ഓപ്പറേഷന്‍ ജാവയിലെ ബഷീര്‍ സാര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് അലക്‌സാണ്ടര്‍ പ്രശാന്ത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ തന്നിലേക്ക് വരുന്നത് തന്റെ രൂപത്തിനു ഉടായിപ്പ് ലുക്കുള്ളതുകൊണ്ട് ആയിരിക്കാമെന്നാണ് പ്രശാന്ത് പറയുന്നത്.
'2005 ല്‍ ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലാണ് എനിക്ക് ഇത്തരം ഷെയ്ഡുള്ള ഒരു കഥാപാത്രം ലഭിക്കുന്നത്. ആ കഥയിലെ തന്നെ ഏറ്റവും നെഗറ്റീവായ കഥാപാത്രമാണ് എനിക്ക് കിട്ടിയത്. ലാല്‍ ജോസിനെ പോലുള്ള സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു എന്നതിനപ്പുറം കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഈ ചോദ്യം ചോദിക്കുന്ന നിമിഷംവരെയും ചെയ്യുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവ് മാത്രമാണല്ലോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒരു അവസരമുണ്ടല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. ഇങ്ങനെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാനുള്ള കാരണം എന്താണ് എന്ന് ചോദിച്ചാല്‍ സിനിമയില്‍ രൂപങ്ങള്‍ ആണ് ആദ്യം കാസ്റ്റ് ചെയ്യപ്പെടുന്നത്. എന്റെ രൂപത്തിനു ചിലപ്പോള്‍ ഉടായിപ്പ് ലുക്കുണ്ടാകും (ചിരിക്കുന്നു). എന്നെ കാണിക്കുമ്പോള്‍ തന്നെ എന്റെ ലുക്ക് വച്ച് ആ കഥാപാത്രം പകുതി കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടാകും. ബാക്കി ക്യാരക്ടറിലൂടെ കമ്യൂണിക്കേറ്റ് ചെയ്താല്‍ മതിയല്ലോ,' വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രശാന്ത് പറഞ്ഞു.
'ഈ ഉടായിപ്പ് ലുക്ക് വച്ച് ഞാന്‍ വളരെ സിന്‍സിയര്‍ ആയിട്ടുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. അനുഗ്രഹീതന്‍ ആന്റണി, അവരുടെ രാവുകള്‍, പളുങ്ക്, ബെസ്റ്റ് ആക്ടര്‍, ഒരു മുറൈ വന്ത് പാര്‍ത്തായ, ചെമ്പരത്തിപ്പൂവ് എന്നീ സിനിമകളിലെ വേഷങ്ങളെല്ലാം അങ്ങനെയാണ്. എന്നാല്‍, ആ കഥാപാത്രങ്ങള്‍ക്കൊന്നും ഇത്രയും ആഴമുണ്ടായിരുന്നില്ല. ഉടായിപ്പ് വേഷങ്ങള്‍ കണ്‍വെ ചെയ്യാന്‍ എന്റെ രൂപം സഹായിക്കുന്നുണ്ടാകും. ഈ രൂപത്തില്‍ നിന്ന് പോസിറ്റീവ് വേഷങ്ങള്‍ കിട്ടിയാല്‍ എങ്ങനെ ചെയ്യുമെന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ ചലഞ്ച്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്‍ അലക്‌സാണ്ടര്‍ പ്രശാന്തുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക