ജയസൂര്യ ചിത്രം ഫുക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആണ് നിര്‍മല്‍ പാലാഴി. അതിന് മുമ്പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് നിര്‍മ്മല്‍. ആ സമയത്ത് ഒരപകടം പറ്റി. അപകടത്തിന് ശേഷം തിരിച്ചുവന്ന് ചെയ്‌തതില്‍ ശ്രദ്ധിക്കപ്പെട്ടത് ഫുക്രി ആയിരുന്നു. ഫുക്രിക്ക് മുമ്പ് അഭിനയിച്ച ചില സിനിമകളില്‍ അപകടത്തിന്‍റേതായ കുറച്ചു പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവന്നത് നിര്‍മ്മല്‍ തുറന്നുപറയുകയാണ്.
അപടത്തിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്ന സമയം. ജീവിതം അങ്ങോട്ടാണോ ഇങ്ങോട്ടോ എന്നറിയാതെ നിൽക്കുമ്പോൾ കിട്ടിയ സിനിമയായിരുന്നു അത്. ആക്സിഡൻറിനെ തുടർന്ന് എനിക്ക് മറവി ഉണ്ടായിരുന്നു. എന്‍റെ പ്രശ്നം കൊണ്ടുണ്ടായ റീടേക്കുകള്‍ കാമറാമാന്റെ മൂഡ് തകര്‍ത്തു. 30 ദിവസത്തെ ഡേറ്റ് അവര്‍ മൂന്ന് ദിവസത്തേക്ക് ചുരുക്കി. എന്‍റെ കഥാപാത്രത്തെ അവര്‍ വെട്ടിച്ചുരുക്കി. അത് അവരുടെ പ്രശ്നമായിരുന്നില്ല . ഞാൻ ഡയലോഗുകൾ തെറ്റിക്കുകയായിരുന്നു. ആ സിനിമയുടെ ക്യാമറാമാൻ തന്നെയായിരുന്നു ഞാന്‍ അഭിനയിക്കേണ്ട അടുത്ത സിനിമയിലും ക്യാമറ കൈകാര്യം ചെയ്തത്.
എന്നെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ ക്യാമറാമാൻ ക്യാമറ എടുത്ത് ഓടേണ്ടി വരുമെന്ന് അവർ പറഞ്ഞു. എനിക്ക് ആ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഒരു ബ്രേക്ക് കിട്ടിയത് സിദ്ദിക്കിന്‍റെ ഫുക്രിയിലൂടെയാണെന്ന് നിര്‍മല്‍ പാലാഴി പറയുന്നു.