കുംഭം രാശിക്കാര്‍ക്ക് ആത്മീയമായും വ്യക്തിപരമായും നേട്ടമുണ്ടാകുന്ന വര്‍ഷമായിരിക്കും ഇത്. മനസ്സിന് ശാന്തിയും ആത്മവിശ്വാസവും നല്‍കുന്ന സാഹചര്യങ്ങള്‍ കൂടുതലായി അനുഭവപ്പെടും. ആത്മീയ ചിന്തകളിലേക്കുള്ള ആകര്‍ഷണം വര്‍ധിക്കുകയും, ധ്യാനം, പ്രാര്‍ത്ഥന, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ ജീവിതത്തിന് പുതിയ അര്‍ത്ഥം നല്‍കുകയും ചെയ്യും.
തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയുടെ വര്‍ഷമാണ് മുന്നിലുള്ളത്. പ്രതീക്ഷിക്കാത്ത ഉയര്‍ന്ന പദവികളും അധിക ചുമതലകളും തേടിയെത്താന്‍ സാധ്യതയുണ്ട്. ജോലി രംഗത്ത് അംഗീകാരവും മേലുദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. സാമ്പത്തികമായി അനുകൂല സാഹചര്യങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. പണമിടപാടുകളില്‍ ലാഭം ഉണ്ടാകുകയും, നിക്ഷേപങ്ങളില്‍ നല്ല ഫലങ്ങള്‍ കൈവരിക്കാനും സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ ശ്രമം നടത്തേണ്ടിവരുമെങ്കിലും ആവശ്യമായ ചെലവുകള്‍ സഹിച്ചാലും അനുകൂല തീരുമാനം ലഭിക്കാനുള്ള യോഗം കാണുന്നു.
കുടുംബജീവിതം സന്തോഷകരമായിരിക്കും. സന്താനങ്ങളാല്‍ അഭിമാനവും സന്തോഷവും അനുഭവപ്പെടും. സുഹൃത്തുക്കളുടെ സന്ദര്‍ശനങ്ങള്‍ മനസ്സിന് ആഹ്ലാദം നല്‍കും. അയല്‍ക്കാരോടും ബന്ധുക്കളോടും സൗഹൃദപരമായ പെരുമാറ്റം തുടരുന്നത് ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സ്ത്രീകള്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കും ഏറെ അനുകൂലമായ വര്‍ഷമാണിത്. ദീര്‍ഘകാല സ്വപ്നങ്ങള്‍ സഫലമാകാനും ആഗ്രഹങ്ങള്‍ നിറവേരാനും അവസരങ്ങള്‍ ലഭിക്കും.
ആരോഗ്യനില പൊതുവെ തൃപ്തികരമായിരിക്കും. ദീര്‍ഘകാലമായി അലട്ടിയിരുന്ന ടെന്‍ഷനും മാനസിക അലച്ചിലും ക്രമേണ മാറി പോകും. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ലഭിക്കാന്‍ യോഗമുണ്ട്. ജീവിതത്തില്‍ സമാധാനവും സന്തോഷവും ഒരുമിച്ച് അനുഭവിക്കാനാകുന്ന വര്‍ഷമായി ഇത് കുംഭം രാശിക്കാര്‍ക്ക് മാറുമെന്ന് സൂചനകള്‍ നല്‍കുന്നു.