മ്ലാത്തി ചേട്ടത്തി മലയാളം പറയും 'പുഷ്പം പോലെ'; അഞ്ജലി വോയ്‌സ് ട്രെയിനര്‍ ആയത് 'ആക്‌സിഡന്റലി' (അഭിമുഖം)
നമ്മുടെ പാര്‍ട്ടെല്ലാം ശരിയാകുമ്പോഴും അതിനനുസരിച്ചോ അതിനു മുകളിലോ നില്‍ക്കുന്ന ബിയാന മാമിന്റെ പെര്‍ഫോമന്‍സും ആത്മസമര്‍പ്പണവും എടുത്തുപറയേണ്ടതാണ്
Anjaly Sathyanath Interview
Anjaly Sathyanath Interview: മലേഷ്യക്കാരി മ്ലാത്തി ചേട്ടത്തി കുര്യച്ചനൊപ്പം കാട്ടുകുന്നിലേക്ക് എത്തിയിട്ട് വര്‍ഷം കുറേയായി. മ്ലാത്തി ചേട്ടത്തി നമ്മളെക്കാള്‍ നന്നായി മലയാളം പറയുമെന്ന് നാട്ടിലുള്ളവരും സമ്മതിക്കുന്നുണ്ട്. സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുല്‍ രമേശും 'എക്കോ'യിലെ മ്ലാത്തി ചേട്ടത്തിയാകാന്‍ മേഘാലയന്‍ കലാകാരി ബിയാന മൊമിനെ തിരഞ്ഞെടുത്തപ്പോള്‍ ചേട്ടത്തിയുടെ 'മലയാളം' ഒരു ടാസ്‌ക്കാകുമോ എന്ന് ആകുലപ്പെട്ടിരിക്കാം. എന്നാല്‍ ഭാഷാ പരിശീലകയായി (വോയ്‌സ് ട്രെയിനര്‍) അഞ്ജലി സത്യനാഥ് എത്തിയപ്പോള്‍ കാര്യങ്ങളെല്ലാം 'സ്മൂത്ത്' ആയി നടന്നു. മ്ലാത്തി ചേട്ടത്തിക്കായി കെപിഎസി ലീല നല്‍കിയ ഗംഭീര ഡബ്ബിങ്ങിനൊപ്പം ആ കഥാപാത്രത്തിന്റെ ആത്മാവ് നഷ്ടമാകാതെ സ്‌ക്രീനില്‍ ലിപ് സിങ്ക് (ചുണ്ടനക്കം) വടിവൊത്തതാക്കിയതിലുള്ള സന്തോഷത്തിലും അഭിമാനത്തിലുമാണ്
അഞ്ജലി വെബ് ദുനിയ മലയാളത്തോടു സംസാരിക്കുന്നത്.
'ആക്‌സിഡന്റലി' ഞാന്‍ വോയ്‌സ് ട്രെയിനര്‍ ആയി
വോയ്‌സ് ട്രെയിനര്‍ ആയി എന്റെ ആദ്യത്തെ സിനിമയാണ് 'എക്കോ'. ഈയൊരു ഫീല്‍ഡിലേക്ക് എത്തുമെന്നോ അല്ലെങ്കില്‍ പ്രൊഫഷണലി അങ്ങനെയൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നോ പ്രതീക്ഷിക്കുകയോ പ്ലാന്‍ ചെയ്യുകയോ ചെയ്തിട്ടില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ആക്‌സിഡന്റലി ആണ് ഞാന്‍ വോയ്‌സ് ട്രെയിനര്‍ ആകുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനെ ഞാന്‍ അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. പുള്ളിയാണ് ബിയാന മൊമിന്റെ വോയ്‌സ് ട്രെയിനര്‍ ആകാന്‍ സാധിക്കുമോയെന്ന് ചോദിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം, അവര്‍ മറ്റൊരു നാട്ടില്‍ നിന്ന് വരുന്ന സ്ത്രീയാണ് അവരെ കൂടുതല്‍ കംഫര്‍ട്ടാക്കാന്‍ സാധിക്കും എന്നതൊക്കെ പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവാദിത്തം എന്നില്‍ ഏല്‍പ്പിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായി ഇതേ കുറിച്ച് സംസാരിച്ചു, അവര്‍ക്കും ഓക്കെയാണെന്ന് തോന്നി. ഇവരെല്ലാം നല്‍കിയ ആത്മവിശ്വാസം കൂടിയാണ് വോയ്‌സ് ട്രെയിനര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എന്നെ പ്രചോദിപ്പിച്ചത്. സൗഹൃദത്തിന്റെ പേരില്‍ ഞാന്‍ ചെയ്യാന്‍ തീരുമാനിച്ച ഒരു കമ്മിറ്റ്‌മെന്റ് ആയിരുന്നു. എല്ലാവരും ഇപ്പോള്‍ നല്ലത് പറയുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. ഇനിയിപ്പോള്‍ ഇത് കാര്യമായി ചെയ്താലോ എന്ന് ആലോചിക്കുന്നുണ്ട്..!
