ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നടി ശാരദ. ഇന്ന് ശാരദയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണ്. മലയാളസിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന ശാരദ ഒരു കാലഘട്ടത്തിൻറെ നായിക കൂടി ആയിരുന്നു.
തെലുങ്കു കർഷകകുടുംബത്തിൽ ജനിച്ച നടിയുടെ ആദ്യകാല പേര് സരസ്വതി ദേവി എന്നായിരുന്നു. ശാരദയെ നടി ആക്കണമെന്നത് ശാരദയുടെ അമ്മയുടെ ആഗ്രഹം ആയിരുന്നു. അതിനായി ആറാം വയസ്സിൽ തന്നെ മകളെ ഡാൻസ് പഠിപ്പിച്ചു. പിന്നീട് നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ശാരദ പതിയെ സിനിമ സിനിമാരംഗത്തേക്ക് ചുവടുവച്ചു. 'കന്യ സുല്‍ക്കം' എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി പിന്നീട് മലയാളത്തിൽ ഒരു പിടി നല്ല സിനിമകളുടെ ഭാഗമായി.
1961ൽ പുറത്തിറങ്ങിയ 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാള സിനിമയിലേക്ക് എത്തിയത്. തുലാഭാരം, സ്വയംവരം എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ശാരദ മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ കൊണ്ടുവന്നു. 'നിമഞ്ജന' എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മൂന്നാമത്തെ ദേശീയപുരസ്‌കാരം ശാരദയെ തേടിയെത്തിയത്. 350ലേറെ ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചു.