Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അഞ്ച്‌ ചീത്ത കഥകള്‍' വീണ്ടും വരുന്നു

അഞ്ച് ചീത്ത കഥകള് വരുന്നു തകഴിയുടെ ‘നാട്ടിന്പുറത്തെ വേശ്യ’
WDWD
അരനൂറ്റാണ്ട്‌ മുമ്പ്‌ മലയാള സാഹിത്യത്തില്‍ കോളിളക്കമുണ്ടാക്കിയ 'അഞ്ച്‌ ചീത്ത കഥകള്‍' എന്ന പുസ്‌തകം പുന:പ്രസിദ്ധീകരണത്തിന്‌ തയ്യാറെടുക്കുന്നു.

മനുഷ്യന്‍റെ പച്ചയായ ലൈംഗിക ആവശ്യങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന അഞ്ച്‌ സാഹിത്യകൃതികളുടെ സമാഹാരം പുറത്തിറങ്ങിയത്‌ കേരളത്തില്‍ വന്‍ വിവാദത്തിന്‌ തിരികൊളുത്തിയിരുന്നു.

കേരളത്തിലെ അതി പ്രശസ്‌തരായ അഞ്ച്‌ സാഹിത്യകാരന്മാരുടെ വിവാദമായ അഞ്ച്‌ കൃതികളാണ്‌ ഈ കഥാസമാഹാരത്തില്‍ ഉണ്ടായിരുന്നത്‌. തകഴിയുടെ ‘നാട്ടിന്‍പുറത്തെ വേശ്യ’, എസ്‌ കെ പൊറ്റക്കാടിന്‍റെ ‘കള്ളപ്പശു’, വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ‘ഭാര്യയുടെ കാമുകന്’‍, കേശവദേവിന്‍റെ ‘പവിത്ര’, പൊന്‍കുന്നം വര്‍ക്കിയുടെ ‘വിത്തുകാള’ എന്നീ കഥകളാണ്‌ സമാഹാരത്തില്‍ ഉണ്ടായിരുന്നത്‌.

അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായിരുന്ന ടി കെ വര്‍ഗ്ഗീസ്‌ വൈദ്യന്‍റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ്‌ ബുക്ക്‌ സ്റ്റാള്‍ 1946ല്‍ ഈ പുസ്‌തകം പുറത്തിറക്കിയത്‌ വന്‍ സാഹിത്യ വിവാദത്തിന്‌ വഴിതെളിച്ചിരുന്നു.

ഈ കഥകള്‍ എഴുതിയതന്‍റെ പേരില്‍ സാഹിത്യ ലോകത്തെ അന്നത്തെ കുലപതികള്‍ പ്രതിഭാശാലികളായ എഴുത്തുകാരെ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോള്‍ അതിനുള്ള മറുപടി എന്ന നിലയിലാണ്‌ സാഹിത്യകുതുകി കൂടിയായ വര്‍ഗ്ഗീസ്‌ വൈദ്യന്‍ കഥകള്‍ സമാഹരിച്ച്‌ ‘അഞ്ച്‌ ചീത്ത കഥകള്‍’ എന്ന പേരില്‍ പുസ്‌തകമാക്കി മറുപടി നല്‍കിയത്‌.

മനുഷ്യ ജീവിതത്തിന്‍റെ ഭാഗമായ ലൈംഗികത കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ നെറ്റിച്ച സാഹിത്യ കുലപതികള്‍ക്കുള്ള മറുപടിയായിരുന്നു ഈ പുസ്‌തകം. മലയാളി ഇന്നും ആരാധിക്കുന്ന ഈ പ്രമുഖ എഴുത്തുകാര്‍ ഈ കഥകളുടെ പേരില്‍ അശ്ലീല എഴുത്തുകാര്‍ എന്നു പോലും ആക്ഷേപിക്കപ്പെട്ടു.

സാമൂഹിക പരിവര്‍ത്തന ലക്‍ഷ്യമില്ലാത്തതിനാല്‍ ഈ കഥകളൊന്നും സാഹിത്യമല്ലെന്നായിരുന്നു പ്രധാന ആരോപണം. അരനൂറ്റാണ്ടിന്‌ മുമ്പ്‌ അശ്ലീല എഴുത്തുകാര്‍ എന്ന്‌ മുദ്രകുത്തപ്പെട്ടവര്‍ പിന്നീട്‌ കേരളത്തിലെ പ്രമുഖ എഴുത്തുകാരായി മാറുകയാണ്ടായത്‌.

ഈ കൃതിയുടെ പു:നപ്രകാശനത്തിലൂടെ കേരള സമൂഹത്തിനുണ്ടായ സാദാചരപരമായ മാറ്റം തിരിച്ചറിയാന്‍ സാഹിത്യ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമൊരുങ്ങുകയാണ്‌.

ഒരു റുപ്പികയായിരുന്നു പുസ്‌തകത്തിന്‍റെ അന്നത്തെ വില, ആയിരം കോപ്പികളാണ്‌ അന്ന്‌ അച്ചടിച്ചത്‌. പുന്നപ്ര വയലാര്‍ സമരകാലത്ത്‌ പ്രസ്‌ കണ്ടു കെട്ടിയതോടെ ഈ പുസ്‌തകത്തിന്‍റെ കോപ്പികള്‍ നശിപ്പിക്കപ്പെട്ടു.

വര്‍ഗീസ്‌ വൈദ്യന്‍റെ മകന്‍ ലാല്‍ വര്‍ഗീസ്‌ കല്‍പ്പകവാടിയാണ്‌ പുസ്‌തകം പുന:പ്രസിദ്ധീകരിക്കുന്നത്‌.

Share this Story:

Follow Webdunia malayalam