കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...
ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്‌സിനാണ് മുലപ്പാല്‍. കുഞ്ഞിന് ആറുമാസംവരെ മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. കുഞ്ഞിന് മുലപ്പാലിന്റെ ഗുണം ആവോളം കിട്ടാന്‍ വേണ്ടിയാണ്.
കുഞ്ഞിന്റെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അനിവാര്യമാണ്. പലപ്പോഴും അമ്മമാര്‍ മുലപ്പാല്‍ നല്‍കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല. മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയെന്നു നോക്കിയാലോ?
മുലപ്പാല്‍ കൊടുക്കുമ്പോള്‍ കുട്ടിയുടെ ശിരസ് അമ്മയുടെ കൈമുട്ടിന്റെ ഉള്‍ഭാഗത്തായി വരണം. കഴുത്തും പുറംഭാഗവും കൈത്തണ്ടയിലും പൃഷ്ഠഭാഗം കൈയിലും ആയിരിക്കണം. ഇങ്ങനെ എടുക്കുമ്പോള്‍ കുഞ്ഞിന്റെ വയറും അമ്മയുടെ വയറും ചേര്‍ന്നിരിക്കും. കുട്ടിയുടെ നെഞ്ച് അമ്മയുടെ നെഞ്ചിനോടു ചേര്‍ന്നിരിക്കണം. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. അമ്മ കുഞ്ഞിനെ എടുത്തിരിക്കുമ്പോള്‍ കുഞ്ഞിന്റെ ചുണ്ട് അമ്മയുടെ സ്തനങ്ങളില്‍ സ്പര്‍ശിക്കണം.
അമ്മമാര്‍ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു.ഒരിക്കലും കിടന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടാന്‍ പാടില്ല. കിടന്ന് മുലയൂട്ടുമ്പോള്‍ പാല്‍ ശിരസില്‍ കയറി ചുമയും ശ്വാസതടസവും ഉണ്ടാക്കും. ന്യൂമോണിയയ്ക്കും കാരണമാകാം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിന്റെ മുതുകില്‍ പതുക്കെ തട്ടി വയറിനുള്ളില്‍ അടിഞ്ഞു കൂടിയ ഗ്യാസ് പുറത്ത് കളയേണ്ടതാണ്.