Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവിന്ദച്ചാമി സുഖമായിരിക്കുന്നു; നാല് നേരം ബിരിയാണി, നല്ല ഉറക്കം, കാണാന്‍ ടിവി

ഗോവിന്ദച്ചാമിയുടെ ജയിലിലെ സുഖവാസം

ഗോവിന്ദച്ചാമി സുഖമായിരിക്കുന്നു; നാല് നേരം ബിരിയാണി, നല്ല ഉറക്കം, കാണാന്‍ ടിവി
കണ്ണൂര് , ശനി, 17 സെപ്‌റ്റംബര്‍ 2016 (18:31 IST)
സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോള്‍ ഏറെ സന്തോഷവാനാണ്. മറ്റൊന്നും കൊണ്ടല്ല, വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷമാണ് അയാള്‍ക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ എല്ലാവിധ സുഖ സൌകര്യങ്ങളോടേയും കഴിയുകയാണ് ഇയാളിപ്പോള്‍. കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കാത്തതുകൊണ്ട് ജയിലിനുള്ളിലെ ഭാരിച്ച ജോലികളൊന്നും ഗോവിന്ദച്ചാമിയെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങിയിട്ടില്ല. മാത്രമല്ല, ഒരു കൈയില്ലെന്ന കാരണത്താല്‍ ജോലിയില്‍ ഇളവുകിട്ടാനും സാധ്യതയുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിലെ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ യദു നാരായണന്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ വിവരങ്ങളില്‍ നിന്നും‍:
 
ആദ്യകാലങ്ങളില്‍ അക്രമസ്വഭാവം കാണിച്ചിരുന്ന തടവുപുള്ളിയായിരുന്നു ഗോവിന്ദച്ചാമി. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ വളരെ ശാന്തനാണ്. ആരോടും ഒരു വഴക്കിനുംപോകാതെ മൂന്നുനേരവും നല്ല ഭക്ഷണവും ഉറക്കവുമാണ് ഇയാളുടെ ഇപ്പോഴത്തെ പതിവുചര്യ. ആഴ്ചയില്‍ ഒരുദിവസം മട്ടന്‍ കറി, രണ്ടു ദിവസം ചോറും മീന്‍കറിയും,  മൂന്നുദിവസം സസ്യാഹാരം എന്നിങ്ങനെയാണ് ജയിലിലെ മെനു. ചില ദിവസങ്ങളില്‍ മട്ടന്‍ ഉണ്ടാകാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമിയുടെ ഭക്ഷണം. ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിങ്ങനെ പോകുന്നു ജയിലിലെ പ്രാതലിന്റെ വിഭവങ്ങള്‍.
 
ഗോവിന്ദച്ചാമിയുടെ സഹോദരനായ സുബ്രഹ്മണ്യന്‍ ജയിലില്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലെ ഫ്രീഡം ബിരിയാണിയോ ചിക്കന്‍കറിയോ ചപ്പാത്തിയോ വാങ്ങി കഴിക്കുന്നതിന് ഒരു തരത്തിലുള്ള തടസ്സവും ചാമിക്കില്ല. ഭക്ഷണകാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറാകാത്ത വ്യക്തിയാണ് ചാമി. ഒരിക്കല്‍ ബിരിയാണി ലഭിക്കാത്തതിനാല്‍ ജയില്‍ ജീവനക്കാരനെ മര്‍ദ്ധിക്കുകയും ക്യാമറ തല്ലിപ്പൊളിക്കുകയും ചെയ്തയാളാണ് ചാമി. അഞ്ചുമാസത്തെ അധിക തടവുശിക്ഷ മാത്രമായിരുന്നു ഇതിന് ലഭിച്ച ഏക ശിക്ഷ. കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ഇയാള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളോ കൊളസ്‌ട്രോളോ  വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ജയിലധികൃതര്‍ കണക്കുകൂട്ടുന്നത്‍. എങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സകൂടി ചാമിക്ക് വേണ്ടിവന്നേക്കും.   
 
അക്രമകാരികള്‍, എയ്ഡ്‌സ് രോഗികള്, ഭ്രാന്തന്‍മാര്‍ എന്നിങ്ങനെ അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ താമസിക്കുന്ന ബ്ലോക്കിലാണ് ഇയാളെയും പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക ജോലികളൊന്നും ചെയ്യാനില്ലാത്തതിനാല്‍ മിക്കസമയങ്ങളിലും ഉറക്കമാണ് പതിവ്. വിമുക്തഭടന്മാരായ നാല് ജയില്‍ ജീവനക്കാരുടെ നിരീക്ഷണവും ഗോവിന്ദച്ചാമിക്കുണ്ട്. 110 പേരാണ് ആ ബ്ലോക്കില്‍ കഴിയുന്നത്. ടിവി കാണാനുള്ള സൌകര്യവും അവിടെയുണ്ട്. തന്റെ ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതിനാല്‍ ഇനിയും ഈ സുഖവാസം തുടരാമെന്ന സന്തോഷം ചാമിയുടെ ഇയാളുടെ മുഖത്ത് പ്രകടമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
 
ഇക്കാലമത്രയും അഡ്വ. ബിഎ ആളൂരും സഹോദരന്‍ സുബ്രഹ്മണ്യനുമാണ് ഇയാളെ കാണാനായി ജയിലില്‍ എത്തിയിട്ടുള്ളത്. ഈ രണ്ടുപേരുമായി മാത്രമാണ് ചാമി ഫോണില്‍ ബന്ധപ്പെടാറുമുള്ളതെന്നും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. പല പിടിച്ചുപറിക്കേസുകളിലും ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാളുടെ അനിയന്‍ സുബ്രഹ്മണ്യന്‍. മോഷണത്തിലൂടേയും മറ്റും കിട്ടുന്ന പണമാണ് ഇയാള്‍ ചാമിക്ക് നല്‍കുന്നത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഈ കേസ് വാധിക്കുന്നതിലൂടെ അഡ്വ. ബി എ ആളൂര്‍ ലക്ഷ്യമിടുന്നതെന്നും തനിക്ക് ആകാശപ്പറവകള്‍ എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും ചാമി ജയിലധികൃതരോട് പറഞ്ഞു. എന്തുതന്നെയായാലും ഉര്‍വശീ ശാപം ഉപകാരമായി എന്നു പറയുന്നതുപോലെയാണ് ഗോവിന്ദച്ചാമിയുടെ ഇപ്പോഴത്തെ അവസ്ഥ.
 
(കടപ്പാട്: റിപ്പോര്‍ട്ടറിലെ യദു നാരായണന്‍റെ റിപ്പോര്‍ട്ട്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ദ് നടത്തുന്ന കാര്യത്തില്‍ തമിഴ്‌നാടിനെ കണ്ടു പഠിച്ചാലോ; മലയാളിക്ക് അതൊരു വേറിട്ട അനുഭവമായിരിക്കും