Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാധാനത്തിന്‍റെ വിശുദ്ധസന്ദേശം

സമാധാനത്തിന്‍റെ വിശുദ്ധസന്ദേശം
ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്‍റെ ജനനമാണ് ക്രിസ്മസായി ആചരിക്കപ്പെടുന്നത്. 25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഓരോ ക്രൈസ്തവനും ക്രിസ്മസിനായി കാത്തിരിക്കുകയാണ്. സമ്മാനങ്ങളുടെയും സൌഹൃദങ്ങളുടെയും കൈമാറ്റത്തിന്‍റെ കാലംകൂടിയാണ് ക്രിസ്മസ്.

ചരിത്രപരമായി നോക്കുകയാണെങ്കില്‍ ക്രിസ്മസിന് രേഖകളില്ല. ഡിസംബര്‍ 25 എങ്ങനെ അപ്പോള്‍ ക്രിസ്മസായി എന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ വരുന്നത്? പറഞ്ഞുതരാം. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ഏറ്റവും ശക്തമായ വാദം.

ഇനി ഒരു ചെറിയ കഥ പറഞ്ഞുതരാം. റോമിലെ രാജാവായിരുന്നു കോണ്‍സ്റ്റന്‍റൈന്‍. അദ്ദേഹം സോള്‍ഇന്‍ വിക്റ്റസ് മതവിശ്വാസിയായിരുന്നു. പേര് കേട്ട് പേടിക്കണ്ട, നാലാം നൂറ്റാണ്ടു വരെ റോമാക്കാരുടെ ഔദ്യോഗിക മതത്തിന്‍റെ പേരാണിത്. സോള്‍ ഇന്‍വിക്റ്റസ് എന്നാല്‍ മറഞ്ഞിരിക്കുന്ന സൂര്യന്‍. റോമന്‍ മതത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്‍റെ ജന്മദിനമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ആഘോഷിച്ചിരുന്നത്.

എന്നാല്‍ രാജാവായ കോണ്‍സ്റ്റൈന്‍റൈന്‍ ക്രിസ്തുമതം സ്വികരിച്ചതോടെ ആഘോഷങ്ങളും മാറി. സൂര്യദേവന്‍റെ ജന്മദിനമായ ഡിസംബര്‍ 25 അദ്ദേഹം ക്രിസ്തുമസായി പ്രഖ്യാപിച്ചു. അങ്ങനെ ഡിസംബര്‍ 25 ക്രൈസ്തവര്‍ക്കും പേഗന്‍ മാര്‍ക്കും പൊതു ആഘോഷദിവസമായി. പക്ഷേ ഡിസംബര്‍ 25 അടിസ്ഥാനപരമായി പേഗന്‍മാരുടെ ആഘോഷ ദിനമായതിനാല്‍ പല പ്രൊട്ടസ്റ്റന്‍റുകാരും ഡിസംബര്‍ 25 പിറവിത്തിരുന്നാളായി ആചരിച്ചില്ല. ഇന്നും ചില പ്രൊട്ടസ്റ്റ്ന്‍റുകാര്‍ ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കാറില്ല.

ചരിത്രപരമായി വേറോരു വസ്തുത കൂടി ക്രിസ്മസിന് പിന്നിലുണ്ട്. ലൂയിസ് ഡച്ചന്‍സിന്‍റെ (1889) അഭിപ്രായപ്രകാരം മറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണത്തിനു ശേഷം ഒന്‍പത മാസം കഴിഞ്ഞ് വരുന്ന ദിവസമാണ് ക്രിസ്മസ്. മാര്‍ച്ച 25 ആണ് കന്യകാമറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണ ദിനമായി കണക്കാക്കപ്പെടുന്നത്.



“ കാവല്‍ മാലാഖമാരേ
കണ്ണടയ്ക്കരുതേ..
താഴെ പുല്‍ത്തൊട്ടിയില്‍
രാജരാജന്‍ മയങ്ങുന്നു”
ക്രിസ്മസ് കരോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഒരു മഞ്ഞുതുള്ളി പോലെ അടര്‍ന്നു വീഴുന്ന ഗാ‍നമാണിത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശു കാലിത്തൊഴുത്തില്‍ പിറന്നപ്പോള്‍ ആട്ടിടയന്മാര്‍ പറഞ്ഞതും രാജാക്കന്മാര്‍ ആഗ്രഹിച്ചതും ഇന്ന് ലോകം ഏറ്റുപാടുകയാണ്.

മഞ്ഞുപെയ്യുന്ന രാവില്‍ ഉണ്ണിയേശു പിറന്നു വീണപ്പോള്‍ ദൈവം ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ആദ്യം തെരഞ്ഞെടുത്തത് വനാന്തരങ്ങളില്‍ ആടിനെ മേയ്ച്ചുനടന്ന ഇടയന്മാരെയായിരുന്നു. കാലിത്തൊഴുത്തില്‍ ഉണ്ണി പിറന്നപ്പോള്‍ ഇടയന്മാര്‍ക്ക് ദൈവദൂതന്മാര്‍ ദര്‍ശനം നല്‍കി, “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.” ആട്ടിടയര്‍ വൈകിയില്ല. മാലഖമാര്‍ പറഞ്ഞ പാത പിന്തുടര്‍ന്ന് അവര്‍ ഉണ്ണിയേശുവിനെ കണ്ട് വണങ്ങി.

