#നെല്‍വിന്‍ വില്‍സണ്‍/ [email protected]
'അലക്‌സാണ്ടര്‍ പ്രശാന്ത്,' ടെലിവിഷന്‍ പരിപാടികള്‍ സജീവമായ കാലംതൊട്ട് ഈ പേര് മലയാളികള്‍ കേള്‍ക്കുന്നുണ്ട്. അവതാരകനായി കരിയര്‍ തുടങ്ങിയ പ്രശാന്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികളുടെ കൈയടി നേടുന്ന ഒരു നടന്‍ കൂടിയാണ്. തിയറ്ററിലും ഒ.ടി.ടി.പ്ലാറ്റ്‌ഫോമിലും വലിയ പ്രേക്ഷക പ്രശംസ നേടിയ ഓപ്പറേഷന്‍ ജാവയില്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ ബഷീര്‍ എന്ന കഥാപാത്രത്തെ പ്രശാന്ത് അവിസ്മരണീയമാക്കി. പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്ന കഥാപാത്രമായിരുന്നു ബഷീര്‍. പ്രൊഫഷണല്‍ ഈഗോയുള്ള ബഷീറിനെ മലയാളികള്‍ വെറുത്താല്‍ തെറ്റ് പറയാന്‍ സാധിക്കില്ലല്ലോ?
ഓരോ വര്‍ഷം കഴിയുംതോറും പ്രശാന്ത് എന്ന കലാകാരനില്‍ സിനിമയോടുള്ള അഭിനിവേശം കൂടിയിട്ടേയുള്ളൂ. അതിനു അടിവരയിടുന്നതാണ് വര്‍ഷങ്ങളായുള്ള അയാളുടെ കാത്തിരിപ്പും പകര്‍ന്നാടിയ ചെറുതും വലുതുമായ വേഷങ്ങളും. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പ്രശാന്ത് സംസാരിക്കുകയാണ്. കാത്തിരിപ്പ്, സ്വപ്‌നം കണ്ടുനടന്ന നാളുകള്‍, സ്വപ്‌നസാക്ഷാത്കാരം, വ്യക്തിജീവിതം...അങ്ങനെ എല്ലാ വിശേഷങ്ങളും പ്രശാന്ത് വെബ് ദുനിയ മലയാളത്തോട് പങ്കുവച്ചു. സൗഹൃദത്തോടെ 'ബ്രോ..' എന്നുവിളിച്ച് സംസാരിക്കുന്ന പ്രശാന്തിനെ കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. ഈ മനുഷ്യനാണോ ഓപ്പറേഷന്‍ ജാവയിലെ ബഷീര്‍ എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയതെന്ന് ഒരുവേള സംശയിച്ചാലും തെറ്റ് പറയാന്‍ പറ്റില്ല. സിനിമയെ സ്വപ്‌നംകണ്ട് അലഞ്ഞുനടക്കുന്നവര്‍ക്കെല്ലാം പ്രശാന്ത് ഒരു വെട്ടമാണ്, കാത്തിരിപ്പുകളെല്ലാം യാഥാര്‍ഥ്യമാകുന്ന ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന സന്ദേശമാണ് ഈ കലാകാരന്‍ നല്‍കുന്നത്.
1. പ്രശാന്തിന്റേത് വളരെ പരിചിതമായ മുഖമാണ്. ടെലിവിഷന്‍ പരിപാടികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു. പക്ഷേ, സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാനും കൂടുതല്‍ ശ്രദ്ധേയമാകാനും തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്തുകൊണ്ടാണ് ഇത്ര വൈകിയത് ? സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടിവന്നതായി തോന്നുന്നുണ്ടോ? അതില്‍ എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ?
