Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തെ മാറ്റുന്ന രത്നങ്ങള്‍

നവരത്നം ജ്യോതിഷം മോതിരം രാശി ഫലം
, വ്യാഴം, 5 ജൂലൈ 2007 (17:25 IST)
രത്നങ്ങള്‍ മനുഷ്യ ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുമെന്നാണ് ജ്യോതി ശാസ്ത്രകാരന്‍‌മാര്‍ പറയുന്നത്. മനുഷ്യ മനസ്സിന് സന്തോഷം പകരുന്നത് എന്തോ അതിനെയാണ് ജ്യോതിഷത്തില്‍ രത്നമെന്ന് വിളിക്കുന്നത്. ഭൂമിയില്‍ രത്നങ്ങള്‍ക്ക് ബാഹുല്യമേറുമെങ്കിലും ഇവയില്‍ 102 എണ്ണമാണ് പ്രാധാന്യമുള്ളത്.

കഷ്ടതകള്‍ മാറ്റാനും ഇഷ്ട ഫല സിദ്ധിക്കും ഇതിനൊക്കെ ഉപരി സന്തോഷം, മനസ്സമാധാനം എന്നിവ പ്രദാനം ചെയ്യാനും രത്നങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ശാസ്ത്ര വിധി. എന്നാല്‍, എല്ലാവര്‍ക്കും എല്ലാ രത്നങ്ങളും ധരിക്കാനാവില്ല. അതിന് ചില കണക്കു കൂട്ടലുകള്‍ ആവശ്യമാണ്.

ജന്മനക്ഷത്രം, ദശാപഹാരം, സൂര്യരാശി, ഭാഗ്യാധിപന്‍ എന്നിവ അനുസരിച്ചാണ് അനുയോജ്യമായ രത്നം തിരഞ്ഞെടുക്കുനത്.

ഒരാളുടെ ജാതകത്തില്‍ ബലഹീനത ഉണ്ടെങ്കില്‍ ആ ഭാവത്തിന്‍റെ അധിപനു വേണ്ട രത്നമാണു ധരിക്കേണ്ടത്‌. ഗ്രഹനില നോക്കി സമയനിര്‍ണ്ണയം നടത്തി രത്നങ്ങള്‍ ധരിക്കാം.

ചിലര്‍ ലഗ്നാധിപനെ നോക്കി അതിനു ചേര്‍ന്ന രത്നങ്ങളാണ്‌ ധരിക്കാറുള്ളത്‌. അല്ലെങ്കില്‍ ഇഷ്ടഭാവവുമായി ബന്ധപ്പെട്ട ഗ്രഹത്തിന്‍റെ രത്നം ധരിക്കുന്നു.

അനിഷ്ട സ്ഥാനത്ത്‌ അനിഷ്ട സ്ഥാനാധിപന്മാരുടെ രത്നം ധരിച്ചാല്‍ ആപത്തു വന്നു ചേരും എന്നാണ്‌ അനുഭവം. അതുകൊണ്ട്‌ രത്നങ്ങള്‍ തെരഞ്ഞെടുത്ത്‌ ധരിക്കുന്നത്‌ വളരെ സൂക്ഷിച്ചുവേണം.

നവരത്ന മോതിരം എന്തിന് ?

നവഗ്രഹ ശാന്തിക്കായാണ്‌ നവരത്ന മോതിരം ധരിക്കാറ്‌. ഇത്‌ ഗ്രഹദോഷങ്ങള്‍ക്ക്‌ പൊതുവേ ആശ്വാസമാണെന്നാണ്‌ വിശ്വാസം. നവഗ്രഹ മോതിരം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്‌.

സൂര്യനു ചുറ്റും മറ്റ്‌ ഗ്രഹങ്ങള്‍ സഞ്ചരിക്കുകയാണല്ലോ ചെയ്യുന്നത്‌. അതേ മട്ടിലാണ്‌ മോതിരത്തില്‍ രത്നങ്ങളുടെ വിന്യാസവും. നവരത്നമോതിരത്തിന്‍റേ നടുക്ക്‌ സൂര്യന്‍റെ രത്നമായ മാണിക്യമാണ്‌ വയ്ക്കുക.