പിന്നെ, അങ്ങ് ദൂരെ ദുരെ നിന്ന് കാലിത്തൊഴുത്ത് തേടി മൂന്ന് രാജാക്കന്മാര്‍ വന്നു. കിഴക്കുദിച്ച നക്ഷത്രത്തെ ലക്‍ഷ്യമാക്കിയാണ് അവര്‍ പിറന്നു വീണ ലോകരാജാവിനെ കാണാ‍നെത്തിയത്. നക്ഷത്രം മുന്‍പില്‍ വഴികാണിച്ചപ്പോള്‍ ആ പാത നിര്‍ഭയം പിന്തുടര്‍ന്ന് ലോകരക്ഷകന്‍റെ തൃപ്പാദത്തിന്നരികില്‍ അവരെത്തി, പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയര്‍പ്പിച്ച് വണങ്ങുന്നതിനായി.

പക്ഷേ, പാപം നിറഞ്ഞ ലോകത്തിന് ഒരു പുതിയ രക്ഷകനെ കിട്ടിയ വര്‍ത്ത അറിഞ്ഞ് സമാധാനം നഷ്ടപ്പെട്ട ഒരു രാജാവിനെയും വിശുദ്ധ ബൈബിളില്‍ നമുക്ക് കാണാം. ഹേറോദേസ്! ബേത്‌ലഹേമില്‍ ലോകരക്ഷയ്ക്കായി ഉണ്ണി പിറന്നപ്പോള്‍ രണ്ട് വയസ്സിനു താഴെയുള്ള പിഞ്ചു പൈതങ്ങളെ വാളിനിരയാക്കിയ രാ‍ജാവ്.

ക്രിസ്മസ് ഉണ്ണിയേശുവിന്‍റെ ജനനത്തെ സ്മരിക്കുമ്പോള്‍ ഇന്നും ലോകരക്ഷകനു വേണ്ടി ജീവന്‍ നഷ്ടപെടുത്തിയ പൈതങ്ങളെയും സ്മരിക്കാറുണ്ട്.


“കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ..”ഇത് ഓര്‍മിപ്പിക്കുന്നതാണ് ക്രിസ്മസ് കാലത്ത് ഒരുക്കപ്പെടുന്ന പുല്‍ക്കൂടുകള്‍. ഒരു സത്രത്തില്‍ പോലും സ്ഥലം ലഭിക്കാതെ കാലിത്തൊഴുത്തില്‍ യൌസേപ്പിതാവിന്‍റെയും കന്യകാമറിയത്തിന്‍റെയും മകനായി പശുക്കളുടെ മുന്നില്‍ പിറന്നു വിണ ഉണ്ണിയേശുതമ്പുരാന്‍, ആ പൊന്നു തമ്പുരാന്‍റെ സ്മരണയ്ക്കാണ് ക്രിസ്മസ് ദിനത്തില്‍ പുല്ക്കൂട് തീര്‍ക്കുന്നത്.

ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ പുല്ക്കൂടുകള്‍ ജന്മമെടുത്തു തുടങ്ങിയിരുന്നു. എന്നാല്‍ 1223 ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്ക്കൂടാണ് ഈ ആചാരത്തെ സാര്‍വ്വത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന വിശുദ്ധ അസീസി ജീവനുള്ള മൃഗങ്ങളുമായിട്ടാണ് പുല്ക്കൂടൊരുക്കിയത്.

പുല്‍ക്കൂട് അതിന്‍റെ രൂപത്തില്‍ തന്നെ സന്ദേശം വ്യക്തമാക്കിയിരിക്കുകയാണ്. വിനയത്തിന്‍റെയും എളിമയുടെയും ഈറ്റവും ‘വലിയ’ പ്രതീകങ്ങളാണിവ. ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാവരുടേയും ചെറുരൂപങ്ങള്‍ അണിനിരത്തിയാണ് പുല്ക്കൂട് തയ്യാറാക്കുന്നത്.

ഉണ്ണിയേശു, മാതാവ്, യൌസേപ്പിതാവ്, ആട്ടിടയന്മാര്‍, മാലാഖമാര്‍, ജ്ഞാനികള്‍, ആട്ടിന്‍ കുട്ടി, പശു എന്നിവയുടെ രൂപങ്ങളാണ് പുല്ക്കൂടിന് പ്രധാനമായും ഉപയോഗിക്കുന്നത്. ക്രിസ്മസിന്‍റെ തലേന്ന് തന്നെ പുല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് പുല്ക്കൂട് കുട്ടികള്‍ ഭവനങ്ങളിലും ദേവാ‍ലയങ്ങളിലും തീര്‍ക്കുന്നു.

ലളിതമായ പുല്ക്കൂടുകളും അല്പം ആര്‍ഭാടമായ പുല്ക്കൂടുകളും ഉണ്ട്. വലിയ പുല്ക്കൂടുകളില്‍ മലകളും, കുളങ്ങളും, അരുവികളും ഒക്കെ കാണും. പ്ലാസ്റ്റിക് പുല്ക്കൂടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കാനുണ്ട്.


Share this Story:

Follow Webdunia malayalam