ഞാന്‍ ടെലിവിഷനിലും സിനിമയിലും എത്തിയത് 2002 ലാണ്. ഞാന്‍ ഏറ്റവും ആദ്യം പരിചയപ്പെടുന്ന സംവിധായകന്‍ സത്യന്‍ ചേട്ടനാണ് (സത്യന്‍ അന്തിക്കാട്). സത്യേട്ടന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് കോയമ്പത്തൂര്‍ ആണ്. സത്യേട്ടന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. കോയമ്പത്തൂര്‍ പോയി അദ്ദേഹത്തെ നേരില്‍കണ്ടു. നമുക്ക് എന്തെങ്കിലും നല്ലത് ചെയ്യാം, ഈ പടം തുടങ്ങാന്‍ പോകുകയാണ് എന്ന് സത്യേട്ടന്‍ എന്നോട് പറഞ്ഞു. അതുകഴിഞ്ഞ് ഇത്രയും കാലമായിട്ടും സത്യേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. സത്യേട്ടനെ വിളിക്കുമ്പോഴൊക്കെ ഞാന്‍ ഇത് പറയും. അപ്പോള്‍ സത്യേട്ടന്‍ എന്നോട് പറയാറുള്ളത് എല്ലാറ്റിലും അതിന്റേതായ സമയമുണ്ടെന്ന് കേട്ടിട്ടില്ലേ, നമ്മുടെ സമയമാകുമ്പോള്‍ അത് നടക്കും എന്നാണ്. ഈ ചോദ്യത്തിനു മറുപടിയായും സത്യേട്ടന്‍ പറഞ്ഞതാണ് എനിക്ക് ഓര്‍മ വരുന്നത്. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹംപൂണ്ട് നടക്കാന്‍ ഒരു സമയം, ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ ഒരു സമയം, ഡയലോഗ് പറയാനും ചെറിയ കഥാപാത്രം ചെയ്യാനും ഒരു സമയം, വലിയ കഥാപാത്രം ചെയ്യാന്‍ മറ്റൊരു സമയം...എന്റെ ആ സമയം ആയോ എന്ന് ചോദിച്ചാല്‍ അതും പറയാന്‍ പറ്റില്ല. പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോഴാണല്ലോ അതൊക്കെ മനസിലാകുന്നത്. എന്നാലും ഇടക്കാലത്ത് ചില നിരാശകള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അവസരങ്ങള്‍ ലഭിക്കാതെ പോയത് ആരുടെയെങ്കിലും കുഴപ്പംകൊണ്ടോ നെപ്പോട്ടിസം കൊണ്ടോ അല്ല. ചിലപ്പോള്‍ എന്റെ മടി കൊണ്ടോ ഉത്സാഹക്കുറവ് കൊണ്ടോ ഒക്കെയായിരിക്കാം. അതിന് പല കാരണങ്ങളും ഉണ്ടാകാം.
2. ആക്ഷന്‍ ഹീറോ ബിജു, മധുരരാജ, ഓപ്പറേഷന്‍ ജാവ...ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു നെഗറ്റീവ് ഷെയ്ഡ് ഉണ്ട്. പ്രശാന്തിന്റെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇവന്‍ മൊത്തത്തില്‍ ഉടായിപ്പാണല്ലോ, കുത്തിതിരിപ്പ് ആണല്ലോ എന്നൊക്കെ പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. ഏതാണ്ട് ഒരേ ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ പ്രശാന്തിലേക്ക് എത്തുന്നുണ്ടല്ലോ?
2005 ല്‍ ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലാണ് എനിക്ക് ഇത്തരം ഷെയ്ഡുള്ള ഒരു കഥാപാത്രം ലഭിക്കുന്നത്. ആ കഥയിലെ തന്നെ ഏറ്റവും നെഗറ്റീവായ കഥാപാത്രമാണ് എനിക്ക് കിട്ടിയത്. ലാല്‍ ജോസിനെ പോലുള്ള സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു എന്നതിനപ്പുറം കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഈ ചോദ്യം ചോദിക്കുന്ന നിമിഷംവരെയും ചെയ്യുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവ് മാത്രമാണല്ലോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒരു അവസരമുണ്ടല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. ഇങ്ങനെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാനുള്ള കാരണം എന്താണ് എന്ന് ചോദിച്ചാല്‍ സിനിമയില്‍ രൂപങ്ങള്‍ ആണ് ആദ്യം കാസ്റ്റ് ചെയ്യപ്പെടുന്നത്. എന്റെ രൂപത്തിനു ചിലപ്പോള്‍ ഉടായിപ്പ് ലുക്കുണ്ടാകും (ചിരിക്കുന്നു). എന്നെ കാണിക്കുമ്പോള്‍ തന്നെ എന്റെ ലുക്ക് വച്ച് ആ കഥാപാത്രം പകുതി കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടാകും. ബാക്കി ക്യാരക്ടറിലൂടെ കമ്യൂണിക്കേറ്റ് ചെയ്താല്‍ മതിയല്ലോ. ഈ ഉടായിപ്പ് ലുക്ക് വച്ച് ഞാന്‍ വളരെ സിന്‍സിയര്‍ ആയിട്ടുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. അനുഗ്രഹീതന്‍ ആന്റണി, അവരുടെ രാവുകള്‍, പളുങ്ക്, ബെസ്റ്റ് ആക്ടര്‍, ഒരു മുറൈ വന്ത് പാര്‍ത്തായ, ചെമ്പരത്തിപ്പൂവ് എന്നീ സിനിമകളിലെ വേഷങ്ങളെല്ലാം അങ്ങനെയാണ്. എന്നാല്‍, ആ കഥാപാത്രങ്ങള്‍ക്കൊന്നും ഇത്രയും ആഴമുണ്ടായിരുന്നില്ല. ഉടായിപ്പ് വേഷങ്ങള്‍ കണ്‍വെ ചെയ്യാന്‍ എന്റെ രൂപം സഹായിക്കുന്നുണ്ടാകും. ഈ രൂപത്തില്‍ നിന്ന് പോസിറ്റീവ് വേഷങ്ങള്‍ കിട്ടിയാല്‍ എങ്ങനെ ചെയ്യുമെന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ ചലഞ്ച്.
