ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ആമിർ ഖാൻ. ലാൽ സിങ് ഛദ്ദയാണ് ആമിറിൻ്റെയായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ സിനിമാ റിലീസിന് മുൻപെ ദുരിതപൂർണ്ണമായ തൻ്റെ ചെറുപ്പക്കാലത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് എത്തുന്നതിന് മുൻപ് സ്കൂൾ ഫീ പോലും കെട്ടാൻ പണമില്ലാതിരുന്ന ഒരു ചെറുപ്പകാലം തനിക്കുണ്ടായിരുന്നുവെന്ന് ആമിർ പറയുന്നു.
ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരം തുറന്ന് പറഞ്ഞത്. തൻ്റെ കുടുംബം കടക്കെണിയിലായി എട്ട് വർഷം ഉണ്ടായ പ്രതിസന്ധികളെ പറ്റിയാണ് താരം മനസ് തുറന്നത്. സ്കൂൾ പഠിക്കുമ്പോൾ ആറാം ക്ലാസിൽ ആറ് രൂപ, ഏഴാം ക്ലാസിൽ ഏഴുരൂപ, എട്ടാം ക്ലാസിൽ എട്ടുരൂപ എന്നരീതിയിലായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. താനും സഹോദരങ്ങളും എപ്പോഴും ഫീസ് നൽകാൻ വൈകും. ഫീ അടയ്ക്കാൻ സാധിക്കാത്തതിനാൽ സ്കൂൾ അസംബ്ലിയിൽ വെച്ച് എല്ലാവരുടെയും മുന്നിൽ വെച്ച് പേര് വിളിക്കുന്ന സാഹചര്യം പോലും ഉണ്ടായി ആമിർ പറയുന്നു.
സിനിമാ നിർമാതാവായ താഹിർ ഹുസ്സൈന്റേയും സീനത്ത് ഹുസ്സൈന്റേയും മകനാണ് ആമിർ. ഫൈസൽ ഖാൻ, ഫർഹത്ത് ഖാൻ, നിഖാത്ത് ഖാൻ എന്നിവരാണ് സഹോദരങ്ങൾ. 1973-ൽ യാദോം കി ബാരാത്ത് എന്ന സിനിമയിൽ ബാലതാരമായാണ് ആമിർ അഭിനയരംഗത്തേക്കെത്തിയത്. 1998ൽ ഖയാമത്ത് സേ ഖയമാത്ത് തക് എന്ന സിനിമയിലൂടെയാണ് നായകനായത്.