുക എംഐടിയില്‍