3. ഓപ്പറേഷന്‍ ജാവയിലേക്ക് എത്തുന്നത് എങ്ങനെയാണ് ? സംവിധായകന്റെ ആദ്യ ചോയ്‌സ് പ്രശാന്ത് തന്നെയായിരുന്നോ?
ഈ ചോദ്യത്തിനുള്ള ഉത്തരം തരുണ്‍ മൂര്‍ത്തിയാണ് (ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍) പറയേണ്ടത്. മൂന്ന് വര്‍ഷം മുന്‍പ് വളരെ യാദൃച്ഛികമായി ഞാന്‍ തരുണിനെ കണ്ടുമുട്ടിയപ്പോള്‍ ചെറിയൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ട്, ചേട്ടനൊരു വേഷമുണ്ട്, വന്ന് സഹകരിക്കണം എന്ന് എന്നോടു പറഞ്ഞു. തിരക്കഥയായപ്പോള്‍ തരുണ്‍ എനിക്ക് അയച്ചുതന്നു. ഞാനത് വായിച്ചു, അഭിപ്രായം പറഞ്ഞു. എനിക്ക് വേണ്ടി വച്ചിരിക്കുന്ന ക്യാരക്ടര്‍ എന്താണ് എന്ന് ചോദിച്ചു. തിരക്കഥ വായിച്ചപ്പോള്‍ ഏതാണ്ട് ഒരു ഊഹം കിട്ടിയിരുന്നു ബഷീര്‍ എന്ന ക്യാരക്ടര്‍ ആയിരിക്കും എനിക്കുള്ളതെന്ന്. നേരത്തെ, ചോദിച്ചപോലെ എന്റെ ഉടായിപ്പ് രൂപഭാവം വച്ചായിരിക്കും അത്. ബഷീര്‍ എന്ന ക്യാരക്ടര്‍ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് തരുണ്‍ എന്നോട് ചോദിച്ചു, ഞാന്‍ ചിരിച്ചു. ഓക്കെ, നീ എന്താണോ ആഗ്രഹിക്കുന്നത് ഞാന്‍ അത് ചെയ്യും എന്ന് തരുണിന് മറുപടി കൊടുത്തു. ഇതില്‍ നിന്ന് ഇഷ്ടമുള്ള കഥാപാത്രം ചേട്ടന് സെലക്ട് ചെയ്യാമെന്നാണ് തരുണ്‍ എന്നോട് പറഞ്ഞത്. ഇല്ല, അത് സംവിധായകന്റെ തിരഞ്ഞെടുപ്പാണെന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ തരുണ്‍ പറഞ്ഞു ബഷീര്‍ തന്നെ പിടിക്കാമെന്ന്. ഇതാണ് എന്റെ അറിവില്‍ നടന്ന പ്രൊസസ്. മറ്റേതെങ്കിലും പ്രൊസസ് ഉണ്ടായിരുന്നോ എന്ന് തരുണിനോട് ചോദിച്ചാലേ അറിയൂ.
4. ഓപ്പറേഷന്‍ ജാവ കണ്ടോണ്ടിരിക്കുമ്പോള്‍ ഏറ്റവും വെറുപ്പ് തോന്നിയ കഥാപാത്രമായിരുന്നു പ്രശാന്തിന്റേത്, അത് തന്നെയാണ് നിങ്ങളിലെ അഭിനേതാവിന്റെ വിജയവും. സിനിമ കണ്ട ശേഷം പൊതുവെ ലഭിച്ച അഭിപ്രായങ്ങള്‍ എങ്ങനെയാണ്? വീട്ടിലുള്ളവര്‍ ഇത്തരം കഥാപാത്രങ്ങള്‍ കാണുമ്പോള്‍ എന്താണ് കമന്റ് ചെയ്യാറുള്ളത്?
