Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധനം: സർവ്വനാശത്തിലേക്കുമുള്ള തൂക്കം, മാതാപിതാക്കളുടെ ഹൃദയത്തിൽ കനലെരിയുന്നു, അവരുടെ പെൺ‌മക്കളെ ഓർത്ത്

സ്ത്രീയല്ലോ ധനം, പിന്നെയെന്തിന് സ്ത്രീധനം?

സ്ത്രീധനം: സർവ്വനാശത്തിലേക്കുമുള്ള തൂക്കം, മാതാപിതാക്കളുടെ ഹൃദയത്തിൽ കനലെരിയുന്നു, അവരുടെ പെൺ‌മക്കളെ ഓർത്ത്
, ശനി, 20 ഓഗസ്റ്റ് 2016 (16:00 IST)
സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം തന്നെയാണ് നമ്മുടേത്. എന്നാൽ ഇടയ്ക്കെവിടെയോ സമൂഹം അവരെ മാറ്റി നിർത്തി ചിന്തിക്കുന്നു. മനുഷ്യൻ എന്ന പരിഗണന്യ്ക്ക് പുറമേ വെറും സ്ത്രീയായിട്ടാണ് സമൂഹം അവരെ കാണുന്നത്. സ്ത്രീയുടെ കഴിവിനെയോ അവളുടെ സ്വപ്നങ്ങളെയോ പുല്ലുവില കൽപ്പിക്കാത്ത സമൂഹമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ആരേയും കുറ്റം പറയാൻ പറ്റില്ല. കാരണം, കണക്കുകൾ എടുത്താൽ ഞെട്ടുന്നതും ഈ സമൂഹം തന്നെയായിരിക്കും. സ്ത്രീകൾക്ക്, അവരുടെ ജീവിതത്തിന് വിലയിടുന്നൊരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ട്. സ്ത്രീധനം. സംഭവം പഴഞ്ചൻ ആണെങ്കിലും വേരുകൾ ആഴത്തിലാണ്. അതുകൊണ്ടാണല്ലോ ഇപ്പോഴും സ്ത്രീധനം നിലനിൽക്കുന്നത്. 
 
webdunia
സ്ത്രീ ധനമായിരിക്കുമ്പോൾ പിന്നെ സ്ത്രീധനം വാങ്ങുന്നതെന്തിന്. സർവ്വനാശത്തിലേക്കുമുള്ള തൂക്കമാണ് സ്ത്രീധനം എന്നു പറയുന്നതാകും ശരി. കനലെരിയുന്ന ഹൃദയവുമായി ഓരോ മാതാപിതാക്കളും തങ്ങളുടെ പെൺമക്കളെ വളർത്തുന്നു. അവർക്കായി സ്വരുകൂട്ടുന്നു. കാരണം, അവളെ വിവാഹം കഴിക്കാൻ വരുന്നയാൾ എത്രയാണ് സ്ത്രീധനമായി ചോദിക്കുക എന്നറിയില്ലല്ലോ. മാതാപിതാക്കളെ കുറ്റം പറയാൻ കഴിയില്ല. സ്ത്രീധനം നൽകിയില്ലെങ്കിൽ മക്കളെ ആരും വിവാഹം കഴിക്കാം സമ്മതിച്ചില്ലെങ്കിലോ എന്നൊരു ഭയവും അവർക്കുണ്ടാകും. 
 
webdunia
അർഹിക്കാത്തതും കണ്ണീരുപുരണ്ടതുമാണെങ്കിലും, പ്രാദേശികമായി ലാഭത്തിൽ ഏറ്റക്കുറച്ചിലു
ണ്ടാകാമെങ്കിലും, സ്ത്രീധനം എന്നത് ഒരു ചെറുപ്പക്കാരന് ഏറ്റവും എളുപ്പത്തിൽ കൈക്കലാക്കാവുന്ന സാമാന്യം വലിയൊരുസ്വത്താണ്. അത് കൈക്കലാക്കണമെങ്കിൽ ഓരോരുത്തർക്കും അത്ര തന്നെ തൊലിക്കട്ടിയും വേണം. നിയമ പ്രകാരം സ്ത്രീധനം ഇന്ത്യയിൽ നിരോധിച്ചതാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമായ കുറ്റകരമാണ്.
 
1961 - ലെ സ്ത്രീധന നിരോധ നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. 
 
webdunia
വിദ്യാഭ്യാസമുള്ളവർക്കും സ്ത്രീധനമെന്ന പിശാചിനെക്കുറിച്ച് ബോധമുള്ളവർക്കും മാത്രമേ സമൂഹത്തിൽ നിന്നും സ്ത്രീധനത്തെ ഒഴുവാക്കി നിർത്താൻ സാധിക്കുകയുള്ളു. മക്കൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുക, പണം ഉണ്ടാക്കുന്നത് അവരുടെ പഠനത്തിന് വേണ്ടിയാകുക, അല്ലാതെ സ്ത്രീധനത്തിനു വേണ്ടിയാകരുത്. ഈ തീരുമാനമാണ് ഓരോ മാതാപിതാക്കളും ആദ്യം സ്വീകരിക്കേണ്ടത്. സ്ത്രീധനം നൽകിയാലും കൊടുത്താലും ഉണ്ടാകുന്ന ശിക്ഷയെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം.
 
ശിക്ഷ:
 
1. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, ഇതിന് പ്രേരിപ്പിക്കുന്നതും, 5 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000 രൂപയോ, സ്ത്രീധനത്തുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്.
 
2. വധൂവരന്മാരുടെ മാതാപിതാക്കളോടോ, ബന്ധുക്കളോടോ, രക്ഷിതാക്കളോടോ, പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരവും 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവു ശിക്ഷയും 10,000 രൂപ പിഴ ഒടുക്കുവാനും ഉള്ള ശിക്ഷയ്ക്ക് അർഹനുമായിരിക്കും.
 
3. സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മാധ്യമ പരസ്യം കൊടുക്കുന്നയാൾക്ക്, 6 മാസം മുതൽ 5 വർഷം വരെയുള്ള കാലത്തേക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. കൂടാതെ 15,000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.
 
4. സ്ത്രീധനതുക വധുവിന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ട സമയ പരിധിക്കുള്ളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ, ചുരുങ്ങിയത് 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. പിഴ ശിക്ഷ ചുരുങ്ങിയത് 5,000 രൂപയും പരമാവധി 10,000 രൂപ വരെയുമായിരിക്കും.
 
5. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണ്.
 
webdunia
1961ലാണ് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നെങ്കിലും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു കുറവുമില്ല. സ്ത്രീധനമെന്ന ദുരാചാരത്തെ ഇല്ലാതാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടാകില്ല. എന്നാൽ ഇത് നിയന്ത്രിക്കാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ സമൂഹത്തെ തന്നെ കാർന്നു തിന്നുന്ന ഒരു മാരക രോഗമാണ് സ്ത്രീധമെന്നത് എല്ലാവരും തിരിച്ചറിയേണ്ടതാണ്. ഇനിയെങ്കിലും കണ്ണു തുറക്കൂ. നമുക്ക് വേണ്ടി, നമ്മുടെ സമൂഹത്തിനു വേണ്ടി.. സ്ത്രീധനമെന്ന വിഷത്തെ പുറത്താക്കൂ...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാസ്സീവ് യൂത്തനേസ്യ: മരണം മറ്റൊരാള്‍ തീരുമാനിക്കുമ്പോള്‍