മലയാള സിനിമയില്‍ അടുത്ത കാലത്ത് ഏറ്റവും വലിയ വിവാദവും ചര്‍ച്ചാവിഷയവും ‘ഒടിയന്‍’ എന്ന ചിത്രമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ശ്രീകുമാര്‍ മേനോനല്ല, എം പത്മകുമാറാണ് എന്ന രീതിയില്‍ വലിയ ചര്‍ച്ചകളും പ്രചരണവുമുണ്ടായി. ഇതിനെപ്പറ്റി ശ്രീകുമാര്‍ മേനോന്‍ വരെ പ്രതികരിക്കുകയും ചെയ്തു.
എന്നാല്‍ ഒടിയന്‍റെ ക്രിയേറ്റീവ് സൈഡില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് തുറന്നുപറയുകയാണ് എം പത്മകുമാര്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പത്മകുമാര്‍ ഇക്കാര്യം പറയുന്നത്.
“ഒടിയന്‍റെ ക്രിയേറ്റീവ് സൈഡില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഒരു കോഓര്‍ഡിനേറ്ററുടെ റോളായിരുന്നു എന്‍റേത്” - പത്മകുമാര്‍ പറയുന്നു. ഒടിയന്‍ സംവിധാനം ചെയ്തത് താനല്ലെങ്കില്‍ അതിനുണ്ടായ കുഴപ്പത്തിന് കാരണവും യഥാര്‍ത്ഥ സംവിധായകനല്ലേ എന്ന കൌതുകമുണര്‍ത്തുന്ന ചോദ്യം ശ്രീകുമാര്‍ മേനോന്‍ ഒരു പ്രസ് മീറ്റില്‍ ചോദിച്ചിരുന്നു. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ്’ വന്‍ ഹിറ്റായപ്പോള്‍ ഒടിയന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനെപ്പറ്റിയുള്ള ചോദ്യമായിരുന്നു അന്ന് ശ്രീകുമാര്‍ മേനോനെ പ്രകോപിപ്പിച്ചത്.
അതേസമയം, സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ‘മാമാങ്കം’ എന്ന മമ്മൂട്ടി ചിത്രത്തിലേക്കും സംവിധാന സഹായിയായി എം പത്മകുമാര്‍ എത്തിയതാണ് പുതിയ വാര്‍ത്ത. മലയാള സിനിമയിലെ ക്രൈസിസ് മാനേജുമെന്‍റ് വിദഗ്ധനായി പത്മകുമാര്‍ മാറുകയാണ്.