Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ലഗ്നം? ലഗ്നത്തിന്റെ പ്രാധാന്യമെന്ത്?

എന്താണ് ലഗ്നം?  ലഗ്നത്തിന്റെ പ്രാധാന്യമെന്ത്?
, ചൊവ്വ, 24 ഫെബ്രുവരി 2015 (19:01 IST)
ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളിലും വച്ച് പ്രത്യേകം പ്രാധാന്യത്തോടു കൂടി ചിന്തിക്കേണ്ടവയാണു ലഗ്നം, ഒന്‍പത്, അഞ്ച് എന്നീ മൂന്നു ഭാവങ്ങള്‍. ലഗ്നത്തെ കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങളും ഒന്‍പതാം ഭാവത്തെകൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങളും അഞ്ചാംഭാവത്തെ കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങളും ഒരാളുടെ ജീവൈതത്തില്‍ മറ്റെന്തിനേക്കാളും സ്വാധീനം ചെലുത്തുന്നു എന്നതിനാലാണിത്. മേല്‍പ്പറഞ്ഞ് മൂന്ന് ഭാവങ്ങളിലും പ്രധാനപ്പെട്ടത് ലഗ്നമാണ്. എന്താണു ലഗ്നം? ഒരു ദിവസം പന്ത്രണ്ടു രാശികള്‍ ഉദിച്ച് അസ്തമിക്കുന്നു. ഇതില്‍ ഏതു രാശി ഉദിക്കുമ്പോഴാണോ ഒരാള്‍ ജനിക്കുന്നത് അതിനെ ലഗ്നമെന്നു പറയും.
 
ലഗ്നം വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. ദേഹത്തിന്റെ ഭംഗി, ആരോഗ്യം, സ്ഥാനവിശേഷം, ശ്രേയസ്സ്, സുഖം, കാര്യങ്ങളുടെ ജയപരാജയങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം ചിന്തിക്കുന്നത് ലഗ്നം കൊണ്ടാണ്. ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ പ്രധാനമായി വരുന്നത് ഏത് രാശി ലഗ്നമായി ജനിക്കുന്നു എന്നതും ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും അവസ്ഥയെയും അനുസരിച്ചായിരിക്കും.
 
"ലഗ്നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
സ്വോച്ചഭേ വാ സ്വഭേ വാ
കേന്ദ്രാദന്യത്ര സംസ്ഥേ നിധനഭവനപേ
സൌെമ്യയുക്തേ വിലഗ്നേ
ദീര്‍ഘായുഷ്മാന്‍ ധനാഢ്യോ മഹിതഗുണയുതോ
ഭൂമിപാലപ്രശസ്തോ
ലക്ഷ്മീവാന്‍ സുന്ദരാംഗോ ദൃഢതനുരഭയോ
ധാര്‍മികസ്സല്‍ക്കുടുംബീ"
 
ലഗ്നാധിപന്‍ കേന്ദ്രത്രികോണങ്ങളിലോ അധികം രശ്മികളോടു കൂടിയോ, ഉച്ചരാശിയിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുകയും എട്ടാംഭാവാധിപന്‍ കേന്ദ്രം ഒഴിച്ചുള്ള രാശികളില്‍ നില്‍ക്കുകയും ലഗ്നം ശുഭഗ്രഹത്തോടു കൂടിയതായിരിക്കുകയും ചെയ്താല്‍, ദീര്‍ഘായുഷ്മാനായും ധനം ധാരാളം ഉള്ളവനായും വര്‍ദ്ധിച്ച ഗുണങ്ങളോടു കൂടിയവനായും രാജാവിനെപോലെ കീര്‍ത്തിയോടു കൂടിയവനായും ദൃഢശരീരനായും ഭയമില്ലാത്തവനായും ധാര്‍മികനായും വലിയ കുടുംബത്തോടു കൂടിയവനായും ഭവിക്കും.
 
ലഗ്നത്തെകൊണ്ടാണ് ആത്മശക്തിയെയും ചിന്തിക്കുന്നത്. ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലത്തിനനുസരിച്ചായിരിക്കും. ഒരാളുടെ ആത്മശക്തി. ആത്മശക്തി മറ്റു ശക്തികളെ അപേക്ഷിച്ച് പ്രധാനപ്പെട്ടതുമാണ്. ലഗ്നഭാവത്തിന്റെ കാരകഗ്രഹമാണ് സൂര്യന്‍. അതിനാല്‍ ലഗ്നത്തെ ചിന്തിക്കുന്നതോടു കൂടി സൂര്യന്റെ ബലം പ്രത്യേകം ചിന്തിക്കുകയും വേണം. സൂര്യന്റെ ബലം ലഗ്നഭാവത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.  ലഗ്നാധിപനായ ഗ്രഹം ലഗ്നഭാവത്തെ നോക്കിയാല്‍ രാജയോഗമാകുന്നു. കൂടാതെ സൂക്ഷ്മമായിട്ടുള്ള ബുദ്ധിയെയും വംശത്തിന് കീര്‍ത്തിയെയും ഉണ്ടാക്കും.
 
സ്ത്രീജാതകത്തില്‍, ചന്ദ്രനും ശുക്രനും ഒരുമിച്ച് ലഗ്നത്തില്‍ നിന്നാല്‍ വളരെ സൌന്ദര്യവതിയായും വ്യാഴവും ബുധനും ഒരുമിച്ച് ലഗ്നത്തില്‍ നിന്നാല്‍ വിദ്യാഭ്യാസം നല്ലപോലെ ഉള്ളവളായും ബുധഗുരുശുക്രന്മാര്‍ ഒരുമിച്ച് ലഗ്നത്തില്‍ നിന്നാല്‍ സകലഗുണങ്ങളെക്കൊണ്ടു പ്രസിദ്ധയായും ഭവിക്കും.
 
ബലവാനായിട്ടുള്ള ലഗ്നാധിപന്റെ ദശയില്‍ സുഖസ്ഥിതി, പ്രസിദ്ധി, ആരോഗ്യം, അഭിവൃദ്ധി, ശരീരകാന്തി തുടങ്ങിയ ഗുണഫലങ്ങളും ബലഹീനനായ ലഗ്നാധിപന്റെ ദശയില്‍ അജ്ഞാതവാസം, ബന്ധനദോഷം, ഭയം, വ്യാധി, ആധി, സ്ഥാനഭ്രംശം, പലതരത്തിലുള്ള ആപത്ഥ് തുടങ്ങിയ ദോഷഫലങ്ങളും അനുഭവിക്കാം. ജാതകപ്രകാരം വഴിപാടുകള്‍ കഴിക്കുകയാണെങ്കില്‍ ദോഷങ്ങള്‍ കുറയുകയും ചെയ്യും.

Share this Story:

Follow Webdunia malayalam