സൂര്യനെല്ലി പെണ്‍കുട്ടി മുതല്‍ മിഷേല്‍ വരെ; കേരളമേ നിന്നെ ഓര്‍ത്ത് ലജ്ജിക്കുന്നു...
കേരളമേ, നിന്റെ അവസ്ഥയും ഗുരുതരമോ?
കേരളീയര്‍ സ്ത്രീ എന്ന വാക്കിനു അമ്മയെന്നും ദേവിയെന്നും വീടിന്‍റെ വിളക്കെന്നും അര്‍ത്ഥം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അര്‍ത്ഥങ്ങള്‍ മാറിമറിഞ്ഞ് ആ അമ്മയുടെ അല്ലെങ്കില്‍ ആ വിളക്കിന്റെ പച്ച മാംസത്തിന്റെ രുചി അറിയാല്‍ പരക്കം പായുന്ന പിശാചായ പുരുഷവര്‍ഗത്തെ കാണണോ? എങ്കില്‍ സൂര്യനസ്തമിക്കണം.
മാതാ പിതാ ഗുരു ദൈവം എന്ന് കേരള ജനതകള്‍ വാഴ്ത്തി പാടുമ്പോള്‍ എന്താണ് ഇന്നു ഇതിന്റെ പ്രശസ്തി എന്ന് ഉറ്റ് നോക്കേണ്ടതുണ്ട്. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.
സ്ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ട പുരുഷകരങ്ങള്‍ തന്നെ അവരുടെ നാശത്തിനു കാരണമാകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്. കേരളത്തിലെ സ്ത്രീകള്‍ മാനസിക,സാമൂഹിക ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നുണ്ട്. പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അതിന് ഉദാഹരണമാണ് സൂര്യനെല്ലി കേസ് മുതല്‍ മിഷേല്‍ ഷാജി വരെയുള്ളവ.
സമ്പൂര്‍ണ്ണ സാക്ഷരതയും സാംസ്‌കാരിക പ്രബുദ്ധതയും ഉണ്ടെന്നു അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകളോടുളള സമീപനത്തിലും മനോഭാവത്തിലും ഇനിയും മാറ്റങ്ങള്‍ വന്നിട്ടില്ല എന്നത് സത്യമാണ്‍. കേരളത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. സ്ത്രീകള്‍ക്ക് ആവശ്യമായ പരിഗണന കേരളീയ സമൂഹം നല്‍കുന്നില്ല. സ്ത്രീ ശരീരത്തെ ബഹുമാനിക്കുന്നില്ല. പിങ്ക് പൊലീസ് പോലെയുള്ളവ സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഫലം കാണാതെ പോകുന്നു.
സ്ത്രീ സംരക്ഷണം തങ്ങളുടെ കടമയാണെന്ന സത്യം പുരുഷ ലോകം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു വേണം പറയാന്‍.