എങ്ങനെ സാധ്യമാക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു
മലയാളം ഒട്ടും അറിയാത്ത വ്യക്തി, ആറ്റിക്കുറുക്കിയ തിരക്കഥയില്‍ ഒരു ഡയലോഗില്‍ പോലും മാറ്റം വരുത്താന്‍ സാധിക്കില്ല തുടങ്ങിയ കാര്യങ്ങളെല്ലാം ആലോചിക്കുമ്പോള്‍ ഇത് എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുമെന്ന പേടി എനിക്കുണ്ടായിരുന്നു. ബിയാന മൊമിന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. അതിന്റെയെല്ലാം ടെന്‍ഷന്‍ ഒരു വശത്ത് ഉണ്ടായിരുന്നു. എന്നാല്‍ ബിയാനയുമായി ഇടപഴകി തുടങ്ങിയപ്പോള്‍ ഈ പേടിയൊക്കെ പതുക്കെ മാറി. വളരെ സഹകരണ മനോഭാവമുള്ള കലാകാരിയാണ് അവര്‍. 'എന്തും ചെയ്യാം, എന്തുകൊണ്ട് ഇങ്ങനെ ട്രൈ ചെയ്തുകൂടാ' അങ്ങനെയൊക്കെ വളരെ പോസിറ്റീവായി ചിന്തിക്കുന്ന കൂള്‍ പേഴ്‌സണാലിറ്റിയാണ് അവരുടേത്. അതുകൊണ്ട് വോയ്‌സ് ട്രെയിനിങ്ങിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ച അത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല.
Anjaly Sathyanath and Biana Momin
ഇംഗ്ലീഷിനൊപ്പം മംഗ്ലീഷ് ! അങ്ങനെ അവര്‍ മലയാളം പറഞ്ഞു തുടങ്ങി
മേഘാലയയിലെ ഘാരോ ഹില്‍സിലാണ് ബിയാനയുടെ സ്വദേശം. വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്ന ആളാണ്, സ്വന്തമായി രണ്ട് സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ടും അവര്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയുന്നതുകൊണ്ടും ആശയവിനിമയം അത്ര ബുദ്ധിമുട്ടായിരുന്നില്ല. പക്ഷേ മലയാളം ഭാഷയിലേക്ക് അവരെ എത്തിക്കുകയെന്ന അല്‍പ്പം റിസ്‌ക്കായിരുന്നു. പ്രാദേശികമായി അവര്‍ സംസാരിക്കുന്ന ഘാരോ ഭാഷയ്ക്കു ഇന്ത്യയിലെ ദ്രാവിഡ ഭാഷകളുമായി യാതൊരു ബന്ധവുമില്ല. അവരുടെ സൗണ്ടുകള്‍, ഉച്ചാരണം എന്നിവയെല്ലാം ദ്രാവിഡ ഭാഷകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിനിടയില്‍ ചില മലയാളം വാക്കുകള്‍ കയറ്റിവിടും, വേറെ വഴിയില്ല. മംഗ്ലീഷില്‍ സംസാരിച്ച് അവരുടെ മലയാളം ഭാഷയോടുള്ള അപരിചിതത്വം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിനു 'സീ (see) ദാ മഴ പെയ്യുന്നു' എന്നൊക്കെ പറയുമ്പോള്‍ പതുക്കെ അവര്‍ക്ക് 'മഴ' എന്നുള്ള വാക്കുമായി അടുപ്പം വരും, നമ്മള്‍ പറയുന്നതുപോലെ ആ മലയാളം വാക്ക് ഉച്ചരിക്കാനായി അവര്‍ ശ്രമിക്കും. ഷൂട്ടിങ് സെറ്റില്‍ ഒപ്പം നടന്ന് വിശേഷങ്ങളൊക്കെ സംസാരിക്കുന്ന സമയത്തെല്ലാം ഈ 'മംഗ്ലീഷ് ടെക്‌നിക്' ഉപയോഗിച്ചു. മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകളില്‍ വരുന്ന മലയാളം വാക്കുകള്‍ ഉള്‍പ്പെടുത്തി മംഗ്ലീഷില്‍ സംസാരിക്കും. കുറച്ചൊരു ഫണ്‍ മൂഡിലാണ് അവരെ ഈ ട്രാക്കിലേക്ക് കൊണ്ടുവന്നത്. മേയ് അവസാനത്തോടെയായിരുന്നു ബിയാനയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങേണ്ടത്. പക്ഷേ അവര്‍ ഏപ്രില്‍ 20 തൊട്ടേ വാഗമണ്ണിലെ സെറ്റില്‍ ഉണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വോയ്‌സ് ട്രെയ്‌നിങ്ങിനു കൂടുതല്‍ ശ്രദ്ധ നല്‍കി. ബാഹുലേട്ടന്‍ (ബാഹുല്‍ രമേശ്) തിരക്കഥ വായിക്കാന്‍ തന്നിരുന്നു. കഥ മുഴുവന്‍ മനസിലാക്കി അതിനനുസരിച്ച് അവര്‍ക്കു പരിശീലനം നല്‍കാന്‍ സാധിച്ചു.
Anjaly Sathyanath and Biana Momin
ഷൂട്ടിങ്ങിലേക്കു വന്നപ്പോള്‍ അടുത്ത പ്രതിസന്ധി !
ഞാനും അവരും (ബിയാന) മാത്രമായി സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും ഈ മംഗ്ലീഷ് രീതി ഓക്കെയാണ്, അവര്‍ നല്ല പോലെ സംസാരിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ്ങിലേക്ക് വന്നപ്പോള്‍ ചെറിയൊരു പ്രതിസന്ധി ഉണ്ടായി. ക്യാമറയ്ക്കു മുന്നില്‍ ഒറ്റയ്ക്കു പെര്‍ഫോം ചെയ്യേണ്ടിവന്നപ്പോള്‍ അവര്‍ കുറച്ചൊന്നു അസ്വസ്ഥയായി. ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രം എന്താണ് പറഞ്ഞത്, ഡയലോഗ് പറഞ്ഞ് അവസാനിപ്പിച്ചത് എങ്ങനെയാണ് എന്നതൊക്കെ മനസിലാക്കാനുള്ള പ്രയാസം. അപ്പോള്‍ നമ്മള്‍ പ്രൊമ്റ്റിങ്ങിലൂടെ ചെയ്യാന്‍ ശ്രമിച്ചു, പക്ഷേ അതും അത്രകണ്ട് വിജയിച്ചില്ല. അപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായ ദ്വാരകേഷ് ഒരു ഐഡിയ പറഞ്ഞത്. പുള്ളി അനിമേഷന്‍ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കാര്‍ട്ടൂണ്‍സ് അനിമേറ്റ് ചെയ്യുന്ന സമയത്ത് ചുണ്ടനക്കങ്ങളിലൂടെയാണ് അവരുടെ സംഭാഷണങ്ങള്‍ കൃത്യമാക്കുന്നത്. ലിപ് മൂവ്‌മെന്റ്‌സിലൂടെ എങ്ങനെ വര്‍ക്ക്ഔട്ട് ചെയ്‌തെടുക്കാം എന്ന് ആലോചനയായി പിന്നീട്. സംഭാഷണത്തിനു അനുസരിച്ച് ലിപ് മൂവ്‌മെന്റ് സിങ്ക് ആക്കിയെടുക്കാനുള്ള ഇംഗ്ലീഷ് വാക്കുകള്‍ തയ്യാറാക്കി. വേറൊരു മലയാളി ആര്‍ട്ടിസ്റ്റിനെ വെച്ച് ഈ കഥാപാത്രത്തിനു ഡബ്ബിങ് ചെയ്യുമ്പോഴും അവരുടെ ലിപ് സിങ്ക് കൃത്യമാകുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. കാരണം ഈ കഥാപാത്രം കേരളത്തിലേക്ക് എത്തിയിട്ട് നാല്‍പ്പത് വര്‍ഷത്തോളമായെന്ന് സിനിമയില്‍ പറയുന്നുണ്ട്. സംഭാഷണത്തിനു അനുസരിച്ച് തതുല്യമായ ഇംഗ്ലീഷ് ഉച്ചാരണം തയ്യാറാക്കിയുള്ള പരിശ്രമം വിജയംകണ്ടു. അസോസിയേറ്റ് ഡയറക്ടര്‍ ജോബിന്റെ ഐഡിയ പ്രകാരം ചില ഡയലോഗുകള്‍ ഷൂട്ടിങ് സമയത്ത് ബോര്‍ഡില്‍ എഴുതി കാണിച്ചും പേപ്പറില്‍ എഴുതികൊടുത്തും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കി. സംവിധായകനും തിരക്കഥാകൃത്തും സെറ്റിലെ ബാക്കിയുള്ളവരും ഒരു ടീം വര്‍ക്കായി നിന്നതിനൊപ്പം മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രമായുള്ള ബിയാനയുടെ പെര്‍ഫോമന്‍സ് കൂടി ആയപ്പോള്‍ അത് സിനിമയെ കൂടുതല്‍ പോസിറ്റീവാക്കി.
നമ്മുടെ പാര്‍ട്ടെല്ലാം ശരിയാകുമ്പോഴും അതിനനുസരിച്ചോ അതിനു മുകളിലോ നില്‍ക്കുന്ന ബിയാന മാമിന്റെ പെര്‍ഫോമന്‍സും ആത്മസമര്‍പ്പണവും എടുത്തുപറയേണ്ടതാണ്. സിനിമ വളരെ അന്യമായ ഒരു സ്ഥലത്തുനിന്ന് ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടിലേക്ക് എത്തിയ എഴുപതുകാരിയാണ് അവര്‍. മുന്‍പൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടെങ്കിലും സിനിമ ഷൂട്ടിങ് എന്താണെന്നു അവര്‍ക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെ എത്ര ഗംഭീരമായാണ് അവര്‍ ചെയ്തത്. കഥാപാത്രത്തിനായി അത്രയും പരിശ്രമം നടത്താന്‍ അവര്‍ തയ്യാറായില്ലായിരുന്നെങ്കില്‍ നമ്മള്‍ എടുത്ത പണിയൊക്കെ വെറുതെയാകുമായിരുന്നു !
Anjaly Sathyanath and Biana Momin With Eko Movie Team
വ്യക്തിജീവിതം
തൃശൂര്‍ മാളയില്‍ അന്നമനടയാണ് സ്വദേശം. മാള ഹോളി ഗ്രെയ്‌സില്‍ എംബിഎ പൂര്‍ത്തിയാക്കി. ചാലക്കുടി നിര്‍മല കോളേജില്‍ ബി കോം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സീ കേരളത്തിലെ പരസ്യത്തിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് എത്തിയത്. സൂഫിയും സുജാതയുമാണ് ആദ്യ സിനിമ. ഒരു തെക്കന്‍ തല്ലുകേസ്, വിശുദ്ധ മെജോ, കൊറോണ ധവാന്‍, കുറുക്കന്‍, വാഴ, ജാനകി ജാനേ തുടങ്ങി 14 സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട് ഇതുവരെ. നിലവില്‍ ഫോര്‍ച്യൂണ്‍ ഗേറ്റ് ഓര്‍ഗാനിക്ക് ഫാമിങ് കമ്പനിയില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. ഇനിയിപ്പോള്‍ സിനിമ അഭിനയത്തിനൊപ്പം വോയ്‌സ് ട്രെയിനിങ്ങും ഒരു പ്രൊഫഷണായി കണ്ടു മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ഒരുപാട് പേര്‍ 'എക്കോ'യ്ക്കു ശേഷം വിളിച്ചു, മെസേജുകള്‍ അയച്ചു. ആക്‌സിഡന്റലി എത്തിപ്പെട്ടതാണെങ്കിലും നമ്മള്‍ ഏറ്റെടുത്ത ഉത്തരവാദിത്തം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നറിയുമ്പോള്‍ വലിയ സന്തോഷമുണ്ട്..! പ്രേക്ഷകരുടെ സ്‌നേഹത്തിനും ഈ ഉത്തരവാദിത്തം എന്നെ വിശ്വാസത്തിലെടുത്ത് ഏല്‍പ്പിച്ച സംവിധായകന്‍ ദിന്‍ജിത്തേട്ടും, തിരക്കഥാകൃത്ത് ബാഹുലേട്ടനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫിക്കയ്ക്കും 'എക്കോ'യുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി പറയുന്നു..!