എന്തുകൊണ്ട് മലയാളത്തിൽ സിനിമകൾ ചെയ്യുന്നില്ല?, സംതൃപ്തി തരുന്ന സ്ക്രിപ്റ്റുകൾ വരുന്നില്ലെന്ന് ജയറാം
ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലാണ് മലയാളത്തില്‍ ജയറാം അവസാനമായി അഭിനയിച്ചത്.
മലയാളികള്‍ക്ക് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ പോലെ തന്നെ പ്രിയപ്പെട്ട നായകനടനാണ് ജയറാം. വര്‍ഷങ്ങളായി തന്റെ അഭിനയജീവിതത്തില്‍ മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജയറാം മലയാളത്തില്‍ ഇന്ന് അത്ര കണ്ട് സജീവമല്ല. അതേസമയം തമിഴിലും തെലുങ്കിലുമായി ഒട്ടെറെ സിനിമകളില്‍ ജയറാം ഭാഗമാണ്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലാണ് മലയാളത്തില്‍ ജയറാം അവസാനമായി അഭിനയിച്ചത്. എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഞാനൊരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. എന്തുകൊണ്ടാണ്‍ ് എബ്രഹാം ഓസ്ലര്‍ക്ക് ശേഷം മറ്റൊരു മലയാള സിനിമ ചെയ്യുന്നില്ലെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല മനസിന് 100 % സംതൃപ്തി നല്‍കുന്ന സ്‌ക്രിപ്റ്റുകള്‍ വരാത്തത് കൊണ്ടാണ്. ആ ഇടവേളകളില്‍ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ നിന്ന് അപ്രധാനമല്ലാത്ത എന്നാല്‍ നായകന് തുല്യമല്ലാത്ത ഒട്ടേറെ ഓഫറുകള്‍ വന്നു. ഇപ്പോഴും വരുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ജൂഡ് ആന്റണി ജോസഫ് ആശകള്‍ ആയിരം എന്ന സിനിമയുമായി തന്റെ അടുത്ത് വന്നതെന്നും ജയറാം പറയുന്നു.
ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയൊരുക്കിയ ജി പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സിനിമയിലെ ക്രിയേറ്റീവ് ഡയറക്ടറാണ് ജൂഡ് ആന്റണി ജോസഫ്. ജയറാമും മകന്‍ കാളിദാസ് ജയറാമും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന സിനിമ കൂടിയാണ് ആയിരം ആശകള്‍.