പ്രദക്ഷിണ ക്രമത്തില്‍ പറയുകയാണെങ്കില്‍ ഏറ്റവും മുകളില്‍ (വടക്ക്‌ ദിശയിലായി) വ്യാഴത്തിന്‍റെ രത്നമായ പുഷ്യരാഗം. തൊട്ടടുത്ത്‌(വടക്ക്‌ കിഴക്ക്‌) ബുധന്‍റെ രത്നമായ മരതകം, പിന്നെ (കിഴക്ക്‌) ശുക്രന്‍റെ രത്നമായ വജ്രം, തെക്കു കിഴക്കായി ചന്ദ്രന്‍റെരത്നമായ മുത്ത്‌എന്നിവയായിരിക്കും.

തെക്കായി ചൊവ്വയുടെ രത്നമായ പവിഴം, തെക്കു പടിഞ്ഞാറായി രാഹുവിന്‍റെ നക്ഷത്രമായ ഗോമേതകം, പടിഞ്ഞാറായി ശനിയുടെ രത്നമായ ഇന്ദ്രനീലം, വടക്കു പടിഞ്ഞാറായി കേതുവിന്‍റെ രത്നമായ വൈഡൂര്യം എന്നിവ ഘടിപ്പിക്കണം.

രത്നങ്ങള്‍ക്ക്‌ പകരം ഔഷധ വേരുകള്‍

ദോഷ ശാന്തിക്കായി ഗ്രഹപ്രീതി വരുത്താന്‍ രത്നങ്ങള്‍ ധരിക്കുന്നത്‌ ഉത്തമം ആണെന്നാണ്‌ ഭാരതീയരുടെ വിശ്വാസം. ജ്യോതിഷവും രത്നധാരണം പരിഹാര മാര്‍ഗ്ഗമായി ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ എല്ലാവര്‍ക്കും വിലകൂടിയ രത്നങ്ങള്‍ വാങ്ങി ധരിക്കാനുള്ള ശേഷി ഉണ്ടാവില്ല. ഇതിനൊരു പരിഹാരം വിലകൂടിയ രത്നങ്ങളുടെ ഗുണമുള്ള വിലകുറഞ്ഞ ഉപരത്നങ്ങള്‍ ധരിക്കുകയാണ്‌.

ഉപരത്നങ്ങള്‍ ധരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ദോഷങ്ങള്‍ വന്നുകൂടും. രത്നങ്ങള്‍ക്കായി പണം ചെലവാക്കാന്‍ ഇല്ലാത്തവര്‍ക്ക്‌ മറ്റൊരു പോംവഴിയുണ്ട്‌ - ചില ഔഷധ സസ്യങ്ങളുടെ വേര്‌ ധരിച്ചാലും രത്നങ്ങളുടെ ഗുണ ഫലങ്ങള്‍ സിദ്ധിക്കും.

നവരത്നങ്ങളും അവയ്ക്ക്‌ ചേര്‍ന്ന ഔഷധ വേരുകളും :

സൂര്യന്‍ - കൂവളത്തിന്‍റേ വേര്‌
ചന്ദ്രന്‍ - ചതുരക്കള്ളിയുടെ വേര്‌
വ്യാഴം - ചെറുതേക്കിന്‍റേ വേര്‌
ശനി - കച്ചോലത്തിന്‍റേ വേര്‌
ശുക്രന്‍ - സിംഹപുച്ഛത്തിന്‍റേ വേര്‌
ബുധന്‍ - വൃദ്ധവാര മരത്തിന്‍റേ വേര്‌
ചൊവ്വ - സര്‍പ്പനാക്കിന്‍റേ വേര്‌
രാഹു - മലയചന്ദനത്തിന്‍റേ വേര്‌
കേതു - അമുക്കുരത്തിന്‍റേ വേര്‌

ഈ വനസ്പതി രത്നങ്ങള്‍ ധരിച്ചാലും ദുഷ്ടശക്തികളില്‍ നിന്നും ദൃഷ്ടി ദോഷത്തില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷ നേടാനാവും. രത്നങ്ങള്‍ ധരിക്കുന്നതു കൊണ്ടുള്ള സുഖസൗഖ്യങ്ങള്‍ ലഭിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam