Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ത്ഥികളെ കൊലയ്ക്കു കൊടുക്കുന്ന ഏര്‍പ്പാടാണോ റാഗിങ് ?

വിദ്യാര്‍ത്ഥികളെ കൊലയ്ക്കു കൊടുക്കുന്ന ഏര്‍പ്പാടാണോ റാഗിങ് ?

വിദ്യാര്‍ത്ഥികളെ കൊലയ്ക്കു കൊടുക്കുന്ന ഏര്‍പ്പാടാണോ റാഗിങ് ?
കൊച്ചി , വ്യാഴം, 30 ജൂണ്‍ 2016 (18:15 IST)
കോളജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ ശക്തി ക്ഷയിച്ചതോടെ രംഗത്തുവന്ന ഗ്യാങ്ങുകള്‍ അഥവാ സംഘങ്ങളാണ് ഇപ്പോള്‍ പല കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നത്. കൃത്യമായൊരു ലക്ഷ്യമോ നയമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളാണ് പലപ്പോഴും കാമ്പസുകളില്‍ ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്‌ടിക്കുന്നതും കാമ്പസുകളെ ഗുണ്ടാവിളയാട്ട കേന്ദ്രങ്ങളാക്കി മാറ്റുന്നതും. 
 
കോളജിലെ ജൂനിയര്‍ - സിനീയര്‍ വേര്‍തിരിവില്‍ നിന്നാണ് ഇത്തരം സംഘങ്ങള്‍ രൂപമെടുക്കുന്നത്. കോളജ് സമയത്തിനു മുമ്പും അതിനു ശേഷവുമുള്ള ഒത്തുചേരലുകളിലുമാണ് ഇത്തരം ഗ്രൂപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. എതിര്‍ക്കുന്നതാരോ അവരെ തല്ലി തോല്‍പ്പിക്കുക, പിന്നെയും എതിര്‍ത്താല്‍ തല്ലി കാലൊടിക്കുക എന്നതൊക്കെയാണ് ഇത്തരം സംഘങ്ങളുടെ അപ്രഖ്യാപിതനയം. റാഗിങ് പോലുള്ള ക്രൂരവിനോദങ്ങള്‍ക്ക് നേതൃത്വം നല്കുന്നതും പലപ്പോഴും ഇത്തരം സീനിയര്‍ സംഘങ്ങള്‍ ആയിരിക്കും.
 
ഒരോ ദിവസവും പല തരത്തിലുള്ള റാഗിങ് വാര്‍ത്തകളാണ് പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്നത്. കർണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള സ്വകാര്യ നഴ്സിങ് കോളജില്‍ മലയാളിയായ ഒരു പെണ്‍കുട്ടി ക്രൂരമായ റാഗിങ്ങിനിരയായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികളായിരുന്നു അശ്വതിയെന്ന ജൂനിയര്‍ പെണ്‍കുട്ടിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയത്.
 
ഇഷ്‌ടമില്ലാത്ത രണ്ടു മുതിർന്ന വിദ്യാര്‍ത്ഥിനികളുടെ പേരു പറയാൻ സീനിയർ വിദ്യാർഥിനികൾ ഈ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും പേരു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ രാത്രി ഹോസ്റ്റൽമുറിയിലേക്ക് സംഘമായെത്തിയ ഇവർ ശുചിമുറി വൃത്തിയാക്കുന്ന ലായനി ബലമായി വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു. അശ്വതിയുടെ അന്നനാളത്തിനേറ്റ പരുക്ക് ഇതുവരെ ഭേദമായിട്ടില്ല. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അശ്വതി.
 
അന്വേഷണം പല രീതിയില്‍ മുന്നോട്ടു പോകുകയാണ്. കോളജ്, കോളജിന്റേതായ രീതിയില്‍ അന്വേഷിച്ച് അശ്വതിയുടേത് ആത്മഹത്യാശ്രമം ആണെന്ന് വരുത്തി തീര്‍ത്തു കഴിഞ്ഞു. അതേസമയം, പൊലീസ് അന്വേഷണം മറുഭാഗത്ത് പുരോഗമിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രധാനവസ്തുത ഈ കോളജില്‍ ആന്റി റാഗിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നതാണ്.  ശക്തമായ ഒരു ആന്റി റാഗിങ് സെല്‍ ഉണ്ടായിരുന്നെങ്കില്‍ അശ്വതിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
 
കോളജുകളില്‍ ആന്റി റാഗിങ് സെല്‍ പ്രവര്‍ത്തിക്കണമെന്ന് നിയമം ഉണ്ടെങ്കിലും പല കോളജുകളും ഈ നിയമം ശക്തമായി നടപ്പാക്കുന്നില്ല എന്നതാണ് സത്യം. കേരളത്തിലെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന റാഗിങ് ഇത് വ്യക്തമാക്കുന്നതാണ്. പിറന്നാള്‍ ആഘോഷത്തിന്റെ മറവിലായിരുന്നു ആ റാഗിങ്. ഒരു വിദ്യാര്‍ത്ഥിയെ വെറുമൊരു തോര്‍ത്തുമുണ്ട് മാത്രം ഉടുപ്പിച്ച് ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം ഭക്ഷണങ്ങളുടെ അവശിഷ്‌ടങ്ങളും മലിനമായ വെള്ളവും മേലാസകലം ഒഴിച്ച രീതിയിലായിരുന്നു കണ്ടെത്തിയത്. മാധ്യമങ്ങള്‍ വലിയ ശ്രദ്ധ നല്കാതിരുന്ന സംഭവത്തില്‍ നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇതില്‍ നടപടിയെടുത്തത്.
 
നഗ്നയായി നൃത്തം ചെയ്യാന്‍ വിസമ്മതിച്ച കുട്ടികളെ ക്രൂരമായി റാഗ് ചെയ്ത സംഭവങ്ങളും ക്ലോസറ്റില്‍ ബ്ലേഡ് ഇട്ട ശേഷം അതു നാവുകൊണ്ട് നക്കി എടുപ്പിക്കുന്നതു പോലുള്ള ക്രൂരകൃത്യങ്ങളും ഒരു കാലത്ത് കേരളത്തിലെ കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും സജീവമായിരുന്നു. എന്നാല്‍, ആന്റി റാഗിങ് സെല്ലിന്റെ വരവോടെ ഇതിനൊക്കെ വലിയ അളവില്‍ കുറവുണ്ടായി. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്നും കേരളത്തിലെ കാമ്പസുകളില്‍ നടക്കുമ്പോള്‍ പുറത്തെ കോളജ് കാമ്പസുകളില്‍ റാഗിങ് ഇപ്പോഴും സജീവമാണ്. 
 
ക്രൂരമായ റാഗിങ് മൂലം നിരവധി വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സാമ്പത്തികമായ പരാധീനതകള്‍ നേരിടുന്ന പല വീടുകളിലെയും കുട്ടികളാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നത് എന്നതാണ് ഏറ്റവും സങ്കടകരമായ ഒരു വസ്തുത. കോളജുകളില്‍ ആന്റി റാഗിങ് സെല്ലുകള്‍ സജീവമായി തന്നെ വേണം. സെല്ലിന്റെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കുന്നതിലൂടെ ക്രൂരമായ റാഗിങ് ഇല്ലാതാക്കാന്‍ അതിന് കഴിയും. 
 
റാഗിങിനും ഒരു എത്തിക്സ് ഉണ്ട്. ആ പരിധി ലംഘിക്കാത്തിടത്തോളം കാലം റാഗിങ് ചെയ്യുന്നവരും അത് 
അനുഭവിക്കുന്നവരും ആസ്വദിക്കുകയാണ് ചെയ്യുന്നത്. പുതുതായി ഒരു കോളജില്‍ എത്തുന്ന ഏതൊരു വിദ്യാര്‍ത്ഥിയും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സഭാകമ്പം. ഇതെല്ലാം മാറിക്കിട്ടുന്നതിനായി ദേഹോപദ്രവമേല്‍പ്പിക്കാത്തതും മാനസികമായി അവരെ തകര്‍ക്കാത്തതുമായ വിധത്തിലുള്ള റാഗിങ് ഉത്തമമാണ്. അതിനായി ഐസ് ബ്രേക്കിംഗ്, ഫ്രഷേഴ്സ് ഡേ, വെല്‍കം ഡേ പോലുള്ള ദിവസങ്ങള്‍ സംഘടിപ്പിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്കുകയും ഈ ദിവസങ്ങളില്‍ അവര്‍ക്കായി പ്രത്യേക പരിപാടികള്‍ അധ്യാപകരുടെ സമ്മതത്തോടെ ആസൂത്രണം ചെയ്യുകയും ആവാം. കാമ്പസുകള്‍ ജൂനിയേഴ്സിന്റെയും സീനിയേഴ്സിന്റെയും യുദ്ധഭൂമിയാകുകയല്ല, സൌഹാര്‍ദ്ദത്തിന്റെ വിളനിലമാകുകയാണ് വേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോനൂ... നിനക്ക് സ്വാഗതം; ആറു വർഷങ്ങൾക്ക് ശേഷം അവൻ ഇന്ത്യയിൽ മടങ്ങിയെത്തി, സുഷമയ്ക്ക് അഭിനന്ദന പ്രവാഹം