ഈ പറഞ്ഞ അഭിപ്രായം തന്നെയാണ് പ്രേക്ഷകരുടെയും. വീട്ടുകാര്‍ പറഞ്ഞത് കൂടുതലായി ഒന്നും അഭിനയിക്കേണ്ടി വന്നില്ലല്ലോ എന്നാണ് (ചിരിക്കുന്നു). കാരണം, കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ എന്ന് പറഞ്ഞ പോലെയാണ് അത്. എന്നെ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന വീട്ടുകാര്‍ക്ക് എന്റെ തിന്മകളും നന്മകളും കൃത്യമായി അറിയാം. എന്റെ തിന്മകളുടെ പ്രകടമായ ഒരു വേര്‍ഷനായിരിക്കാം ചിലപ്പോള്‍ ഓപ്പറേഷന്‍ ജാവയിലെ ബഷീര്‍ എന്ന കഥാപാത്രം. അമ്മ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചത്, 'എന്തൊരു സാധനമാണ് നീ..ഇത്രയും ചൊറിയനാണോ?' എന്നാണ്. ഞാന്‍ അമ്മയോട് ചോദിച്ചു 'ജീവിതത്തില്‍ ഞാന്‍ അത്രയും ചൊറിയനാണോ,' എന്ന്! അപ്പോള്‍ അമ്മ പറഞ്ഞത് 'ഇത്രയൊന്നും ഇല്ലെങ്കിലും ഏറെക്കുറെ,' എന്റെ തന്നെ ഇടയ്ക്കെയുള്ള സ്വഭാവത്തിന്റെ ഫുള്‍ വേര്‍ഷന്‍ ആയിരിക്കാം ഞാന്‍ സിനിമയില്‍ ചെയ്തത്...
പിന്നെ, പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ എനിക്ക് വലിയ ആത്മസംതൃപ്തി നല്‍കുന്നു. കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജമാണ് എല്ലാവരില്‍ നിന്നും കിട്ടുന്നത്.
5. നേരത്തെ പറഞ്ഞതുപോലെ സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കുറേ വര്‍ഷം കാത്തിരിക്കേണ്ടി വന്നല്ലോ, നല്ലതിനായുള്ള കാത്തിരിപ്പ് എപ്പോഴെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടോ ? അഭിനയമോഹവും മറ്റും ഉപേക്ഷിച്ച് വേറെ വല്ല പരിപാടി നോക്കിയാലോ എന്ന് തോന്നിയ സമയമുണ്ടോ?
സിനിമയില്‍ അവസരം ഇല്ലാത്തതിന്റെ പേരില്‍ മാത്രം ഇങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. എന്നാല്‍, വേറെ പല കാരണങ്ങള്‍ കൊണ്ട് അത് ചിന്തിച്ചിട്ടുണ്ട്. വേറെ ജോലി നോക്കിയാലോ, വേറെ എവിടേക്കെങ്കിലും പോയാലോ എന്നൊക്കെ. ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്, ചാക്കില്‍ കെട്ടിയ പൂച്ചയെ എത്ര ദൂരത്ത് കൊണ്ടു പോയി കളഞ്ഞാലും തിരിച്ച് ഉടമസ്ഥന്റെ അടുത്ത് തന്നെ എത്തും. ഇതാണ് സിനിമയില്‍ നിന്ന് പോകുന്നവന്റെയും അവസ്ഥ. എങ്ങനെ അകന്നുപോയോ അതിനേക്കാള്‍ ശക്തിയോടെ തിരിച്ചുവരാന്‍ ശ്രമിക്കും. അങ്ങനെ വരാന്‍ സാധിക്കാത്തവര്‍ എന്നും അസ്വസ്ഥരായിരിക്കും. എന്നെ സംബന്ധിച്ച് ഞാന്‍ പഠിച്ചത് സിനിമയാണ്. എനിക്ക് വേറൊരു ജോലി അറിയില്ല. എന്തെങ്കിലും അറിയാമെങ്കില്‍ ടെലിവിഷനും സിനിമയും ആയി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ വിട്ട് വേറെ ജോലി ചെയ്‌തെടുക്കാന്‍ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ 2015 ന് ശേഷമാണ് സിനിമയില്‍ കൂടുതല്‍ സജീവമായത്. അതുവരെ സിനിമയുടെ അണിയറയില്‍ ചെയ്യാന്‍ പറ്റുന്ന കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
6. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം ഉണ്ടോ?
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാനദണ്ഡങ്ങള്‍ നോക്കിയിരുന്നെങ്കില്‍ ദണ്ണപ്പെട്ട് ഇരിക്കേണ്ടിവന്നേനെ! കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അങ്ങനെ പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല. കിട്ടുന്ന വേഷങ്ങള്‍ എല്ലാം ചെയ്യുക. സിനിമയിലെ പല സുഹൃത്തുക്കളും ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം മെസേജ് അയക്കുന്നുണ്ട് ഇനി സൂക്ഷിച്ച് സിനിമ തിരഞ്ഞെടുക്കണം എന്നൊക്കെ. സോഷ്യല്‍ മീഡിയയില്‍ മെസേജ് അയക്കുന്നവരും അത് പറയുന്നുണ്ട്. എല്ലാവരെയും ശ്രദ്ധയോടെ കേള്‍ക്കുന്നു. ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ല. പലതും സംഭവിക്കുന്നതാണ്.
7. ഓപ്പറേഷന്‍ ജാവയിലെ പല താരങ്ങളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ പ്രശാന്തിനെ കുറിച്ച് നൂറ് നാവാണ്. സിനിമയില്‍ പരുക്കനും വെറുപ്പ് തോന്നുന്നതുമായ കഥാപാത്രങ്ങളാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ വളരെ സൗഹൃദവും സ്‌നേഹവും കാണിക്കുന്ന വ്യക്തിയാണ് പ്രശാന്ത് എന്നാണ് പൊതുവെ എല്ലാവരും പറഞ്ഞത്. ചെയ്യുന്ന കഥാപാത്രങ്ങളും യഥാര്‍ഥ ജീവിതത്തിലെ പ്രശാന്തും രണ്ട് എക്‌സ്ട്രീമുകളില്‍ നില്‍ക്കുന്നതാണോ?
നമ്മുടെ സ്വഭാവത്തിലെ ദോഷങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് വേഗം പറ്റും. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് അഹങ്കാരമുണ്ട്, തന്നിഷ്ടത്തിനു തന്നിഷ്ടമുണ്ട്, ഈഗോയുണ്ട്, കോംപ്ലക്‌സുണ്ട്, കാര്‍ക്കശ്യമുണ്ട്... എന്റെ നെഗറ്റീവ്‌സ് ഒക്കെ എനിക്ക് തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. പലപ്പോഴും എന്റെ സ്വഭാവത്തിലെ നെഗറ്റീവ്‌സ് പുറത്തുകാണാറുമുണ്ട്. ചെയ്യുന്ന പല ക്യാരക്ടറിലും എന്റെ സ്വഭാവമുണ്ടായിരിക്കാം. എന്നെ കുറിച്ച് ആളുകള്‍ നല്ലത് പറയുമ്പോള്‍ എനിക്കതില്‍ സന്തോഷമുണ്ട്. കാരണം, എന്നെ കുറിച്ച് ആരും നല്ലത് പറയാത്ത ഒരു കാലമുണ്ടായിരുന്നു. അടുത്തറിയുന്നവര്‍, സുഹൃത്തുക്കള്‍ മാത്രമായിരിക്കാം എന്റെ കുറവുകളെ സഹിച്ച് എന്നെ സ്‌നേഹിച്ചിട്ടുള്ളത്. എന്തെങ്കിലും നന്മയുള്ളതുകൊണ്ടായിരിക്കാം അവരൊക്കെ സ്‌നേഹിച്ചത്. അങ്ങനെ ഉള്ളിടത്തു നിന്ന് കുറച്ചധികം പേരൊക്കെ നല്ലത് പറയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ എന്നില്‍ കുറച്ച് നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. നല്ലത് പറയുന്ന ആള്‍ക്കാരുടെ എണ്ണം കൂടണമെന്നതാണ് പ്രാര്‍ത്ഥന.
