ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടേണ്ട ദിവസമാണ് മാർച്ച് 8. അന്താരാഷ്ട്ര വനിത ദിനം. കുടുംബത്തിലും ജോലി സ്ഥലത്തും നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തുന്ന സംഘടിതമായ ചെറുത്തുനില്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കരുത്തു പകരാനായുള്ള ഒരു ദിനം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമം തടയാന്‍ സ്ത്രീയും പുരുഷനും ഒന്നിച്ചണിനിരക്കുക എന്നതാണ് ഐക്യരാഷ്ട്രസഭ ഈ ദിനത്തില്‍ നല്‍കുന്ന സന്ദേശം.
സാധാരണക്കാരായ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചതിന്‍റെ കഥയാണ് വനിതാദിനത്തിന് പറയാനുള്ളത്. സമത്വത്തിനും അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വനിതദിനം അതിന്‍റെ ശദാബ്ദിയിലേക്ക് കടക്കുമ്പോള്‍ പല മേഖലകളിലും സ്ത്രീ പുരുഷനോടൊപ്പമുണ്ട്. അതിൽ നമുക്ക് അഭിമാനിക്കാം.
എന്നാൽ, സമത്വവും സ്വാതന്ത്ര്യവും ലഭിച്ചുവോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. 1947ൽ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യം നേടിത്തന്നത് ഇന്ത്യയിലെ പുരുഷന്മാർക്ക് മാത്രമല്ല എന്ന് ഒന്നുകൂടി ഓർക്കുന്നത് നല്ലതായിരിക്കും. സ്ത്രീകൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അവർക്കായുള്ള സമത്വവും സുരക്ഷയും ഒരുക്കാൻ എന്തുകൊണ്ട് സർക്കാരിന് ആകുന്നില്ല?.
രാവിലെ പത്രമെത്തുമ്പോൾ തുറക്കാൻ തന്നെ ഭയക്കുന്ന കാലമാണിത്. കുറഞ്ഞത് ഒരു നാല്, അഞ്ച് വാർത്തകളെങ്കിലും അതിൽ ഉണ്ടായിരിക്കും. അച്ഛൻ മകളെ പീഡിപ്പിച്ചു, അയൽക്കാരൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, യാത്രക്കാരിയെ കടന്നുപിടിച്ച് ആക്രമിച്ചു, അങ്ങനെ പലതും. അക്കൂട്ടത്തിൽ കേട്ട് പരിചയമില്ലാത്ത ഒരു വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ നിന്നും പുറത്ത് വരുന്നത്.
വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിനെ ആരുമറിയാതെ വയനാട്ടിലേക്ക് കടത്തി. വെള്ള ളോഹയ്ക്കുള്ളിലെ ചെന്നായ എന്ന് മാത്രമേ അവനെ കുറിച്ച് പറയാൻ ആവുകയുള്ളു. ദൈവത്തിന്റെ ദൂതനായി വിശ്വാസികൾ കാണുന്ന വൈദികൻ ഇത്തരത്തിൽ തുടങ്ങിയാൽ പെൺകുട്ടികൾ ആരെയാണ് വിശ്വസിക്കേണ്ടത്?.
പീഡന വാർത്തകൾക്ക് അന്നും ഇന്നും പഞ്ഞമില്ല. എന്നിട്ടും എന്താണ് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കാത്തത്. ഇനിയൊരു പെൺകുട്ടിയെ തൊട്ടാൽ അവൻ ഭയക്കണം - അങ്ങനെയാവണം നമ്മുടെ നാട്ടിലെ നിയമമെന്ന് ആഗ്രഹിക്കാത്തവർ കുറവല്ല.
ഇന്ത്യയെന്ന രാജ്യത്ത് സ്ത്രീകളുടെ ശബ്ദവും ഉറക്കെ മുഴങ്ങാൻ തുടങ്ങിയിരിക്കുകയാണ്. അവൾക്ക് വേണ്ടതെന്തെന്ന് അവൾക്കറിയാം. അതിനു വേണ്ടി പരിശ്രമിക്കാനും അവൾക്ക് കഴിയുന്നുണ്ട്. രാജ്യത്തിന്‍റെ കയറ്റുമതിയിലധിഷ്ഠിതമായ പല മേഖലകളിലും ജോലി ചെയ്യുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. രാഷ്ട്രീയരംഗത്തും നീതിന്യായ രംഗത്തും അവളുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങി. അതിര്‍ത്തി കാക്കുന്ന സൈന്യത്തില്‍ വരെ ഇന്ന് സ്ത്രീ സാന്നിദ്ധ്യമുണ്ട്. എന്നിട്ടും സ്ത്രീ സുരക്ഷയല്ലെന്ന് പറയേണ്ടി വരുന്നതിന്റെ നാണക്കേടിന് ഇന്ത്യയിലെ ഓരോ പൗരനും കാരണക്കാരനാണ്.
സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഭ്രൂണഹത്യ മുതല്‍ തുടങ്ങുന്ന ശാരീരിക ഗാര്‍ഹിക മാനസിക പീഡനങ്ങള്‍ ഇന്നും തുടരുകയാണ്. പെണ്ണിനെ വെറും പെണ്ണായി കാണുന്ന സമൂഹം വളർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തെപ്പോലെ ഉയര്‍ന്ന സാക്ഷരതയുള്ള ഒരു സംസ്ഥാനത്തു പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വരുമ്പോള്‍ അന്താരാഷ്ട്ര വനിതാദനിത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല.
സാക്ഷരത കൂടിപ്പോയതാണോ കേരളത്തിന്റെ പ്രശ്നമെന്ന് പോലും തോന്നി പോകുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് സ്ത്രീകള്‍ മുതല്‍ പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ പോലും ഇരകളായി മാറുന്നു.
നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്. അതിനി എന്ന് യാഥാർത്ഥ്യമാകും. സ്ത്രീസുരക്ഷയ്ക്ക് ലോകത്തിന് മാതൃകയാക്കാവുന്ന ചില രാജ്യങ്ങളുണ്ട്. ഓസ്ട്രേലിയ, കാനഡ, അയര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളാണ് അവയെന്ന് യുഎന്‍ഡിപി ജെന്റര്‍-റിലേറ്റഡ് ഡവലല്‍മെന്റ് ഇന്റക്സ് വ്യക്തമാക്കുന്നു. നമ്മുടെ രാജ്യം എന്നാണ് സ്ത്രീ സുരക്ഷയില്‍ മാതൃക കാട്ടുക?.
സ്ത്രീയെ അമ്മയും പെങ്ങളും മാത്രമായിട്ട് കാണരുത്. അവൾ കൂട്ടുകാരിയാണ്, യാത്രക്കാരിയാണ്, അപരിചിതയാണ്, വഴിപോക്കരാണ്, ഭാര്യയാണ്, മകളാണ്. പിറന്ന് വീണത് പെൺകുട്ടിയെന്ന ഒരൊറ്റ കാരണത്താൽ അവളെ മണ്ണിട്ട് മൂടുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലമൊക്കെ മാറി. അല്ല, അതൊക്കെ നമ്മൾ മാറ്റി. സ്ത്രീകൾക്ക് വേണ്ടി പൊരുതി നേടിയതാണ് ഇപ്പോഴുള്ള സ്വാതന്ത്ര്യവും സമത്വവും ഒക്കെ. പക്ഷേ, അതെല്ലാം വീണ്ടും ഓർമകൾ മാത്രമാവുകയാണോ?
സ്വാതന്ത്രം എന്ന വാക്ക് ചിന്തിക്കാന്‍ കഴിവില്ലാതിരുന്നവര്‍ പിന്നീടെപ്പോഴോ സ്വാതന്ത്രം നേടിയെടുത്തു. അവരെ ഈ നൂറ്റാണ്ടിൽ അടിച്ചമർത്താൻ ആരും ശ്രമിക്കേണ്ട. സ്വയം ലജ്ജിക്കാൻ മാത്രമാണ് നിങ്ങളുടെ വിധി. സത്രീയെ ബഹുമാനിക്കാനും ആദരിക്കാനും ആണ്‍ മക്കളെ പഠിപ്പിക്കാൻ കഴിഞ്ഞാൽ പകുതിയും വിജയിക്കും. അങ്ങനെയായിരുന്നെകിൽ ഒരിക്കലും ഒരു സ്ത്രീ ജന്മം നൽകിയ പുരുഷൻ മറ്റൊരു സ്ത്രീയ്ക്ക് വില പറയുമായിരുന്നില്ല. ഇനിയെങ്കിലും ഇതിനൊരു അവസാനമുണ്ടാവുമോ?.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!