പഠിക്കാന്‍ ഏതുസമയമാണ് കൂടുതല്‍ നല്ലത്?
അതിരാവിലെ പഠിക്കുന്നതാണോ രാത്രി വൈകിയും പഠിക്കുന്നതാണോ നല്ലത്?
അതിരാവിലെ പഠിക്കുന്നതാണോ രാത്രി വൈകിയും പഠിക്കുന്നതാണോ നല്ലത്? - ഇങ്ങനെ ഒരു ചോദ്യത്തിന് വ്യക്തമായ ഒരുത്തരമില്ല. അത് ഓരോ വിദ്യാര്‍ത്ഥിയുടെയും തീരുമാനത്തിന് വിടാവുന്നതാണ്. കാരണം, ഏത് സമയത്ത് പഠിക്കുന്നതാണ് നല്ലത് എന്ന് ശാസ്ത്രീയമായ ഒരു കണ്ടെത്തലും ഉണ്ടായിട്ടില്ല. പിന്നെ എല്ലാവരും പറയുന്നതുപോലെ, രാവിലെ എണീറ്റിരുന്ന് പഠിച്ചാല്‍ ഒരു ഫ്രഷ്നസൊക്കെ തോന്നുമെന്നത് സത്യം.
സ്കൂള്‍ കുട്ടികള്‍ക്ക് അതിരാവിലെ പഠിക്കുന്നത് ഗുണം ചെയ്യും. ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വിട്ടുകഴിഞ്ഞും പഠനസമയം തെരഞ്ഞെടുക്കാം. എന്നാല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കുമൊക്കെ രാത്രി വൈകിയും പഠിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. അവര്‍ക്ക് ആവശ്യമായ സമയം രാത്രിയില്‍ കിട്ടുമെന്നതിനാലാണത്. ഗവേഷണങ്ങള്‍ക്കും ആഴത്തിലുള്ള പഠനത്തിനും പകല്‍ നിശ്ചിതസമയം ചെലവഴിക്കുന്നത് മതിയാവില്ല.
പിന്നെ പഠിക്കാന്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും രാത്രി വൈകിയും ഉറങ്ങാതിരിക്കുകയുമൊക്കെ ചെയ്യുന്നതുപോലെ പ്രധാനമാണ് ഉറക്കത്തിന്‍റെ സമയവും. ശരീരത്തിന് ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പിന്നെ പഠനം കുഴപ്പത്തിലാകുമെന്ന് പറയേണ്ടതില്ലല്ലോ. ഉറക്കവും വിശ്രമവുമൊക്കെ കൃത്യമായി ലഭിക്കുന്ന ശരീരത്തിന് പഠനം രസകരമായ ഒരു വ്യായാമമായി അനുഭവപ്പെടുകയും ചെയ്യും.