ആഘോഷങ്ങള്‍ എന്നും നിറമുള്ള സ്വപ്നങ്ങളാണ്. അതേസമയം ഒരു രാജ്യത്തെസംബന്ധിച്ച് ഇവ വലിയ സാമ്പത്തിക ഉത്തേജനങ്ങളാണ്. ക്രിസ്തുമസും ഇതിനൊരപവാദമല്ല. ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നു എന്നതിനാല്‍ ഇതിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വ്യാപാരമേഖലകളിലെല്ലാം തന്നെ കച്ചവടം കുതിച്ചുയരുന്നു, അലങ്കാര വസ്തുക്കളും സമ്മാനങ്ങളും ക്രിസ്തുമസ് കേക്കുകളും വിപണിയുടെ ഹരമാവുന്നു, ഫിലിം സ്റ്റുഡിയോകള്‍ ഉയര്‍ന്ന ബജറ്റ് ചിത്രങ്ങള്‍ പുറത്തിറക്കാന്‍ ധൈര്യപ്പെടുന്നു. ഒക്ടോബര്‍ മാസത്തോടുകൂടി തന്നെ അമേരിക്കയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും ക്രിസ്തുമസ് ഷോപ്പിംഗിന് തുടക്കമിടാറുണ്ട്. കാനഡയില്‍ ഹാലോവീനു (ഒക്ടോ 31) മുമ്പെത്തന്നെ ക്രിസ്തുമസ് ഷോപ്പിംഗുമായി ബന്ധപ്പെട്ട പരസ്യപ്രചരണങ്ങള്‍ തുടങ്ങുന്നു.
എന്നാല്‍ പതിവില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ഈ വര്‍ഷത്തേത്. ഒരിടത്തും പഴയ ഉത്സാഹം കാണാനില്ല, പകരം നിരാശയും ഉത്കണ്ഠയും തളം കെട്ടി നില്‍ക്കുന്നു. മിക്കരാജ്യങ്ങളിലും വിപണികള്‍ ആലസ്യത്തിലാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ക്രിസ്തുമസിന്റെ വര്‍ണപൊലിമയില്‍ കരിനിഴല്‍ വീഴ്ത്തും എന്നു തന്നെയാണ് ഇതു നല്‍കുന്ന പാഠം. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 61 ശതമാനം ആളുകളും പറഞ്ഞത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ് പണം മാത്രമേ ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് അവര്‍ ചെലവിടുകയുള്ളൂ എന്നാണ്. 28 ശതമാനം ആളുകള്‍ കഴിഞ്ഞവര്‍ഷത്തെപോലെത്തന്നെ ചെലവാക്കുമെന്നു പറഞ്ഞപ്പോള്‍ 5 ശതമാനം ആളുകള്‍ മാത്രമേ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞുള്ളൂ. യൂറോപ്പിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വര്‍ഷത്തെ ക്രിസ്തുമസിന് ഭക്ഷണത്തിനും പാനീയത്തിനുമായി കുറച്ച് പണം മാത്രം ചിലവിടാന്‍ അവിടത്തെ ജനത തയ്യാറെടുക്കുന്നതായാണ് അറിയുന്നത്.
യൂറോപ്പിലെ വലിയൊരു വിഭാഗം ആളുകളും ക്രിസ്തുമസിനെ ആശങ്കയോടെയാണ് വരവേല്‍ക്കുന്നത്. നല്ല ഭക്ഷണം, കുടുംബാംഗങ്ങളുടെ ഒത്തുകൂടല്‍, സമ്മാന വിതരണം, ഉല്ലാസ യാത്രകള്‍ എന്നിവ പതിവു ക്രിസ്തുമസ് ദിന സ്വപ്നങ്ങളാണെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ക്ക് ഇവ അപ്രാപ്യമായിരിക്കുകയാണ്‍. കുറഞ്ഞ സമ്പാദ്യത്തില്‍ നിന്ന് ഇവ നിറവേറ്റപ്പെടാന്‍ നിര്‍ബന്ധിതരാവുന്നവര്‍ക്ക് സ്വാഭാവികമായും നിറമുള്ള ആഘോഷങ്ങള്‍ അന്യമാവുന്നു. മതപരമായ ആഘോഷം എന്ന ഉപരിപ്ലവ സങ്കല്പത്തിന്റെ കെട്ടുപാടുകള്‍ക്കുള്ളിലായതിനാല്‍ അന്നന്നത്തെ അപ്പത്തിനായി വിയര്‍പ്പൊഴുക്കുന്നവനും ഇത് ഒഴിവാക്കാനോ അവഗണിക്കാനോ ആവില്ല. ‘കാണം വിറ്റും ഓണം ഉണ്ണണം‘ എന്ന കേരളീയ പഴമൊഴി പാശ്ചാത്യ നാടുകളെ സംബന്ധിച്ച് ക്രിസ്തുമസിന്റെ കാര്യത്തിലും സാര്‍ത്ഥകമാണ്. എന്നാല്‍ യൂറോപ്പിന്റെ പല ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ ജീവിത ചിലവുകളില്‍ സംതൃപ്തരല്ല. അങ്ങനെയുള്ള ഒരു സമൂഹത്തിനു മുകളില്‍ സാമ്പത്തിക തകര്‍ച്ച കെട്ടിവയ്ക്കുന്ന ഭാരം നിസ്സാരമാവില്ല.
