Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികൾ മലർന്ന് കിടന്ന് ഉറങ്ങരുത്, കാരണമെന്ത്?

ഗർഭിണികൾ മലർന്ന് കിടന്ന് ഉറങ്ങരുത്, കാരണമെന്ത്?

ചിപ്പി പീലിപ്പോസ്

, ബുധന്‍, 4 ഡിസം‌ബര്‍ 2019 (15:03 IST)
ഒരു സ്ത്രീയുടെ പൂര്‍ണ്ണതയെ കുറിക്കുന്ന പദമാണ് അമ്മ എന്നത്. അമ്മയാകുക എന്നാല്‍ അവള്‍ അനുഗൃഹീതയാകുക എന്നതുകൂടിയാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഗര്‍ഭകാലത്തെക്കുറിച്ച് കാലം കഴിയുംതോറും സ്ത്രീകള്‍ക്ക് ഉത്കണ്ഠ കൂടിവരുന്നതായാണ് കാണുന്നത്. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
ആദ്യമൂന്ന് മാസങ്ങളില്‍ സാധരണ ഉറങ്ങുന്ന സമയത്തേക്കാള്‍ അധികം ഉറക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പകല്‍സമയത്തും ശരീരം ഉറങ്ങാന്‍ ആവശ്യപ്പെട്ടെന്നിരിക്കും. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ പലരും ഉറക്കക്കുറവ് നേരിടുന്നതായി കാണുന്നു. ഉറങ്ങുമ്പോള്‍ സുഖകരമായ പൊസിഷനുകള്‍ സ്വീകരിക്കുന്നതാണ് ഉചിതം. 
 
ഗര്‍ഭം വളരുന്നതിനാല്‍ ശരീരത്തില്‍ കൂടുതലായി രക്തം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം മൂത്രത്തിന്റെ അളവും വര്‍ദ്ധിക്കുന്നു. കൂടാതെ മൂത്ര സഞ്ചിയില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന മര്‍ദ്ദവും മൂലം തുടരെ തുടരെയുളള മൂത്രശങ്കക്ക് കാരണമാകുന്നുണ്ട്. ഇത് ഉറക്കത്തിനെ ഭംഗപ്പെടുത്തുന്നതാണെങ്കിലും കാലക്രമേണെ ഇതുമായി പൊരുത്തപ്പെടുന്നതിനാല്‍ പ്രശ്നമായി അനുഭവപ്പെടാറില്ല.
 
മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലര്‍ന്നുകിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ താറുമാറിലാക്കുക എന്നീ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. മാത്രമല്ല രക്തയോട്ടം കുറക്കുന്നതിനും കാരണമാകുന്നു. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഭാരം മുഴുവനും കുടലുകളിലേക്കും പ്രധാനപ്പെട്ട രക്തധമനികളിലേക്കും കേന്ദ്രീകരിക്കുന്നതാണ് ഇതിനുളള കാരണങ്ങള്‍.
 
ഇടത്തോട്ട് ചെരിഞ്ഞുകിടന്നുറങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇതുവഴി പ്ലാസന്റയിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷണം ലഭിക്കാന്‍ ഇടയാക്കും. കാലുകള്‍ക്കിടയില്‍ തലയിണ വക്കുന്നതും നല്ലതാണ്.ചിലര്‍ വയറിന് ഒരു സപ്പോര്‍ട്ടായും തലയിണകള്‍ വെക്കാറുണ്ട്. എന്തിരുന്നാലും ഗര്‍ഭിണികള്‍ നിര്‍ബന്ധമായും 8-10 മണിക്കൂറുകള്‍ ഉറക്കത്തിനായി നീക്കി വെക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് ഉറക്കക്കുറവുളളവര്‍ എന്നും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം.
 
നെഞ്ചെരിച്ചില്‍, കാല്‍കഴപ്പ്, പുറംവേദന എന്നിവയും ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അധികം മസാല ചേര്‍ത്തഭക്ഷണ പദാര്‍ത്ഥങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് നെഞ്ചെരിച്ചില്‍ കുറക്കാന്‍ സഹായിക്കും. ചായ, കാപ്പി, സോഡ എന്നിവ ഉറക്കത്തിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കണം.
 
ഉറക്കം നന്നായി ലഭിക്കേണ്ടത് ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യത്തിന് അത്യന്താവശ്യമാണ്. അതിനാല്‍ ആശങ്കകള്‍ എല്ലാം നീക്കി വച്ച് സുഖമായി ഉറങ്ങാന്‍ ശ്രമിക്കൂ. കാരണം പിറക്കാന്‍ പോകുന്ന കണ്മണി നിങ്ങളേപ്പോലെ ആയിരിക്കേണ്ടെ, അവള്‍ ആരോഗ്യവതിയാകേണ്ടെ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തരം പാത്രങ്ങളിലാണോ പാചകം ? എങ്കിൽ അപകടം പതിയിരിപ്പുണ്ട് !