8. പുതിയ പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
തിയറ്റര്‍ ഓപ്പണ്‍ ആയാലേ പുതിയ പ്രൊജക്ടിനെ കുറിച്ച് പറയാന്‍ പറ്റൂ. ഇതേ ചോദ്യം ജനുവരിയിലാണ് ചോദിച്ചിരുന്നെങ്കില്‍ മേയ് വരെ എനിക്ക് അഞ്ചാറ് പ്രൊജക്ട് ഉണ്ടായിരുന്നു. മാര്‍ച്ചിലാണ് ചോദിച്ചിരുന്നെങ്കില്‍ ജൂണ്‍, ജൂലൈ വരെ പ്രൊജക്ട് ഉണ്ടായിരുന്നു. അതൊന്നും നടന്നിട്ടില്ല. ലോക്ക്ഡൗണിന് ശേഷമേ ഏതൊക്കെ പ്രൊജക്ട് നടക്കും എന്നൊക്കെ അറിയാന്‍ പറ്റൂ. സിനിമ മേഖല പണ്ടത്തെ പോലെ സജീവമാകണം. ഭയമില്ലാതെ ജനങ്ങള്‍ ആശ്ലേഷിക്കുന്ന അവസ്ഥയിലേക്ക് എത്തണം. എങ്കിലേ വിനോദരംഗത്തിന് ഉണര്‍വ് ഉണ്ടാകൂ.
9. സിനിമയിലെ സ്വപ്‌നങ്ങള്‍ എന്താണ്?
സിനിമയിലെ സ്വപ്നങ്ങളെ കുറിച്ച് ചോദിച്ചാല്‍ മലയോളം കണ്ടാലേ കുന്നോളം കിട്ടൂ എന്നല്ലേ നമ്മള്‍ പറയുക. എന്നാല്‍, ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണാത്ത മനുഷ്യനാണ്. വരുന്നത് എന്തായാലും അതിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍ ശീലിച്ച ഒരാള്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാനങ്ങനെ ശീലിച്ചു പോകുന്ന ആളാണ്. അതിനു മുന്‍പ് വലിയ വലിയ സ്വപ്നങ്ങളൊക്കെ ഉണ്ടായിരുന്നു. വരുന്നത് നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും അതൊക്കെ അതേപടി സ്വീകരിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകുകയാണ് നല്ലതെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. നല്ലത് സംഭവിക്കട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
10. കുടുംബത്തെ കുറിച്ച്? സിനിമ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ വീട്ടുകാര്‍ നല്‍കിയ പിന്തുണ എത്രത്തോളമുണ്ട്?
ഞാന്‍ ഇങ്ങനെയായിരിക്കുന്നത് കുടുംബം തന്ന പിന്തുണയും സ്‌നേഹവും കൊണ്ടാണ്. ചെറുപ്പം മുതലേ മോണോ ആക്ടും മിമിക്രിയുമൊക്ക ഞാന്‍ ചെയ്തിരുന്നു. നീയൊരു കലാകാരനല്ലേ, കല പഠിക്കാന്‍ പോകൂ എന്ന് പറഞ്ഞ് എന്നെ മീഡിയ കമ്യൂണിക്കേഷന്‍ കോഴ്‌സിന് പോകാന്‍ നിര്‍ബന്ധിക്കുന്നത് എന്റെ പിതാവാണ്. എന്റെ കരിയറില്‍ ഞാന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു സംഭവമുണ്ട്. അച്ഛനുറങ്ങാത്ത വീട് റിലീസ് ആയ സമയത്ത് എന്റെ പപ്പ കോട്ടയത്ത് ഒറ്റയ്ക്ക് പോയാണ് സിനിമ കണ്ടത്. വീട്ടിലേക്ക് തിരിച്ചെത്തിയ പപ്പ എന്നെ ചേര്‍ത്തുപിടിച്ച് ഒരു ഉമ്മ തന്നു. ആ ഉമ്മ ഞാന്‍ എല്ലാ കാലവും ഓര്‍ത്തിരിക്കുന്ന മനോഹര നിമിഷമാണ്.
പപ്പ കെ.പി.അലക്‌സാണ്ടര്‍ വൈദികന്‍ ആയിരുന്നു. പുരോഹിതന്‍മാരുടെ മക്കള്‍ സിനിമയിലേക്ക് പോകുന്നത് ഒരു തെറ്റായി കണ്ടിരുന്ന കാലത്താണ് എന്റെ പപ്പ എന്നെ സിനിമ പഠിക്കാന്‍ വിടുന്നത്. പത്ത് വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപോയി. അമ്മ ലീലാമ്മ റിട്ടയേര്‍ഡ് അധ്യാപികയാണ്. ഭാര്യ ഷീബ തിരുവല്ല മാര്‍തോമ്മാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന രക്ഷിത്, മൂന്ന് വയസുകാരന്‍ മന്നവ് എന്നിവരാണ് മക്കള്‍.