Publish Date: Mon, 14 Sep 2020 (13:50 IST)
Updated Date: Mon, 14 Sep 2020 (13:52 IST)
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് 'മിഥുനം'. ചെറുകിട വ്യവസായം തുടങ്ങാനായി ഓഫീസുകൾ തോറും കയറിയിറങ്ങുന്ന സേതുമാധവനെയും പ്രേമനെയും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. സേതുമാധവൻറെ ഭാര്യ സുലോചനയായി എത്തിയത് ഉർവ്വശി ആയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും പിന്നീട് വിവാഹത്തിന് ശേഷമുള്ള പിണക്കങ്ങളും ഇണക്കങ്ങളും രസകരമായ രീതിയിലാണ് പ്രിയദർശൻ സിനിമയിലൂടെ വരച്ചു കാണിച്ചത്. ഈ ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും കൂടി നായികയെ പായയില്‍ ചുരുട്ടിയെടുത്ത് കടത്തുന്ന സീനിനെ കുറിച്ച് പറയുകയാണ് ഉർവ്വശി.
“പലരും ഈ സീനിൽ ഡ്യൂപ്പ് ആയിരുന്നോ എന്ന് ചോദിച്ചിട്ടുണ്ട്. അവർക്ക് 'അല്ല' എന്നാണ് മറുപടിയാണ് നൽകിയത്. ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍. ആ സീനില്‍ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവര്‍ രണ്ടു പേരും കൂടി ചുമന്ന് കൊണ്ടുനടന്നത്. ലാലേട്ടനേക്കാള്‍ ശ്രീനിയേട്ടന് പൊക്കം കുറവായതിനാല്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു ഭാരം ഏറെയും. ലോകത്ത് ഒരു നായികയും പായയില്‍ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്” - ഉർവ്വശി പറയന്നു.