ദിവ്യമായ വാല്‍നക്ഷത്രം നോക്കി തിരുപ്പിറവി തേടിയാണ് ശാസ്ത്രജ്ഞന്‍മാരും രാജാക്കന്‍മാരും പുരോഹിതന്‍മാരും പോയതെങ്കിലും യഥാര്‍ത്ഥത്തില്‍ ബത്‌ലഹെമിലെ കാലിത്തൊഴുത്തില്‍ പിറവിയെടുത്തത് പുതിയ ആദ്ധ്യാത്‌മികതയും ദര്‍ശനങ്ങളുമായിരുന്നു. സ്നേഹവും കാരുണ്യവും സഹാനുഭൂതിയും പ്രകാശിപ്പിക്കുന്ന ഓരോ പുതിയ ക്രിസ്മസ് ഓര്‍മ്മിപ്പിക്കുന്നതും നവ്യവും നൂതനവുമായ ആദ്ധ്യാത്മികതയാണ്.
ആര്‍ഭാടത്തിന്‍റെ മേലങ്കിയില്ലാത്ത വൃത്തി ഹീനമായ കാലിത്തൊഴുത്തിലാണ് രക്ഷകന്‍ പിറന്നു വീണത്. ദിവ്യ ശിശുവിനെ ആദ്യമായി കാണാനെത്തിയതാകട്ടെ ആട്ടിടയന്‍മാരും. ഏതെല്ലാം സമൃദ്ധിക്കള്‍ക്കിടയിലും ദൈവപുത്രന്‍ പിറക്കാനായി തെരഞ്ഞെടുത്തത് ദാരിദ്ര്യമായിരുന്നു.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും സന്‍മനസ്സുള്ളവരുമാണ് തിരുപ്പിറവിക്കായി കാത്തിരിക്കുന്നത്. ലാളിത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പുത്തന്‍ പാഠങ്ങള്‍ ക്രിസ്‌മസ് പകരുന്നു. ദൈവ സ്നേഹത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും സമ്മിശ്രണമാണ് ക്രിസ്മസ്.
നാം നമ്മെത്തെന്നെ ദൈവത്തിനായി നല്‍കുക എന്ന സന്ദേശമാണ് ക്രിസ്‌മസ് നല്‍കുന്നത്. ആത്‌മാവിനെ തിരയാനുള്ള പുതിയ ജീവിത ക്രമത്തിലേക്ക് ക്രിസ്മസ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. നവീന ആത്‌മീയതയുടെ പിറവിയാണിത്. ലാഭം നോക്കാതെ ചേതം പിടിക്കാനുള്ള അവനവനിലേക്കുള്ള ഒരു ഉള്‍ക്കാഴ്ച അതു പ്രദാനം ചെയ്യുന്നു.
എല്ലാത്തിനോടും ശത്രുതാമനോഭാവം വെടിയാനും സ്നേഹിക്കാനുമാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്. ദൈവം അങ്ങനെയാണ് പഠിപ്പിച്ചത്. ശത്രുത തീണ്ടാതെ വിനയവും എളിമയുമുള്ള മനസ്സിനുടമകളാകാനും പശ്ചാത്തപിക്കാനും നവ സൃഷ്ടിയാകുവാനുമുള്ള അവസരമാണ് ക്രിസ്മസ്. ശത്രുത മറന്ന പരസ്പര സ്നേഹമാണ് ജീവിതത്തിലൂടെ ക്രിസ്തു പ്രകാശിപ്പിച്ചത്. ഹൃദയം നിര്‍മ്മലമാകുന്നതോടൊപ്പം ശിശു സഹജമായ നിഷ്ക്കളങ്കതയാണ് രക്ഷകന്‍ ഓരോരുത്തരിലും തിരയുന്നത്.