Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനയ്ക്കറിയാത്ത ആനയുടെ വലിപ്പം, മലയാളത്തിന്റെ ഉടയോൻ: മോഹൻലാലിനെ പുകഴ്ത്തി അരുൺ ​ഗോപിയുടെ പോസ്റ്റ്

ആനയ്ക്കറിയാത്ത ആനയുടെ വലിപ്പം, മലയാളത്തിന്റെ ഉടയോൻ: മോഹൻലാലിനെ പുകഴ്ത്തി അരുൺ ​ഗോപിയുടെ പോസ്റ്റ്

നിഹാരിക കെ.എസ്

, ഞായര്‍, 23 മാര്‍ച്ച് 2025 (13:35 IST)
മോഹൻലാൽ സിനിമകൾ തന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളെ സ്വാധീനിച്ചതിനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി. എമ്പുരാൻ റിലീസിനോടനുബന്ധിച്ചാണ് അദ്ദേഹം മോഹൻലാലിനെ പുകഴ്ത്തിയത്. രാജകുമാരനായും, തമ്പുരാനായും, ചക്രവർത്തിയായും, ഇടയ്ക്കൊക്കെ രാജ്യം നഷ്ടപ്പെട്ട രാജാവായും അയാളെന്റെ ഋതുഭേദങ്ങളെ നിറച്ചാർത്തണിയിച്ചു കൊണ്ടിരുന്നുവെന്നും തിലകനൊരിക്കൽ അഭിപ്രായപ്പെട്ടതുപോലെ ആനയ്ക്കറിയാത്ത ആനയുടെ ആ വലിപ്പത്തെപ്പറ്റി എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ലെന്നും മോഹൻലാലിനെക്കുറിച്ച് അരുൺ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച് മോഹൻലാൽ ഫാൻ ബോയ് ആയ അരുണിന്റെ പോസ്റ്റ് ശ്രദ്ധനേടുകയാണ്.
 
അരുൺ ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;
 
'മൂന്നാം മുറ'യുടെ റിലീസിംഗ് ദിവസം ടിക്കറ്റ് എടുക്കാനുള്ള തിരക്കിൽ പെട്ട് ഒരാൾ മരണമടയുകയും, പതിനഞ്ചാൾക്കാർക്ക് പരിക്ക് പറ്റുകയും ചെയ്ത 'കഥ' കേട്ടമ്പരന്ന ബാല്യത്തിനും.. 'മണിച്ചിത്രത്താഴ്' കാണാൻ തുടർച്ചയായി മൂന്നു ദിവസം പോയിട്ടും പെരിന്തൽമണ്ണ ജഹനറയിൽ നിന്നും ടിക്കറ്റ് കിട്ടാതെ മടങ്ങി ഒടുവിൽ നാലാം ദിവസം ആറ് മണിക്കൂർ ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കണ്ട 'കഥന'ത്തിൽ വാ തുറന്ന് നിന്നു പോയ കൗമാരത്തിനും..നരസിംഹത്തിന്റെ അമ്പതാം ദിവസം മാറ്റിനിയ്ക്ക് , ഗുഹ പോലെ നീണ്ട കെ.സി.മൂവീസിന്റെ ടിക്കറ്റ് കൗണ്ടറിൽ ഒരു മണിക്കൂറിലേറെ നേരം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഏറ്റവും മുമ്പിലെ വരിയിലിരുന്നു കണ്ട് തിരക്കെന്തെന്ന് ശരിക്കുമനുഭവിച്ചറിഞ്ഞ യൗവനത്തിനും..
 
ഹർത്താൽ ദിവസം രാവിലെ മൂന്നരയ്ക്ക് നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട്ടെ തിയേറ്ററിലേയ്ക്ക് 'എയർപോർട്ട്' സ്റ്റിക്കറൊട്ടിച്ച കാറിൽ, ഉറക്കമൊഴിഞ്ഞിരുന്ന ഒരു നാലുവയസ്സുകാരനെയും ഒക്കത്തേറ്റി പോയി 'ഒടിയനെ' കണ്ട മധ്യവയസ്സിനും. ഓരോ ഋതുവിനും അയാളായിരുന്നു ഉടയോൻ.. രാജകുമാരനായും, തമ്പുരാനായും, ചക്രവർത്തിയായും, ഇടയ്ക്കൊക്കെ രാജ്യം നഷ്ടപ്പെട്ട രാജാവായും അയാളെന്റെ ഋതുഭേദങ്ങളെ നിറച്ചാർത്തണിയിച്ചു കൊണ്ടിരുന്നു. തിലകനൊരിക്കൽ അഭിപ്രായപ്പെട്ടതുപോലെ ആനയ്ക്കറിയാത്ത ആനയുടെ ആ വലിപ്പത്തെപ്പറ്റി എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ല. 
 
സ്നേഹിക്കുമ്പോഴും, നിരസിക്കുമ്പോഴും മലയാളി ആ മനുഷ്യനെ സകലതീവ്രതയോടും കൂടിയായിരുന്നു സമീപിച്ചിരുന്നത്. മറ്റൊരഭിനേതാവിനും ലഭിക്കാത്ത സൗഭാഗ്യവും, ശാപവുമാണ് അയാൾക്കീ താപനില എന്നു തോന്നാറുണ്ട്. എത്ര തവണ ഇറക്കി വിടാൻ ശ്രമിച്ചാലും വിളിപ്പുറത്തയാളുണ്ടെന്ന് അയാൾക്കറിയാം, മലയാളിക്കുമറിയാം. പത്തു മുപ്പതു കൊല്ലം കൊണ്ടയാൾ നടനാശിയിൽ ഉരുക്കിയൊഴിച്ചു തീർത്ത താദാത്മ്യമാണത്. 
 
'എമ്പുരാൻ' നടന്നു തീർക്കുന്ന ഒരു നാഴികക്കല്ലും എനിക്ക് അതിശയമാകാത്തത് ഈ താദാത്മ്യതയെ മറ്റാരേക്കാളുമറിയാവുന്ന ഒരു സംവിധായകൻ അയാളും, മലയാളിയും കാണാനാശിക്കുന്ന രൂപത്തിൽ ഈ മനുഷ്യനെ അവതരിപ്പിക്കുമെന്ന് അത്രയേറെ ഉറപ്പുള്ളതുകൊണ്ടുതന്നെയാണ്. അയാളുടെ ജീവിതത്തിൽ ഒരു പക്ഷേ ആ മനുഷ്യനേറ്റവുമധികം ഉച്ചരിച്ചിട്ടുള്ള വാക്കുകളിലൊന്നായ വിസ്മയം, ഒരു വിസ്മയം എമ്പുരാനിലെവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്. അങ്ങേയറ്റം ആസക്തിയോടെ അയാളാ വിസ്മയത്തെപ്പറ്റി പറയുന്നുമുണ്ട്.
 
ബുക്കിംഗ് ആപ്പുകളെ ക്രാഷ് ചെയ്യുന്ന രീതിയിൽ വിരലമർത്തി ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന ഓരോരുത്തരും തീരാപ്പശിയോടെ തേടുന്നതും ആ വിസ്മയത്തെത്തന്നെയാണ്. അത് രണ്ടും കൃത്യമായി ഒന്നിക്കുന്ന നിമിഷം പിറക്കാൻ പോകുന്നത് കൊമേഴ്സ്യൽ മോളിവുഡിന്റെ പുതുജന്മമാണ്; പാളിപ്പോകാനുള്ളതിനേക്കാൾ വിജയിക്കാൻ സാധ്യതയുള്ള പുതുജന്മത്തുടിപ്പ്.. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം തെറ്റായിരുന്നെന്ന് ഒരു നാൾ തിരിച്ചറിയുമായിരിക്കും. അന്നെന്റെ കയ്യിൽ ഒന്നുമില്ലാതെയിരുന്നാലും ഞാൻ ഓർക്കും, നിങ്ങളടക്കം അയാളെ എഴുതി തള്ളിയപ്പോഴും എന്റെ കണ്ണുകളെക്കാൾ വിശ്വാസത്തോടെ അയാൾക്കൊപ്പം ഞാൻ നിന്നിട്ടുണ്ടെന്ന്. ആ ഒരു തീരുമാനം ഒരിക്കലും തെറ്റിയില്ലെന്ന് എന്നെത്തന്നെ ആശ്വസിപ്പിച്ചുകൊണ്ട് വീണ്ടും ഒന്നിൽ നിന്ന് ഞാൻ തുടങ്ങും. അയാൾ തുടങ്ങിയത് പോലെ!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

27 ദിവസം ജയിലിൽ, റിയ നേരിട്ടത് മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ; ഒടുവിൽ നീതി, നന്ദി പറഞ്ഞ് റിയ