സാമ്പത്തിക പ്രതിസന്ധിമൂലം അമേരിക്കയിലെ സ്ഥിതി ഭയാനകമാണ്. കെട്ടിട നിര്‍മ്മാണ മേഖല ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുന്ന അവിടെ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വില്‍ക്കാനോ വാങ്ങാനോ ആളില്ലാതെ നട്ടം തിരിയുന്നു. ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഐ ടി പ്രൊഫഷണലുകളും എയര്‍ ഹോസ്റ്റസുമാരും ഉള്‍പ്പെടെ അമേരിക്കയിലും യൂറോപ്പിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈയിടെ ജോലി നഷ്ടപ്പെട്ടത് ഈ അവസരത്തില്‍ കൂട്ടിവായിക്കേണ്ടതാണ്. ജീവിത ചെലവുകള്‍ താങ്ങാവുന്നതിലധികമാവുകയും വരുമാനം കുറയുകയും ചെയ്ത് ആത്മഹത്യയുടെ വക്കിലെത്തിയ ഈ സമൂഹം ഉത്കണ്ഠയോടെയാണ് ഡിസംബര്‍ 25 നെ നോക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ലോക മാര്‍ക്കറ്റില്‍ വിലവര്‍ദ്ധിക്കുന്ന അവസരത്തില്‍ ശരാശരി ആളുകള്‍ക്ക് പോലും ആഘോഷങ്ങള്‍ ബാധ്യതയാവുന്നു. 54 ശതമാനം ആളുകള്‍ മാത്രമേ ഇവിടങ്ങളില്‍ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുള്ളൂ എന്നാണ് മറ്റൊരു സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. അതിഭീകരമാണ് ഈ അവസ്ഥ. ക്രിസ്‌മസിന് ശേഷം കടം താങ്ങാനാവാതെ ആത്മഹത്യ വര്‍ദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പള്ളികളുടേയും മറ്റും നേതൃത്വത്തില്‍ പലയിടത്തും ജനങ്ങള്‍ക്ക് കണ്‍സള്‍ട്ടിംഗ് നല്‍കുന്ന കേന്ദ്രങ്ങല്‍ ആരഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മെട്രോ നഗരങ്ങളിലെ ഹോട്ടലുകള്‍ ആശങ്കയിലാണ്. സാമ്പത്തിക മാന്ദ്യതയ്ക്കു പുറമെ അടുത്തിടെയുണ്ടായ ഭീകരാക്രമണം മുംബൈ നഗരത്തില്‍ ക്രിസ്തുമസ് ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായി മുംബൈ നിവാസികള്‍ ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കും മടങ്ങിവരാന്‍ തുടങ്ങിയിട്ടെയുള്ളൂ. അതേ സമയം കൂടുതല്‍ മികച്ചതും സവിശേഷതയാര്‍ന്നതുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തിയും പലതരത്തിലുള്ള ഡിസ്കൌണ്ടുകള്‍ വാഗ്ദാനം ചെയ്തും ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് മിക്ക ഹോട്ടലുകളും.
സാമ്പത്തിക പ്രതിസന്ധി ചൈനയില്‍ നിന്നുള്ള ക്രിസ്തുമസ് അനുബന്ധ വസ്തുക്കളുടെ കയറ്റുമതിയെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍തന്നെ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമാണ് ചൈനീസ് നിര്‍മ്മിത ക്രിസ്തുമസ് ഉത്പന്നങ്ങളുടെ പ്രധാന വിപണി (ഏതാണ്ട് 77 ശതമാനം). കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ 40 ശതമാനത്തിന്റെ ഇടിവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്.
എങ്കിലും സാമ്പത്തിക മാന്ദ്യത ക്രിസ്തുമസിനെ എങ്ങനെ ബാധിക്കുമെന്നതില്‍ പോപ്പിന് തെല്ലും ആശങ്കയില്ല. ക്രിസ്തുമസിന്റെ ലാളിത്യം പുനസ്ഥാപിക്കാന്‍ ഈ സാമ്പത്തിക മാന്ദ്യത സഹായകമാകുമെന്നാണ് ബെനഡിക്ട് പതിനാറാമന്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയില്‍ പറഞ്ഞത്. ഭൌതിക ആഘോഷങ്ങളില്‍ മതിമറക്കാതെ ഇതിന്റെ ആത്മീയ സത്തയ്ക്ക് ഊന്നല്‍ കിട്ടാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ക്രിസ്തുമസ് പൊലിമ കുറച്ച് കൂടുതല്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിയാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പള്ളികളിലും മറ്റും പുരോഹിതര്‍ വിസ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. മിഷണറി പ്രവര്‍ത്തകര്‍ വെബ്സൈറ്റിലൂടെയും പത്രങ്ങളിലൂടെയും ഈ സന്ദേശമെത്തിക്കുന്നു.
ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഗംഭീരമായി ആഘോഷിക്കുമ്പോള്‍ തന്നെ വേണ്ടത്ര ചികിത്സയും മരുന്നും ലഭ്യമാവാതെ ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ പലയിടങ്ങളില്‍ മരണപ്പെടുന്നുണ്ടെന്നത് ഓര്‍ക്കണമെന്നും അത് തടയാനായിരിക്കണം നമ്മുടെ ശ്രമമെന്നുമുള്ള പോപ്പിന്റെ നിര്‍ദ്ദേശം ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. നിലവിലെ സാമ്പത്തിക ഞെരുക്കം ലോക ജനതയെ അത്തരമൊരു വീണ്ടു വിചാരത്തിനു പ്രേരിപ്പിക്കുമോ എന്നത് ഒരു പക്ഷേ അതിശയോക്തി കലര്‍ന്ന ചിന്തയാവാം. എങ്കിലും ഒരു ചെറിയ വിഭാഗമെങ്കിലും മാറി ചിന്തിച്ചുകൂടായ്കയില്ല.